കോഴിക്കോട്: തെരഞ്ഞെടുപ്പുകളില്‍ ഇനി സിപിഎം അവസരവാദ നിലപാടുകള്‍ ഔദ്യോഗികമായിത്തന്നെ സ്വീകരിക്കും. നേട്ടങ്ങള്‍ക്കായി നിലപാടുകളിലെ മായംചേര്‍ക്കല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ലെങ്കിലും ഇതിന് പ്രത്യയശാസ്ത്ര പിന്‍ബലംകൂടി കൊണ്ടുവരാനായതാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ കാണുന്ന കാഴ്ച. ഇതോടെ അടവുനയങ്ങളിലെ പിഴവുകളുടെ പേരില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന യാഥാസ്ഥിതികവാദികളെ പ്രത്യയശാസ്ത്ര രേഖയുടെ പേരില്‍ നേതൃത്വത്തിന് നേരിടാനാകും.
പ്രത്യയശാസ്ത്രത്തിന്റെ ബാധ്യതകളില്ലാതെ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി പ്രാദേശിക സഖ്യങ്ങളുണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍. സിപിഎം അവകാശപ്പെടുന്ന പാര്‍ട്ടി നിലപാടുകളിലെ കാര്‍ക്കശ്യങ്ങളുടെ അവസാനമാണ് പുതിയ നയങ്ങള്‍മൂലം സംഭവിക്കുകയെന്ന ആശങ്ക ഒരു വിഭാഗം നേതൃത്വത്തില്‍നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി 2009ല്‍ നേരിട്ട തെരഞ്ഞെടുപ്പു തിരിച്ചടിക്ക് കാരണമായി രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന പിഡിപിയുമായുള്ള പൊന്നാനി പരീക്ഷണം പോലുള്ള അടവുനയങ്ങള്‍ വീണ്ടും വിവിധ തലങ്ങളില്‍ തുടരുന്നതിന് ഇത്തരം നിലപാടുകള്‍ വഴിവെച്ചേക്കുമെന്നും ഒരു വിഭാഗം കരുതുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് രാഷ്ട്രീയ രേഖയ്ക്കു വലിയ തിരുത്തലുകളാണ് പാര്‍ട്ടി കോണ്‍ഗ്രസ് വരുത്തിയിരിക്കുന്നത്. മൂന്നാം മുന്നണിയെന്ന ആശയം തന്നെ ഉപേക്ഷിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതു പാര്‍ട്ടികളുടെ മൂന്നാം ബദല്‍ എന്ന മാര്‍ഗ്ഗം ആവിഷ‍്ക്കരിക്കുന്നതിനായിരുന്നു ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രേഖ. ഇനി മൂന്നാം മുന്നണിയില്ല എന്ന് പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം നിലപാടുകള്‍ പാര്‍ട്ടിയുടെ പ്രാധാന്യം ദേശീയ രാഷ്ട്രീയത്തില്‍ ഇല്ലാതാക്കുമെന്നും കേരളത്തിലും ബംഗാളിലും പോലും പാര്‍ട്ടിക്കു പ്രസക്തി ഇല്ലാതാകുമെന്നും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ്-ബിജെപി ഇതരപക്ഷത്തു നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലാകാമെന്നും മൂന്നാംമുന്നണിയായിത്തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വരുത്തിയ തിരുത്തലിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍സെക്രട്ടറിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സമൂലമായ മാറ്റം വരുത്തി മറ്റു ജനാധിപത്യ ബദലുകള്‍ കൂടിയാവാമെന്ന നിലപാടിലേക്കെത്തിയത്. മൂന്നാം മുന്നണിയടക്കമുള്ള എല്ലാ രാഷ്ട്രീയ സാദ്ധ്യതകളും തുറന്നിടണമെന്നും തിരത്തിയ രാഷ്ട്രീയരേഖയില്‍ പറയുന്നു.
പുതിയ പ്രത്യയശാസ്ത്ര നയരേഖയും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങളൊന്നുമില്ലാതെ സീതാറാം യച്ചൂരി അവതരിപ്പിച്ച പ്രത്യശാസ്ത്രരേഖ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. ഒരു പ്രതിനിധി പ്രത്യയശാസ്ത്ര രേഖയ്ക്കെതിരായി വോട്ടു ചെയ്തു. മൂന്നു പേര് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.
ഇന്ത്യന്‍ മാതൃകയ്ക്കുവേണ്ടിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ശ്രമം പരാജയമായിരുന്നെന്നാണ് തിരിച്ചറിയുന്നത്. നിലപാടുകളിലെ വ്യക്തതയില്ലായ്മ മാത്രമാണ് പുതിയ പ്രത്യയശാസ്ത്ര രേഖ മൂലം പാര്‍ട്ടിക്ക് വന്നു ചേര്‍ന്നിരിക്കുന്നതെന്ന വിമര്‍ശനം സമ്മേളന പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ചൈനയെ പൂര്‍ണ്ണമായും തള്ളിപ്പറയാതെ ചില പ്രശ്നങ്ങളുണ്ടെന്ന സീതാറാം യച്ചൂരിയുടെ നിലപാടും ചൈന ഉത്തമ സോഷ്യലിസ്റ്റ് മാതൃകതന്നെയാണെന്ന എസ്.രാമചന്ദ്രന്‍പിള്ളയുടെ നിലപാടും പ്രത്യയശാസ്ത്ര പ്രശ്നത്തില്‍ സിപിഎമ്മിലെ നേതൃത്വത്തില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ ഉദാഹരണമായി.
ഇതിനിടെ, സെക്രട്ടറിമാരുടെ കാലാവധി മൂന്ന് തവണയായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള പാര്‍ട്ടിയുടെ ഭരണഘടനാ ഭേദഗതി വോട്ടെടുപ്പോടെ അംഗീകരിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: