കണ്ണൂര്‍: സിപിഐ ആര്‍ക്കും എടുത്ത് തട്ടാവുന്ന പന്തല്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് പാര്‍ട്ടി. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നത് കൂടി തങ്ങളുടെ ലക്ഷ്യമാണെന്നും രവീന്ദ്രന് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അഴിമതിയുടെ കൂട്ടുകാരായി അധഃപതിച്ചിരിക്കുന്നു. പ്രതിരോധവകുപ്പ് പോലും അഴിമതിയാരോപണങ്ങളുടെ നിഴലിലാണ്. കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒറ്റയാള്‍ ഭരണമാണ് നടക്കുന്നത്. മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനേ മുഖ്യമന്ത്രിക്ക് നേരമുള്ളൂ.
ഭരിക്കാന്‍ നേരമില്ല. കഴിഞ്ഞ 10 മാസമായി മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ദല്‍ഹിയിലും കേരളത്തിലുമായി ചര്‍ച്ചയിലും യാത്രയിലുമായിരുന്നു. പന്ന്യന്‍ പറഞ്ഞു. ഒടുവില്‍ മുസ്ലീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയതിലൂടെ കേരളത്തില്‍ നിലവിലുള്ള മതസൗഹാര്‍ദ്ദത്തില്‍ തീക്കനല്‍ കോരിയിടുകയാണ് മുഖ്യമന്ത്രിയും യുഡിഎഫും ചെയ്തത്. എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള സംഘടനകള്‍ ഒറ്റക്കെട്ടായി മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തെ എതിര്‍ക്കുന്നു എന്ന് മാത്രമല്ല ബിജെപി കരിദിനമാചരിക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം മാറിയതുകൊണ്ടൊന്നും യുഡിഎഫിലെ പ്രശ്നങ്ങള്‍ തീരില്ല. ആഭ്യന്തര കലാപമാണിവിടെ നടക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ജില്ലാ സെക്രട്ടറി സി.രവീന്ദ്രന്, സി.പി.സന്തോഷ്, സി.പി.മുരളി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്ക്ലബ് പ്രസിഡണ്ട് കെ.എന്‍.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.കുര്യച്ചന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: