മലപ്പുറം: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിനുമുന്നില്‍ നടന്ന അനിശ്ചിതകാല ധര്‍ണാസമരം ഇന്നലെ ഉപവാസത്തോടെ താല്കാലികമായി സമാപിച്ചു. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ മുഴുവന്‍ തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കമ്മനം രാജശേഖരന് പറഞ്ഞു. ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രഭൂമിയും ക്ഷേത്ര സ്വത്തുകളും മാത്രമേ ഹൈന്ദവ സമൂഹം ചോദിക്കുന്നുള്ളൂ. ഹൈന്ദവ ക്ഷേത്ര സ്വത്തുകള്‍ കൊള്ളയടിക്കുകയും അവസാനം ഹൈന്ദവര്‍ക്കെതിരെ തിരിയുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നു കാണുന്നത്. ഇക്കാര്യത്തില്‍ ഹൈന്ദവ സമൂഹം ബോധവാന്മാരാകണം.
പൊതുജനങ്ങളുടെ വികാരത്തിനാണോ അതോ ധനാഢ്യമാരുടെ തീരുമാനത്തിനാണോ വിലയെന്ന് ഭരണകൂടം വ്യക്തമാക്കണം. ഹൈന്ദവരുടെ ന്യായമായ അവകാശങ്ങള്‍ ചോദിക്കാനും സംസാരിക്കാനും മന്ത്രിസഭയില്‍ ആരും ഇല്ല. അതെ സമയം ഇതര മതസ്ഥരുടെ കാര്യങ്ങള്‍ നോക്കാന്‍ മുസ്ലിം മന്ത്രിയും ക്രിസ്ത്യന്‍ മന്ത്രിയും ഉണ്ട്. ഈ സംഘടിത ന്യൂനപക്ഷങ്ങളാണ് കേരള ഖജനാവിലെ 80 ശതമാനം വരുന്ന റവന്യു വരുമാനവും കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളവരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ഭരണം തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കൊണ്ടുപോകുകയും ചെയ്യുന്നതാണ് ഇന്ന് കാണുന്നത്. വലിയൊരു വിഭാഗം വരുന്ന ഹിന്ദുക്കള്‍ വോട്ടുചെയ്ത് ജയിപ്പിച്ചവരാണ് കേരളത്തിലെ എല്ലാ എംഎല്‍എ മാരും മന്ത്രിമാരും. എന്നാല്‍ അവര്‍ക്ക് വേണ്ട പരിഗണന ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മനോരമകുടുംബം ക്ഷേത്രഭൂമി സന്തോഷത്തോടുകൂടി വിശ്വാസികള്‍ക്ക് വിട്ടുതരികയാണ് വേണ്ടത്. ക്ഷേത്ര ഭൂമി അന്യായമായി കൈവശം വെക്കുന്നത് കോടിക്കണക്കിന് ഹൈന്ദവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഏറ്റുമുട്ടലിലൂടെ മാത്രമെ ഭൂമി വിട്ടുതരികയുള്ളുവെന്ന ശാഠ്യം വെടിയുന്നതാണ് നല്ലത്.
ഏതുരീതിയില്‍ വേണമെങ്കിലും ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈന്ദവ സമൂഹത്തിന് കഴിയും. എന്നാല്‍ ഇത് ഒരു ധര്‍മ സമരമാണ്. സമാധാനവും സത്യവുമാണ് ഹൈന്ദവ ജനത ആഗ്രഹിക്കുന്നത്. ഇത് കേവലം ഒരു ഭൗതിക സമരമല്ല. പണമോ മേറ്റ്ന്തെങ്കിലുമോ തന്ന് ഇത് പരിഹരിക്കാന്‍ കഴിയില്ല. ആര്‍എസ് എസ് മലപ്പുറം താലൂക്ക് സംഘചാലക് കെ. മാധവന് അധ്യക്ഷതവഹിച്ചു. ആര് എസ് എസ് സംസ്ഥാന കാര്യകാര്യ സദസ്യന്‍ വി.കെ. വിശ്വനാഥന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ടി. കെ. അശോകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.എസ്. പ്രസാദ്, ബിജെപി ജില്ലാ ട്രഷറര്‍ കെ. പി. ബാബുരാജ് മാസ്റ്റര്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണപ്രഗീഷ്,ജില്ലാ കാര്യവാഹ് പി. സുമേഷ്, ജില്ലാ പ്രചാരക് ഒ.എം. ശ്രീജിത്ത് തുടങ്ങി വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: