ന്യൂദല്‍ഹി: സൈനിക വാഹനങ്ങള്‍ വാങ്ങുന്നതില്‍ കൈക്കൂലി വാഗ്ദാനം ലഭിച്ചെന്ന കരസേന മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി അറിയിച്ചു. സിങിന്റെ ആരോപണത്തെ അതീവ് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയം ചോദ്യോത്തര വേള നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം തുടരുകയാണ്. ഇതേത്തുടര്‍ന്ന് ഇരുസഭകളും സ്തംഭിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണു കരസേന മേധാവി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ജനന തിയതി വിവാദത്തില്‍ സര്‍ക്കാരുമായി നിയമപോരാട്ടം നടത്തിയ ശേഷമാണു യുപിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി വി.കെ സിങ് എത്തിയിരിക്കുന്നത്.
കരസേന മേധാവിയായിരിക്കെ ആര്‍മിയില്‍ നിന്നു വിരമിച്ച ഒരാള്‍ ഓഫിസിലേക്കു കടന്നുവന്നു നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങാനുളള കരാറിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതിനെ ചോദ്യം ചെയ്യുകയും സാധ്യമല്ലെന്ന് അറിയിക്കുകയും ചെയ്തു. തനിക്കു മുമ്പുണ്ടായിരുന്നവര്‍ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നതായി ഇയാള്‍ പറഞ്ഞതായി സിങ് വെളിപ്പെടുത്തി.
സേനയില്‍ ഇത്തരത്തില്‍ നിലവാരം കുറഞ്ഞ 700ഓളം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സിങ് പറഞ്ഞു. വെളിപ്പെടുത്തല്‍ വിവാദമായതോടെ കേന്ദ്രമന്ത്രിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പവന്‍ കുമാര്‍ ബന്‍സാല്‍, വി. നാരായണസ്വാമി എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. വി.കെ. സിങ് എന്തുകൊണ്ടു നേരത്തേ ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതി വിരുദ്ധ വിഭാഗത്തിനു കേസ് നല്‍കിയില്ലെന്നു കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കാനാണു ബി.ജെ.പി നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: