തിരുവനന്തപുരം: ‘മാതാപിതാക്കളെയും ഗുരുക്കന്മാരെയും പോലെയാണ് പാര്‍ട്ടി. ചില തെറ്റുകള്‍ വരുമ്പോള്‍ അവര്‍ ശിക്ഷിക്കും.’ 2007 മെയ് 27ന് വിഎസ്സിനെയും പിണറായിയെയും പിബിയില്‍ നിന്നും സസ്പെന്റ് ചെയ്തപ്പോള്‍ വിഎസിന്റെ പ്രതികരണമതായിരുന്നു. “ഞങ്ങള്‍ രണ്ടു പേരെയും ശിക്ഷിച്ചപ്പോള്‍ പാര്‍ട്ടിയുടെ അന്തസ്സ് വര്‍ധിച്ചു” എന്ന് പിണറായിയും പറഞ്ഞു. പിണറായി പിബിയില്‍ തിരിച്ചെത്തിയിട്ട് വര്‍ഷങ്ങളായി. വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് പിന്നെയും വേലിക്കു പുറത്തുതന്നെ. പിണറായിക്കു കിട്ടിയ പരിലാളനം വിഎസ്സിന് കിട്ടിയില്ല. അതുകൊണ്ടു തന്നെ സംശയം സ്വാഭാവികം. വിഎസ്സിന് പാര്‍ട്ടി മിത്രമോ അതോ ശത്രുവോ ? പതിനഞ്ചംഗ പിബിയാണ് രൂപീകരിച്ചത്. ഇനി ഒഴിവില്ലാത്തതിനാല്‍ വി.എസ്.അച്യുതാനന്ദന് പിബി ബാലികേറാമലയായിത്തീര്ന്നിരിക്കുന്നു.
അച്യുതാനന്ദന് പകരം പിബിയില്‍ എ.വിജയരാഘവന് എത്തുമെന്നാണ് കരുതിയിരുന്നത്. പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വിജയരാഘവന് സംഘടനാ പ്രവര്‍ത്തനത്തിലും പാര്‍ട്ടി പദ്ധതികള്‍ ചിട്ടയായി നടപ്പാക്കുന്നതിലും മിടുക്കനാണെന്ന് പൊതുവെ വിലയിരുത്താറുണ്ട്. പക്ഷേ പിബിയിലേക്ക് വിജയരാഘവന് വിലങ്ങായത് അദ്ദേഹത്തിന്റെ പേരുതന്നെ. ചരിത്രത്തിലാദ്യമായി ഒരു ന്യൂനപക്ഷാംഗമായ എം.എ.ബേബിയെ പിബിയിലെടുക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് സിപിഎം. കുരിശിന്റെ വഴിയെ സഞ്ചരിച്ചാല്‍ നേടാന്‍ ഒരു പാടുണ്ടെന്ന കണ്ടെത്തലിലാണ് പാര്‍ട്ടി. യേശുവിനെ വിപ്ലവകാരിയാക്കി ചെമ്പട്ടണിയിക്കുന്ന തിരക്കിലാണ് പാര്‍ട്ടി. ഈ സമയത്ത് അരമനകളിലേക്കുള്ള വഴിയറിയുന്ന, അവിടങ്ങളിലെ ആചാരങ്ങളറിയുന്നവര് ഉന്നതങ്ങളിലുണ്ടെങ്കില് കാര്യങ്ങള്‍ എളുപ്പമായി.
സീനിയോറിട്ടി പരിഗണിച്ചാണ് എം.എ.ബേബിയെ പിബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയനായ നേതാവാണ് എം.എ.ബേബി. പിന്നീട് സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് ബേബിയുടെ പേര് നിര്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതിനെ മറികടന്ന് പിണറായി സെക്രട്ടറിയാവുകയായിരുന്നു. പിണറായിയെ ദല്‍ഹി പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റിയിലേക്കും പിബിയിലേക്കും എത്തിച്ചു. കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ എം.എ.ബേബിയുടെ സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണനാണ് പിബിയില്‍ ഇടംപിടിച്ചത്.
ബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്രയെ പൊളിറ്റ്ബ്യൂറോയില്‍ എടുക്കാന്‍ തീരുമാനിച്ചത് ബംഗാളിലെ മമതയുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനാണത്രെ. മമതയുടെയും മാവോയിസറ്റുകളുടെയും ആക്രമണം നേരിടുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ വരും ദിനങ്ങളില്‍ ശക്തമാക്കാന്‍ മിശ്ര കൂടിയേ തീരൂ എന്നാണ് നിഗമനം.
കേന്ദ്ര കമ്മറ്റിയിലേക്ക് ഇടംനേടിയത് മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി ശൈലജയാണ്. ശൈലജ സിപിഎം സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ്. പേരാവൂരില്‍നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയിട്ടുള്ള ശൈലജ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ പി.കെ.ശ്രീമതി, എം.സി.ജോസഫൈന് എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മറ്റിയിലുള്ള വനിതാ അംഗങ്ങള്‍.
കേരള ഘടകത്തിന്റെ എതിര്‍പ്പാണ് വിഎസിനെ ഒഴിവാക്കാന്‍ പ്രധാന കാരണമെന്നത് വ്യക്തമാണ്. പിബിയില്‍ ഇപ്പോഴുള്ള അംഗങ്ങളില്‍ സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, കെ.വരദരാജന്, ബംഗാള്‍ സെക്രട്ടറി ബിമന്‍ ബസു എന്നിവര്‍ വിഎസിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍, കേരള ഘടകമൊന്നടങ്കം എതിര്‍ത്തത് ഇതിന് തടസ്സമായി.
വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവുമായുള്ള ഏറ്റുമുട്ടലാണ് വിനയായത്. ലാവലിന്‍ കേസില്‍ പാര്‍ട്ടിയുടെ നിലപാടിനെയും തള്ളിപ്പറഞ്ഞ വിഎസ് ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനെ ആക്രമിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ വി.എസ്. അച്യുതാനന്ദനെതിരായ കുറ്റപത്രമെന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ഒരുഘട്ടത്തില്‍ വി.എസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനായ അച്യുതാനന്ദന് സിപിഎം രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ച നേതാക്കളില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍. “ഫാക്ടറി പണി നിര്‍ത്താനും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാനും” വി.എസ്സിനോടഭ്യര്ഥിച്ചത് പി.കൃഷ്ണപിള്ളയാണ്. അന്നൊന്നും ജനിച്ചിട്ടു പോലുമില്ലാത്ത ഇന്നത്തെ തലമുറയാണ് വിഎസ്സിനെ ചവിട്ടിത്തേക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ‘പൊളിറ്റ് ബ്യൂറോ അതിന്റെ അധികാരം ശരിയായ അര്‍ഥത്തില്‍ വിനിയോഗിച്ചു’ എന്ന് നാലു വര്‍ഷം മുമ്പ് പിണറായി പ്രതികരിച്ചിരുന്നു. അതുതന്നെയാവും ഇന്നും അദ്ദേഹത്തിന് പറയാനുള്ളത്. പക്ഷേ ‘അമ്മയേയും ഗുരുക്കന്മാരെയും പോലെയാണ് പാര്‍ട്ടി’ എന്ന അഭിപ്രായം തന്നെയാവുമോ ഇന്നും വി.എസ്സിന് എന്നുകേള്‍ക്കാന്‍ കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: