Categories: Travel

കൊട്ടിയൂര്‍ക്ഷേത്രം

Published by

കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂര്‍ ക്ഷേത്രം. ആദ്യകാലത്തുണ്ടായിരുന്ന ആചാരങ്ങള്‍ അണുവിടപോലും മാറ്റാതെ തുടര്‍ന്നുവരുന്ന ഒരപൂര്‍വ്വക്ഷേത്രമാണ്‌ കൊട്ടിയൂര്‍ ക്ഷേത്രം. കൊട്ടിയൂരില്‍ രണ്ടുക്ഷേത്രങ്ങള്‍ – ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ക്ഷേത്രത്തിലേക്ക്‌ കയറുമ്പോള്‍ ഇടതുവശത്ത്‌ ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍. പഴക്കമുള്ള ശ്രീകോവിലിന്‌ നാലുകെട്ടിന്റെ പകിട്ട്‌. പ്രധാനമൂര്‍ത്തി-ശിവ-പാര്‍വ്വതി-സതീദേവിയായ അമ്മ-കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. സ്വയംഭൂവായ മഹാദേവന്‍ അക്കരെ കൊട്ടിയൂരുള്ള മണിത്തറയിലാണ്‌. ദേവി അമ്മത്തറയിലും. ഉപദേവന്‍ ദക്ഷിണാമൂര്‍ത്തി. മൂന്നുനേരം പൂജ.

കൊട്ടിയൂരമ്പലം സ്ഥിതിചെയ്യുന്നിടത്താണ്‌ ദക്ഷയാഗം നടന്നതെന്ന്‌ ഐതിഹ്യം. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ മകളായ സതീദേവിയെയും മരുമകനായ മഹേശ്വരനേയും ദക്ഷന്‍ ക്ഷണിച്ചിരുന്നില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും യാഗത്തിനെത്തിയ ദേവിയെ ദക്ഷന്‍ അപമാനിച്ചു. അതില്‍ മനംനൊന്ത ദേവി യാഗാഗ്നിയില്‍ ചാടി ദേഹം വെടിഞ്ഞു. അവിടം അമ്മ മറഞ്ഞ തറയായും അറിയപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ മഹാദേവന്‍ കോപാകുലനായി. തന്റെ ജട പറിച്ചെറിഞ്ഞ്‌ നിലത്തടിച്ചു. അപ്പോള്‍ വീരഭദ്രന്‍ ജന്മം പൂണ്ടു. വീരഭദ്രന്റെ കൈകൊണ്ട്‌ യാഗശാല തകര്‍ക്കുകയും ദക്ഷന്റെ ശിരസ്സ്‌ അറുത്തെടുത്ത്‌ അഗ്നിയില്‍ ഹോമിക്കുകയും ചെയ്തു. വീരഭദ്രന്‍ അറിയിച്ചതും പ്രകാരം ത്രിമൂര്‍ത്തികള്‍ കൊട്ടിയൂരെത്തി. അവരുടെ സംഗമം കൊണ്ട്‌ അവിടെ പവിത്രമായി. അവരുടെ അഭ്യര്‍ത്ഥനയുടെ ഫലമായി യാഗം മുഴുമിപ്പിക്കാന്‍ മഹാദേവന്‍ അനുവദിച്ചു. മാത്രമല്ല പരമശിവന്‍ അമ്മാറത്തറയ്‌ക്കരികെ സ്വയംഭൂവായി. അത്‌ ഇന്നും മണിത്തറയായി അറിയപ്പെടുന്നു.

അക്കരെ കൊട്ടിയൂരില്‍ മൂലസ്ഥാനം. അവിടെ പോകണമെന്നുണ്ടെങ്കില്‍ വെള്ളത്തില്‍ ചവിട്ടാതെ കഴിയില്ല. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന വാവാലിപ്പുഴ, ഒരു കാലത്ത്‌ രുധിരാഞ്ചിറയായി അറിയപ്പെട്ടിരുന്നുവെന്നും ദക്ഷപ്രജാപതിയുടെ തലയറുത്ത്‌ ചോരപ്പുഴയായി ഒഴുകിയപ്പോള്‍ രുധിരാഞ്ചിറയെന്ന്‌ അറിയപ്പെടുകയായിരുന്നുവെന്നും പിന്നീട്‌ അത്‌ തിരുവാഞ്ചിറയായി അറിയപ്പെട്ടുവെന്നുമാണ്‌ പഴമ.

മേടമാസത്തില്‍ വിശാഖം നാളിലാണ്‌ കൊട്ടിയൂരില്‍ വൈശാഖോത്സവം ആരംഭിക്കുന്നത്‌. ഇക്കരെ കൊട്ടിയൂരില്‍ പുറക്കുഴം എന്നൊരു ചടങ്ങുണ്ട്‌. പ്രധാനകര്‍മ്മങ്ങളെല്ലാം നടത്തേണ്ട ദിവസങ്ങള്‍ അപ്പോള്‍ നിശ്ചയിക്കുകയാണ്‌ പതിവ്‌. നെല്ലും അരിയും അവിലും അളന്നുമാറ്റും. ആയില്യാര്‍ക്കാവില്‍ പൂജനടക്കും. തൊട്ടടുത്തുവരുന്ന മകം ഉള്‍പ്പെടെ ഈ രണ്ടു ദിവസവും നിശ്ചിതസമയത്തുമാത്രമേ ആയില്യാര്‍ക്കാവില്‍ ആര്‍ക്കും പ്രവേശനമുള്ളൂ. ശിവഭൂതങ്ങളെ ഇവിടെ നിര്‍ത്തിയിട്ടാണ്‌ സതീദേവി പോയതെന്ന വിശ്വാസമാണ്‌ ഇതിന്‌ പിന്നില്‍. ഇതിനുശേഷം നടത്തുന്ന അപ്പട നേദ്യം കഴിക്കുന്നവരില്‍ കൈപ്പുരസം തോന്നുന്നവര്‍ കൊട്ടിയൂരില്‍ നടത്തിയ ശുദ്ധകര്‍മ്മങ്ങള്‍ അടുത്ത തലമുറയില്‍പ്പെട്ടവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കണമെന്ന സൂചനയാണ്‌ ഭഗവാന്‍ ഇതിലൂടെ നല്‍കുന്നതെന്ന വിശ്വാസം.

അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. അവിടമാകട്ടെ നിറഞ്ഞു നില്‍ക്കുകയാണ്‌ ഭഗവത്‌ ചൈതന്യം. ഇവിടത്തെ ദര്‍ശനകാലത്ത്‌ ലക്ഷക്കണക്കിന്‌ ഭക്തര്‍ എത്തിച്ചേരും. ഉറക്കലരിച്ചോറ്‌ പ്രസാദം. ഈ പ്രസാദം തയ്യാറാക്കുന്നതിന്‌ അഞ്ച്‌ ലോഡ്‌ വിറകെങ്കിലും കത്തിക്കേണ്ടിവരും. അതിന്റെ ചാരം ആരും വാരാറില്ല. അതും ഭക്തകരുടെ കൈകളില്‍ പ്രസാദമായി എത്തുന്നുവെന്നും രാജരാജേശ്വരക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ഭസ്മം ഇതാണെന്നും വിശ്വാസം. ആയിരംകുടം അഭിഷേകത്തോടെ ആ വര്‍ഷത്തെ പൂജകള്‍ സമാപിക്കും. ലോകമുള്ള കാലത്തോളം ഇവിടെ വൈശാഖോത്സവം നടക്കുമെന്ന പരശുരാമന്റെ വാക്കുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുക തന്നെ ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts