കോട്ടയം : സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന് ഇന്ന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കം. 1992 മാര്‍ച്ച് 27 ന് രാവിലെയാണ് കോട്ടയം നഗരമദ്ധ്യത്തിലെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ക്നാനായ റോമന്‍ കത്തോലിക്കാസഭയിലെ സെന്റ് ജോസഫ്സ് സമൂഹത്തിലെ കന്യാസ്ത്രീ ആയിരുന്ന അഭയയുടെ ഘാതകര്‍ക്കായി കോടിക്കണക്കിന് രൂപയൊഴുക്കി ആദ്യം ഘട്ടം മുതല്‍ തന്നെ സംരക്ഷണം തീര്‍ത്തവര്‍ ഇന്നും സജീവമാണ്.
അഭയയുടെ മരണത്തെ ആദ്യം ആത്മഹത്യയാക്കി മാറ്റിയെങ്കിലും പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തി. എങ്കിലും വീണ്ടും വര്‍ഷങ്ങള്‍ വേണ്ടിവന്നു പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്. ഒടുവില്‍ വിചാരണയുടെ ഘട്ടത്തില്വരെയെത്തി നില്ക്കുന്ന കേസില്‍ കോടതിയുടെ കര്‍ശന നിലപാടുകള്‍ മാത്രമാണ് അഭയയുടെ കൊലയാളികള്‍ക്കും അവര്‍ക്കു പിന്തുണനല്കുന്നവര്ക്കും മുന്നില്‍ വിഘാതമായത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയിലെ അന്വേഷണ സംഘങ്ങളും പലപ്പോഴായി മുട്ടുമടക്കിയതും കേരളം കണ്ടു. ഒടുവില്‍ രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും കേസില്‍ അറസ്റ്റ് ചെയ്തു. 2008 നവംബര്‍ 18 വരെ നീണ്ട പതിനേഴുകൊല്ലങ്ങള് വേണ്ടി വന്നു ഒരു വഴിത്തിരിവിനായി.
1992 മാര്‍ച്ച് 27 രാവിലെ കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. 1993 ജനുവരിയില്‍ സംഭവം ആത്മഹത്യയാക്കി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. മാര്‍ച്ചില്‍ സിബിഐ കേസ് ഏറ്റെടുത്തു. വര്‍ഗ്ഗീസ് പി. തോമസ് അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. ഡിസംബര്‍ 30ന് ബാഹ്യ ഇടപെടലിനെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചു.
1995 ല്‍ കൊലപാതകമെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൊലപാതകമെന്നോ, ആത്മഹത്യയെന്നോ വ്യക്തമല്ലെന്ന് കാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. 1999ല്‍ സംഭവം കൊലപാതകം, പക്ഷേ പ്രതികളെ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഫാ. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ബാംഗ്ലൂരില്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കി.
2008 നവംബര്‍ 7 കേസന്വേഷണം സിബിഐ കേരള യൂണിറ്റിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രണ്ട് പുരോഹിതരെയും ഒരു കന്യാസ്ത്രീയെയും സിബിഐ അറസ്റ്റ് ചെയ്തു. നവംബര്‍ 25ന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത എഎസ്ഐ വി.വി. അഗസ്റ്റിന് മരിച്ച നിലയില്‍ കണ്ടെത്തി.
2009 ജനുവരി രണ്ടിന് ഹൈക്കോടതി ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജനുവരി 14 ന് കേസ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന് വിട്ടു. ജൂണ്‍ 20ന് നാര്‍ക്കോ അനാലിസിസില്‍ കൃത്രിമത്വം കണ്ടെത്തി. ജൂലൈ 17 സിബിഐ മൂന്നു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
കേസ് ഇപ്പോള്‍ തിരുവനന്തപുരം സിബിഐ(സ്പെഷ്യല്‍) കോടതിയില്‍ വിചാരണയിലാണ്. കേസുമായി ബന്ധപ്പെട്ട ചിലരുടെ നാര്‍ക്കോ പരിശോധനകള്‍ നടത്തുവാനുള്ള സിബിഐയുടെ ശ്രമം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സ്റ്റേ ഉത്തരവുകള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. നീതിപീഠങ്ങളും അന്വേഷണ സംവിധാനങ്ങളും സ്വാധീനിക്കപ്പെടാമെന്ന ആരോപണങ്ങള്‍ക്ക് സിസ്റ്റര്‍ അഭയാകേസിന്റെ രണ്ടു പതിറ്റാണ്ടുകള്‍ തന്നെ സാക്ഷി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: