പിറവം മണ്ഡലത്തിലെ തകര്‍പ്പന്‍ വിജയവും നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എയുടെ രാജിയും യുഡിഎഫിന്റെ നിയമസഭയിലെ കക്ഷിനില കൂടുതല്‍ ഭദ്രമാക്കി എന്ന് ആശ്വാസം കൊണ്ടവര്‍ക്ക് തെറ്റി. അഞ്ചാം മന്ത്രിക്കുവേണ്ടിയുള്ള മുസ്ലീം ലീഗിന്റെ അവകാശവാദം യുഡിഎഫില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെപ്പറ്റി ആലോചിക്കാം എന്നായിരുന്നു യുഡിഎഫില്‍ നിലനിന്ന ധാരണ. ഇടതുമുന്നണി വിട്ടുവന്ന മഞ്ഞളാംകുഴി അലിയ്ക്ക് മന്ത്രിസ്ഥാനം പ്രഖ്യാപിക്കാന്‍പോലും മുസ്ലീംലീഗ് നേതാവ് ഹൈദരലി തങ്ങള്‍ തയ്യാറായി. പക്ഷെ ധാരണകളെ തകിടം മറിച്ചാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തല ഉയര്‍ത്തുന്നത്. മുസ്ലീംലീഗ് യുഡിഎഫിലെ ഏറ്റവും വലിയ രണ്ടാംകക്ഷിയാണ്. ഇപ്പോള്‍ത്തന്നെ പ്രാധാന്യമുള്ള വകുപ്പുകള്‍ മുസ്ലീംലീഗിന് നല്‍കിയതില്‍ യുഡിഎഫില്‍ പ്രതിഷേധം പുകയുന്നുണ്ട്. മുസ്ലീംലീഗിന് അഞ്ചാം മന്ത്രി ലഭിക്കുമെന്ന് മുസ്ലീംലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ നടത്തിയ പ്രസ്താവന യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെയാണ്. പക്ഷെ തങ്ങളുടെ വാക്കിന് മറുവാക്കില്ല എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലീംലീഗുകാര്‍. മാത്രമല്ല മഞ്ഞളാംകുഴി അലി മുസ്ലീം ലീഗിലെ വിലപ്പെട്ട എംഎല്‍എ ആണ്. പക്ഷെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ചയ്ക്കുപോലും വന്നിട്ടില്ല എന്നാണ്. മുസ്ലീംലീഗും ഇക്കാര്യത്തില്‍ പ്രതിസന്ധി വിമുക്തമല്ല. ഇ.അഹമ്മദിന്റെ പാര്‍ലമെന്റംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു കഴിഞ്ഞു. കേരള മുസ്ലീംലീഗ്-ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ് ലയനത്തിന്റെ ബാക്കി പത്രമാണിത്.
പിറവത്ത് യുഡിഎഫ് ജയിച്ചതിന് പ്രധാനകാരണം മണ്ഡലത്തില്‍ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിട്ടതാണ്. ഈ യോജിപ്പ് യുഡിഎഫില്‍ അഭൂതപൂര്‍വമാണ്. അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്നും ടി.എം.ജേക്കബ് കൈകാര്യം ചെയ്ത ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്തന്നെ നല്‍കുമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പിറവം പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനത്തോടൊപ്പം ലീഗിലെ അഞ്ചാംമന്ത്രിയേയും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കും എന്നായിരുന്നു മുസ്ലീംലീഗ് വച്ച് പുലര്‍ത്തിയ ധാരണ. എന്നാല്‍ ഇപ്പോള്‍ അനൂപ് ജേക്കബിന്റെ മന്ത്രിസഭാ പ്രവേശനം തുലാസിലാണ്; ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെപ്പറ്റി ഗവര്‍ണര്‍ക്ക് കത്തുപോലും ഇതുവരെ കൈമാറിയിട്ടില്ല. അനൂപ് ജേക്കബിന് നല്‍കേണ്ട വകുപ്പിനെപ്പറ്റിയും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. യുഡിഎഫില്‍ ഈ പ്രതിസന്ധി രൂപപ്പെടുമ്പോള്‍ത്തന്നെ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിത്വവും മറ്റൊരു പ്രശ്നമാകുന്നു. നെയ്യാറ്റിന്‍കരയില്‍നിന്ന് രാജിവച്ച ശെല്വരാജിനെത്തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഒരു വിഭാഗം കോണ്‍ഗ്രസുകാരില്‍ അതൃപ്തി ഉളവാക്കിക്കഴിഞ്ഞു. പുതുതായി പാര്‍ട്ടിയില്‍ വരുന്നവര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോള്‍ പാര്‍ട്ടി വിശ്വസ്തര്‍ അവഗണിക്കപ്പെടുന്നു എന്നാണ് ഉയരുന്ന ആരോപണം.
ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണയുമായി ഹിന്ദു നാടാര്‍ വിഭാഗവും രംഗത്തുവന്നുകഴിഞ്ഞു. നാടാര്‍ വിഭാഗത്തിന് മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിവിടും എന്ന ഭീഷണി നാടാര്‍ വിഭാഗം മുന്‍പ് മുഴക്കിയതാണ്. ഇതിനെല്ലാം പുറമെയാണ് ആര്.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിനേഷ് ത്രിവേദിയെ മാറ്റി മുകുള്‍ റോയിയ്ക്ക് റെയില്‍വേ മന്ത്രിസ്ഥാനം നല്‍കിയതാണ് പിള്ള കീഴ്വഴക്കമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണം അനിവാര്യമായിക്കഴിഞ്ഞു. യുപിഎയില്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് വഴങ്ങേണ്ടിവരുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സിനോട് മാത്രമല്ല 20 എംപിമാര്‍ ഉള്ള ഡിഎംകെയ്ക്ക് മുന്നിലുമാണ്. ഉമ്മന്‍ചാണ്ടിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പിറവം ഉപതെരഞ്ഞെടുപ്പ് വിജയവും നെയ്യാറ്റിന്‍കര എംഎല്‍എയുടെ രാജിയും യുഡിഎഫ് സീറ്റ് ബലം ഉയര്‍ത്തി എങ്കിലും ഘടകകക്ഷിയുടെ ഭീഷണി നേരിടാനുള്ള ഭദ്രത കൈവന്നിട്ടില്ല.
മമത ബാനര്‍ജി എല്ലാവര്ക്കും ഒരു ‘മാതൃക’യായി മാറുകയുംചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹി സന്ദര്‍ശനം.
മേയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് നല്കി ലീഗിനെ സ്വാധീനിക്കാം എന്ന് കോണ്‍ഗ്രസ്സ് തന്ത്രം മെനയുന്നതിന് പാരയായാണ് മാണിഗ്രൂപ്പിന്റെ രാജ്യസഭാ സീറ്റ് അവകാശവാദം. മേയില്‍ പി.ജെ.കുര്യന്, കെ.ഇ.ഇസ്മയില്‍, പി.ആര്.രാജന് എന്നിവരാണ് രാജ്യസഭയില്‍നിന്ന് പിരിയുന്നത്. ഇപ്പോഴത്തെ അംഗബലാനുപാതത്തില് യുഡിഎഫിന് രണ്ടും എല്‍ഡിഎഫിന് ഒരു സീറ്റും ലഭിക്കും. പക്ഷെ രാജ്യസഭാ എംപിസ്ഥാനം മന്ത്രി പദവിയ്ക്ക് തുല്യമായി മുസ്ലീംലീഗ് കരുതും എന്ന് വിശ്വസിക്കാന്‍ വയ്യ. ഇപ്പോള്‍ 19 അംഗ മന്ത്രിസഭയില്‍ അനൂപ് ജേക്കബ് കൂടി വരുമ്പോള്‍ 20 പേരാകും. ലീഗിന് മന്ത്രിസ്ഥാനം നല്കേണ്ടിവന്നാല് മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആകും. സഭാംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 21 മന്ത്രിമാര്‍ ആകാം എങ്കിലും മുസ്ലീംലീഗിന് മന്ത്രിസ്ഥാനം നല്‍കുന്നത് മുസ്ലീം പ്രീണനമായി വ്യാഖ്യാനിക്കപ്പെടും. നിയമസഭയില്‍ 38 അംഗങ്ങളുള്ള കോണ്‍ഗ്രസ് ഒന്‍പത് മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എടുത്തിരിക്കുന്ന സ്ഥിതിയ്ക്കാണ് ഇടതുമുന്നണി വിട്ടുവന്ന മഞ്ഞളാംകുഴി അലിയുടെ മന്ത്രിസ്ഥാനത്തിന് മുസ്ലീംലീഗ് കടുംപിടിത്തം പിടിക്കുന്നത്.
ഇതേ വാദം തന്നെയാണ് നെയ്യാറ്റിന്‍കരയിലും ഉയരുക. എല്‍ഡിഎഫ് വിട്ടുവന്ന ശെല്വരാജിനെയും കയ്യൊഴിയാനാകാത്ത പ്രതിസന്ധിയിലാണ് ഉമ്മന്‍ചാണ്ടി. പിറവം ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ശ്വാസമടക്കി ഒറ്റക്കെട്ടായി പ്രയത്നിച്ച യുഡിഎഫ് ഘടകകക്ഷികള്‍ മന്ത്രിസഭാ പതനത്തിലേയ്ക്ക് നയിക്കുന്ന അവകാശവാദങ്ങള്‍ ഉയര്‍ത്തുകയില്ല എന്ന പ്രതീക്ഷയാണ് രാഷ്ട്രീയവൃത്തങ്ങള്‍ പുലര്‍ത്തുന്നത്. ഏപ്രില്‍ 28 ന് കൂടുന്ന യുഡിഎഫ് യോഗത്തിന് മുന്‍പ് സമവായം ഉരുത്തിരിയും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: