ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിനെതിരെ നടപടിയെടുക്കില്ലെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. എന്നാല്‍ പ്രധാനമന്ത്രിക്കയച്ച കത്ത് ചോര്‍ന്നതുമായി ബധ്ധപ്പെട്ട് നിയമപരമായി ശക്തമായ നടപടിയെടുക്കും.
രാജ്യസുരക്ഷ അപകടത്തിലാണെന്നും ഇതിന്റെ അടിസ്ഥാന കാരണം സര്‍ക്കാര്‍ കണ്ടെത്തണമെന്നും കരസേനാ മേധാവി ആവശ്യപ്പെട്ടിരുന്നു. കരസേനാ മേധാവിയുടെ കത്ത് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുമെന്ന് ആന്റണി പറഞ്ഞു.
മൂന്ന് സേനാ വിഭാഗത്തിലെയും തലവന്മാരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നുവെന്ന് ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് തുടരാന്‍ സാധിക്കുന്നത്. തന്റെ കത്തിലെ ഉള്ളടക്കം ചോര്‍ന്നത് വളരെ ഗൗരവത്തോടെയെടുക്കണമെന്നും അതിന്റെ ഉറവിടം കണ്ടെത്തണമെന്നും വി.കെ. സിംഗ് കാശ്മീരില്‍ പറഞ്ഞിരുന്നു.
രാജ്യസ്നേഹമുള്ള ഒരു പൗരനും ഇത്രയും ഗൗരവമുള്ള ഒരു കത്ത് ചോര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് ആന്റണി പറഞ്ഞു. ഇത് നമ്മുടെ ശത്രുക്കളെയാണ് സഹായിക്കുക. എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് ആന്റണി പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും.
ദേശദ്രോഹപ്രവര്ത്തം നടത്തിയവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രായവിവാദത്തില്‍ പരാജയപ്പെട്ടതിനുശേഷം ജനറല്‍ സിംഗ് സര്‍ക്കാരുമായി സദാ വഴിക്കിടുകയായിരുന്നു. കത്ത് ചോര്‍ന്നതുമായി ബന്ധപ്പെട്ട് വി.കെ. സിംഗിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കരസേനാ മേധാവിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് സംസാരിക്കവെ മുഴുവന്‍ സേനയെയും വിവാദത്തിലാക്കരുതെന്ന് ആന്റണി പറഞ്ഞു. അഴിമതിയോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറഞ്ഞ പ്രതിരോധമന്ത്രി ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അഴിമതി കണ്ടെത്തിയാല്‍ കരാര്‍ റദ്ദുചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ പുനരാലോചന നടത്തും. ആധുനികവല്‍ക്കരണം നടത്തുന്നതിനൊപ്പം ആവശ്യമായ സംവിധാനങ്ങള്‍ വാങ്ങുകയും ചെയ്യും. നൂറ് കോടി രൂപക്ക് മുകളിലുള്ള ആയുധകരാറിന് ‘ഇന്റഗ്രിറ്റി പാക്ട്’ ആവശ്യമാണെന്ന് വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: