തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. വൊക്കേഷണല്‍ വിഷയങ്ങളെ ഹയര്‍ സെക്കന്‍ഡറിയില്‍ ഓപ്ഷണലാക്കും. 9,10 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി സംവിധാനത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം ക്ലാസ് ഇനി മുതല്‍ എല്‍.പി വിഭാഗത്തിലായിരിക്കും. എട്ടാം ക്ലാസിനെ യു.പി വിഭാഗത്തില്‍പ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് ഈ മാറ്റം വരുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 2013ഓടെ നിയമം സംസ്ഥാനത്തു നടപ്പാക്കും. അതിനു ശേഷം 9, 10 ക്ലാസുകള്‍ക്ക് ഒറ്റയ്ക്കു നില്‍ക്കാനാവില്ല. ഇതോടെ ഈ ക്ലാസുകളെ പ്ലസ് വണ്ണിന്റെയും പ്ലസ് ടുവിന്റെയും ഭാഗമാക്കി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തെ വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഈ മാറ്റങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു വിദ്യാഭ്യാസ വിദഗ്ധര്‍ കരുതുന്നു. ഇതോടെ എസ്.എസ്.എല്‍.സി പരീക്ഷയുടെ പ്രസക്തി നഷ്ടമാകുമെന്നും വിമര്‍ശനമുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഇല്ലാതാകുന്നതോടെ സംസ്ഥാനത്തെ തൊഴില്‍ വിദ്യാഭ്യാസ മേഖലയ്ക്കു തിരിച്ചടി ഉണ്ടാകുമെന്നും ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ആശങ്ക ഉന്നയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: