പ്രതിരോധ മന്ത്രാലയത്തില്‍ പ്രേതബാധയുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. നിരന്തരം പ്രശ്നങ്ങളുടെ അഴിയാക്കുരുക്ക് അഴിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അത്ര നല്ല പ്രവണതയല്ലെന്ന് വിവരമുള്ളവര്ക്കൊക്കെ അറിയാമെങ്കിലും മൂലകാരണം കണ്ടെത്തി പരിഹരിക്കാന്‍ തയ്യാറാവുന്നില്ല. അതുകൊണ്ട് സംഭവിക്കുന്നത്, സുഖകരമല്ലാത്ത ഒരന്തരീക്ഷം സംജാതമാവുകയാണ്. ഇത് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഒരിക്കലും ചേര്‍ന്നതല്ല. എല്ലാം രാഷ്ട്രീയത്തിന്റെ നാലതിരുകള്ക്കുള്ളില്ത്തന്നെ വേണമെന്ന ശാഠ്യമാണോ ഒരു പ്രശ്നം?
നേരത്തെ കരസേനാ മേധാവി വി.കെ. സിങ്ങിന്റെ ജനനത്തീയതി സംബന്ധിച്ച പ്രശ്നമായിരുന്നു നാണംകെട്ട തരത്തില്‍ പൊതുസമൂഹത്തിനുമുമ്പാകെ ചര്‍ച്ചാവിഷയമായിത്തീര്‍ന്നത്. ഇപ്പോഴും കരസേനാമേധാവിയുടെ പരാമര്‍ശം തന്നെയാണ് മറ്റൊരു പ്രശ്നത്തിന്റെ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുന്നത്. ഏതൊക്കെ തരത്തില്‍ അത് പൊട്ടിത്തെറിക്കുമെന്നാണ് അറിയാനുള്ളത്. രാജ്യത്തിന്റെ അഭിമാനമായ കരസേനയെ നിരന്തരം വിവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തണമെന്ന വാശി ആര്‍ക്കാണെന്നാണ് മനസ്സിലാകാത്തത്. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കേറുന്നതിനുപകരം ഗര്‍ത്തങ്ങള്‍ നോക്കി രസിക്കുകയാണ് തല്പരകക്ഷികള്.
കരസേനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച ഇടപാടാണ് പുതിയ വിവാദത്തിന് തുടക്കമായത്. നിലവാരമില്ലാത്ത വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിക്കായി തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്യപ്പെട്ടുവെന്നാണ് കരസേനാമേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. കരസേനയിലെ ഇടപാടുകളില്‍ പലതും ചീഞ്ഞുനാറുന്നുണ്ടെന്ന് പണ്ടേ ആരോപണങ്ങള്‍ ഉയരാറുണ്ട്. പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപ്രകാരം അത്ര പരസ്യമല്ലാത്തതിനാല്‍ ആരോപണങ്ങള്‍ എന്നും ആരോപണങ്ങളായി തന്നെ നിലനില്‍ക്കുകയാണ് ചെയ്യാറ്. ഒടുവില്‍ എല്ലാവരും അതു മറക്കുകയും ചെയ്യും.
എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. കരസേനാമേധാവിതന്നെയാണ് ആരോപണത്തിന്റെ കുന്തമുനയുമായി മാര്‍ച്ച് ചെയ്യുന്നത്. ഗുരുതരമായ ആരോപണമാണ് വി.കെ.സിംഗില്‍ നിന്നുണ്ടായത്. രാജീവ്ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് തോക്കിടപാടില്‍ കോടികള്‍ കൈമറിഞ്ഞിരുന്നു എന്ന കാര്യം ലോകം മുഴുവന്‍ പാട്ടായതാണ്. ഒടുവില്‍ എങ്ങുമെത്താതെ അത് നിലംപൊത്തി. അന്ന് പക്ഷേ, പുറത്തുനിന്നായിരുന്നു ആരോപണം ഉയര്‍ന്നുവന്നത്. ഇപ്പോള്‍ തികച്ചും ഉള്ളറയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ എത്രമാത്രം ഗുരുതരമാണ് സംഗതി എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കാര്യഗൗരവത്തോടെ തന്നെയാണ് പ്രതിരോധമന്ത്രി ആരോപണം കണക്കിലെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വി.കെ. സിംഗ് അഴിമതിയുടെ പാത ചൂണ്ടിക്കാണിച്ചത്. ഒരു പ്രത്യേക വിഭാഗത്തില്‍പെട്ടതും നിലവാരം കുറഞ്ഞതുമായ 600 വാഹനങ്ങള്‍ വാങ്ങാന്‍ ഉപകരണലോബികള് 14 കോടി രൂപയാണത്രെ കരസേനാ മേധാവിക്ക് കോഴയായി വാഗ്ദാനം ചെയ്തത്. വാസ്തവത്തില്‍ ഏതൊരു ഇന്ത്യക്കാരന്റെയും ഉള്ളില്‍ അറിയാതെ ഞെട്ടലുണ്ടാക്കുന്നതല്ലേ സംഭവം? ഇന്ത്യയുടെ, ഇന്ത്യക്കാരന്റെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്ന എന്തിനെയും തകര്‍ത്തുതരിപ്പണമാക്കാന്‍ പോന്ന വീര്യവും ആവേശവുമുള്ള ഒരു സേനയെ ദുര്‍ബ്ബലപ്പെടുത്താന്‍ പോരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴുതിപ്പോവുന്നു എന്നല്ലേ ധരിക്കേണ്ടത്?
സാധാരണ അഴിമതിയുടെ മാനങ്ങള്‍ തന്നെ ഭീകരമായി രാജ്യത്തെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ പ്രതിരോധസേനയില്‍ തന്നെ ഇമ്മാതിരിയൊരു പുഴുക്കുത്തിന് അവസരമുണ്ടാവുന്നു എന്നു വരുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാവില്ലേ? വാസ്തവത്തില്‍ വാഹനലോബിയുടെ പ്രതിനിധിക്ക് എങ്ങനെ കരസേനാമേധാവിയുടെ മുമ്പില്‍ ഇത്തരമൊരു ആവശ്യവുമായി എത്താന്‍ കഴിഞ്ഞു എന്നതാണ് ആശ്ചര്യമുണ്ടാക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവരീതികള്‍ അറിയാവുന്നതുകൊണ്ടാവുമല്ലോ ഇത്തരമൊരു കോഴവാഗ്ദാനം ഉണ്ടായത്. തനിക്കുമുമ്പുള്ളവര്‍ ഇങ്ങനെ വാങ്ങിയിട്ടുണ്ടെന്നും ഇനി വരുന്നവരും അങ്ങനെ തന്നെ ചെയ്യുമെന്നും വാഹന ലോബിയുടെ പ്രതിനിധി പറഞ്ഞുവത്രെ.
ഏതായാലും സ്ഥിതിഗതികളുടെ ഗൗരവം അറിഞ്ഞ കരസേനാമേധാവി പ്രതിരോധമന്ത്രിയെ വിവരം ധരിപ്പിച്ചുവെന്നത് ആശ്വാസമായി. ഇത്തരം കാര്യങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മതപുലര്‍ത്തുന്നു എന്ന് കരുതപ്പെടുന്ന വകുപ്പുമന്ത്രി ഉടനെ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അത്രയും നന്നായി. വിവരം പുറത്തുവന്നതോടെ പാര്‍ലമെന്റ് ഇളകിമറിഞ്ഞു. കുംഭകോണങ്ങളുടെ കുംഭകോണമായി പ്രതിരോധമേഖലയിലെ ഇടപാടുകള്‍ മാറിപ്പോവുമോ എന്ന ആശങ്ക എല്ലായിടത്തും പരന്നിട്ടുണ്ട്. സുതാര്യത തീരെയില്ലാത്ത സേനാമേഖലയിലെ ഇടപാടുകളില്‍ കോടികള്‍ തന്നെ കൈമറിഞ്ഞിട്ടുണ്ടാവില്ലേ എന്ന് സാധാരണക്കാരന് സംശയിച്ചുപോയാല്‍ അത് തെറ്റായി കാണാനാവില്ല.
വി.കെ. സിംഗ് നേരത്തെ തന്നെ ഇക്കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിട്ടും കുറ്റകരമായ മൗനം പുലര്‍ത്തിയത് എന്തുകൊണ്ട്? ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി പറയാതെ, ‘പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്’ എന്നത്രേ മന്ത്രി എ.കെ. ആന്റണി പ്രതികരിച്ചത്. മന്ത്രിയുടെ കാര്യത്തില്‍ അഴിമതി എന്നൊരുകറ ഉണ്ടാവില്ലെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ തീര്‍ച്ചയാണ്. പക്ഷേ, മന്ത്രിയുടെ ശുദ്ധത കണക്കിലെടുത്ത് ആരെങ്കിലും അണിയറയില്‍ കളിച്ചോ എന്നാണറിയേണ്ടത്. മുമ്പത്തെ മേധാവികളും വാങ്ങിയിട്ടുണ്ടെന്നും ഇനി വരാനുള്ളവര്‍ വാങ്ങുമെന്നും ഒരു ലജ്ജയും കൂടാതെ വാഹന ലോബിയുടെ പ്രതിനിധി കരസേനാമേധാവിയോടു പറഞ്ഞുവെങ്കില്‍ എത്ര ഗുരുതരമായ ഇടപാടുകളാണ് നടക്കുന്നത്. അഴിമതി സമര്‍ഥമായി മൂടിവെക്കാനുള്ള ഒരു സംവിധാനമായി പ്രസ്തുത വകുപ്പ് അധപ്പതിച്ചു പോവുകയാണോ?
നേരത്തെ ജനനത്തീയതി പ്രശ്നത്തില്‍ കേന്ദ്രഭരണകൂടവുമായി നേരിട്ടു യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട കരസേനാ മേധാവി തന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ നടത്തിയ തറവേലയാവുമോ കോഴവാഗ്ദാനമെന്നതിനെക്കുറിച്ചും വിശകലനം ചെയ്യേണ്ടതുണ്ട്. താന്‍ മാത്രം സത്യസന്ധന് മറ്റുള്ളവരൊക്കെ അഴിമതിക്കറപുരണ്ടവര് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ നടത്തിയ ശ്രമമാണെങ്കില്‍ തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണം. അതല്ല, ഈ രംഗത്ത് കാലാകാലങ്ങളായി ഇമ്മാതിരി വൃത്തികേടുകള്‍ അരങ്ങേറുന്നുണ്ട് എന്ന് വ്യക്തമായാല്‍ പെന്ഷന് പറ്റിയ താപ്പാനകളായാല് പോലും വെറുതെ വിടരുത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പൊതുജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം ധൂര്‍ത്തടിക്കാനുള്ള അവസരം ഇനിമേല്‍ ആര്‍ക്കുമുണ്ടാകരുത്. ഇത് കരസേനയുടെയോ, പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രശ്നമല്ല. മൊത്തം രാജ്യത്തിന്റെ അഭിമാനത്തിനു നേരെയുള്ള ചോദ്യചിഹ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: