സാധാരണക്കാരന്റെ കണ്ണുകള്‍ക്ക് അപ്രാപ്യമായ കാഴ്ചകളെ കണ്ടെത്താനുള്ള സിദ്ധി കലാകാരന്മാര്ക്കുണ്ടെന്ന കാര്യം സുവിദിതമാണ്. ഈ സിദ്ധിയുടെ തേരിലേറി സര്‍ഗാത്മകതയുടെ അതിരുകളില്ലാത്ത ലോകത്തിലേക്ക് പ്രവേശിച്ച് അവിടത്തെ സുഖവും ആനന്ദവും അനുഭവിക്കാനുള്ള ശേഷിയും കലാകാരന്മാര്ക്കുമാത്രം സ്വന്തമാണ്.
പാലക്കാരനായ റോയ് എം തോട്ടം, ഒരേ സമയം കലാകാരനും പുരോഹിതനുമാണ്. പൗരോഹിത്യകര്‍മ്മങ്ങളില്‍ മുഴുകുമ്പോഴും വര്ണ്ണസന്നിഭമായ ചിത്രകാരന്റെ മനസ്സിനെ അദ്ദേഹം മതത്തിന്റെ നിഷ്കര്ഷതകളില്നിന്നും ശ്രദ്ധാപൂര്‍വം മാറ്റി നിര്‍ത്താറുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തന്റെ ആത്മീയസഞ്ചാരം മതത്തിലൂടെ എന്നതിനേക്കാള്‍ വര്‍ണ്ണങ്ങളിലൂടെയാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇക്കണോമിക്സ്, ഫിലോസഫി, തിയോളജി, ഫോക്ലോര് എന്നീ വിഷയങ്ങളിലെ പഠനത്തിനുശേഷം യു.കെ യിലെ കാന്റര്‍ബെറി ക്രൈസ്ററ് യൂണിവേഴ്സിററിയില്നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടുവാന്‍ റോയിക്ക് പ്രേരണയായത് തന്നിലെ കലാകാരന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ത്വരയാണ്. പീഡിതര്‍ക്കും നിന്ദിതര്‍ക്കും സമത്വത്തിന്റെ വാതിലുകള്‍ തുറക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഈ പുരോഹിതന് വര്‍ണ്ണങ്ങളില്‍ മുക്കിയ ബ്രഷും കൈയിലെടുക്കുന്നു. കാന്‍വാസിന്റെ പ്രതലങ്ങളില്‍ മനുഷ്യമനസ്സിലേക്കുള്ള പ്രകൃതിയുടെ വേരോട്ടങ്ങളെ ആവിഷ്കരിക്കുന്നു.
ചിത്രരചനയില്‍ തന്റേതായ ശൈലി സ്വായത്തമാക്കിയിട്ടുള്ള റോയി എം തോട്ടം ഇന്നേവരെ തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി, ഡെല്‍ഹി, കാന്റര്‍ബറി, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവിടങ്ങളിലായി 7 ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. എട്ടാമത്തെ പ്രദര്‍ശനം 2009 നവമ്പറില്‍ കൊച്ചിയിലെ ഗ്രീന്‍ ഓറഞ്ച് ആര്‍ട്ട് ഗാലറിയില്‍ ഇന്നര്സ്കേപ്പ് എന്ന പേരില്‍ നടത്തുകയുണ്ടായി. ഒരു സെമിററിക് മതത്തിന്റെ അതിരുകള്‍ കലാകാരന് കൂച്ചുവിലങ്ങുകളല്ലാ എന്ന് വിശ്വസിക്കുന്ന അദ്ദേഹം ‘ഇന്നര്സ്കേപ്പി’ല്‍ തത്വചിന്തയെ വര്‍ണ്ണങ്ങളില്‍ ചാലിച്ചുചേര്‍ത്ത രചനാവിസ്മയം മാധ്യമങ്ങള്‍ പ്രത്യേകം പ്രശംസിച്ചിരുന്നു.
ചിത്രരചന പൗരോഹിത്യത്തെപ്പോലെ ഒരു തീര്‍ത്ഥാടനമാണെന്ന് റോയി വിശ്വസിക്കുന്നു. പുരോഹിതന് കാന്‍വാസ് എന്നുപറഞ്ഞാല്‍ അത് തന്റെ മതഗ്രന്ഥമാണ്. എന്നാല്‍ കലാകാരനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാന്‍വാസ് പ്രകൃതിയും അതിലെ സൃഷ്ടികളുമാണ്. അപ്പോള്‍ ബാഹ്യവും ആന്തരികവുമായ ലോകങ്ങളിലെ വ്യഥകളും ഉന്മാദങ്ങളും അദ്ദേഹത്തെ അലട്ടുന്നു. ഒടുവില്‍ ബ്രഷുമായി വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നു. കടുത്തനിറങ്ങളില്‍ അവ ആവിഷ്കരിക്കുമ്പോള്‍ കാഴ്ചക്കാരനും തന്നെപ്പോലെ തീര്‍ത്ഥാടനത്തിന്റെ തീവ്രതയിലകപ്പെടുമെന്ന് റോയി കരുതുന്നു. ‘ലാസ്ററ് സപ്പര്‍’ എന്ന സൃഷ്ടി അദ്ദേഹം നേടിയിട്ടുള്ള ഈ ദര്‍ശനത്തിനെ വ്യക്തമാക്കുന്നുണ്ട്. മൈക്കലാഞ്ജലോയുടെ സൃഷ്ടിയില്‍നിന്നും റോയിയുടെ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ആ ദര്ശനവിശേഷംതന്നെയാണ്. തീന്മേശക്കുചുററും ക്രിസ്തുവിന്റെ നാലുശിഷ്യന്മാരെ കടുത്തനിറങ്ങളാലും വരകളാലും റോയി അടയാളപ്പെടുത്തിയിരിക്കുന്നു. അത്താഴം വെറും വിശപ്പ്മാററുന്ന ഒരു പ്രവൃത്തിയല്ല. അതിലൂടെ ജീവന്റെ നിലനില്‍പ്പിനായുള്ള പ്രകൃതിയുടെ കരുതല്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഈ ദര്‍ശനം ആവിഷ്കരിക്കുന്നതോടൊപ്പം തീന്മേശയില് തെളിഞ്ഞുകാണുന്ന നടരാജ നൃത്തത്തിലൂടെ റോയി തത്വചിന്താപരമായ മറ്റൊരു തലവും രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവ മതത്തേയും ഭാരതീയ തത്വചിന്തയേയും സമന്വയിപ്പിക്കാനുള്ള സര്‍ഗ്ഗശേഷി ഈ ചിത്രത്തില്‍ ആഴമേറിയ നിറങ്ങളായി അലിഞ്ഞുകിടക്കുന്നു.
നിരന്തരം നവീകരിക്കപ്പെടുന്ന ചിന്ത, അന്വേഷിക്കുന്ന മനസ്സ് തുടങ്ങിയവ വ്യക്തമാക്കുന്ന ഫാദറിന്റെ രചനകളാണ് ഇീൊശര ഉമിരല ംശവേ എലഹഹീംവെശു, ഠൃലല ളൃീാ വേല ഒലമൃേ, ഠൃമിൂൗശഹശ്യേ തുടങ്ങിയവ. ക്രൈസ്തവ ആത്മീയതക്ക് റോയി നല്കുന്ന ആഖ്യാനങ്ങള്കൂടിയായി മാറിയിരിക്കുന്നു അവ. മരം ക്രിസ്തുമതത്തിന് ഒഴിച്ചുകൂട്ടാനാവാത്ത ഒരു രൂപമാണ്. ക്രിസ്തുവിനെ ക്രൂശിച്ചതോടെയാണ് അതിന് മതഘടനയില്‍ സ്ഥാനം ലഭിക്കുന്നത്. എന്നാല്‍ ട്രീ ഫ്രം ഹാര്ട്ടില് റോയി മരത്തിനെ വെളിപ്പെടുത്തുന്നത് യാഥാസ്ഥിതികമായ കാഴ്ചപ്പാടോടെയല്ല. ജീവന്റെ നിലനില്‍പ്പും ഹരിതകവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഈ ലോകത്തിന്റെ സുരക്ഷിതത്വത്തിന് ഓരോ മനുഷ്യനും ബാധ്യസ്ഥനായിരിക്കുമ്പോള്തന്നെ, അവനവന്റെ പാപങ്ങളുടെ ക്രൂശീകരണവും അവനവന്‍തന്നെ നടത്തേണ്ടതാണെന്ന് ഈ ചിത്രത്തിലൂടെ റോയി വ്യാഖ്യാനിക്കുന്നു. രചനാതലത്തില്‍ അബ്സ്ട്രാക്ഷനിലേക്ക് പ്രവേശിക്കുന്നവയുമാണ് ഈ ചിത്രങ്ങള്‍.
പകര്‍ത്തല്‍ ചിത്രകാരന്റെ ജോലിയല്ല. തനിക്കു ചുററുമുള്ളവയെ അതിന്റേതായ അസ്തിത്വത്തോടുകൂടി ആവിഷ്കരിക്കാനാണ് ചിത്രകാരന്മാര് ശ്രമിക്കുന്നത്. തന്റെ പ്രതിഭയുമായുള്ള സ്വാംശീകരണത്തിനുശേഷമാണ് ഈ ആവിഷ്കാരം നടത്തുന്നത്. രവിവര്‍മ്മ, കെ.സി.എസ് പണിക്കര്‍, കാനായി, ബി.ഡി.ദത്തന്, റിയാസ് കോമു തുടങ്ങി ബോസ് കൃഷ്ണമാചാരിവരെയുള്ള നമ്മുടെ ചിത്രകാരപരമ്പരയിലെ തിളങ്ങുന്ന കണ്ണികളില്‍ ഒന്നായി റോയി എം തോട്ടം അംഗീകാരം നേടുമെന്ന് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുള്ള ഗൗരവമായ പഠനങ്ങള്‍ക്ക് സമയം സമാഗതമായിരിക്കുന്നു.
എം.എന്‍.ശ്രീരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: