വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ വ്യാജ ബോംബ് ഭീഷണി. എംബസിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് അംബാസഡര്‍ നിരുപമ റാവൂ അറിയിച്ചു.
ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു ഈസമയം വാഷിങ്ടണില്‍ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 10.30 നാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നു നിരുപമ റാവു വ്യക്തമാക്കി.
എംബസിയില്‍ നിന്നു മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം വിശദമായ പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. എംബസിക്കു സമീപത്തെ പ്രദേശങ്ങളും പരിശോധിച്ചു. പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല.
പരിശോധനയ്ക്ക് ശേഷം സ്ഥാനപതി കാര്യാലയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയശേഷം എംബസിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വിക്ടോറിയ നുലാന്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: