തിരുവനന്തപുരം: ആത്മഹത്യ ചെയ്ത സിബിഐ എഎസ്പി പി.ജി.ഹരിദത്ത് അന്വേഷിച്ചിരുന്ന മറ്റു കേസുകളിലും ഉന്നത ഇടപെടലുകള്‍ ഉണ്ടായിരുന്നതായി വ്യക്തമായി. സമ്പത്ത് വധക്കേസില്‍ സിബിഐ തള്ളിപ്പറഞ്ഞ ഹരിദത്ത് അന്വേഷിച്ച വിവാദമായ പാസ്റ്റര്‍ ജോസഫ് റോച്ച് കേസിലും ഹരിദത്തിന്റെ അന്വേഷണത്തിനെതിരെ ഉന്നത തലങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി.
2005 മാര്‍ച്ച് അഞ്ചിന് പത്തനംതിട്ട പന്തളം മെഴുവേലിയിലെ പെന്തക്കോസ്തു മിഷന് സുവിശേഷകനായിരിക്കെ പാസ്റ്റര്‍ ജോസഫ് റോച്ച് ദുരൂഹമായി മരിച്ചത് ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്വേഷിക്കാനെത്തിയത് എഎസ്പി ഹരിദത്തായിരുന്നു. എന്നാല്‍ പലതവണ കേസന്വേഷണത്തില്‍ നിന്ന് ഹരിദത്തിനെ ഒഴിവാക്കി. ഹരിദത്തിനു കീഴിലുള്ള ചില ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കേസുമായി മുന്നോട്ടു പോയി.
പത്തനംതിട്ടയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു പാസ്റ്റര്‍ ജോസഫ് റോച്ചിന്റെ മരണം. സുവിശേഷകനായിരിക്കെ അദ്ദേഹത്തിന്റെ താമസസ്ഥലത്തു വച്ച് വെടിവച്ചു വീഴ്ത്തി ബലാത്ക്കാരമായി സയനൈഡ് കുടിപ്പിച്ച് കൊലപ്പെടുത്തി എന്നായിരുന്നു ആരോപണം. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പല സംഭവങ്ങളിലും ദുരൂഹതയുണ്ടായി. പാസ്റ്ററുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പത്തനംതിട്ട പോലീസ് സര്ജന് ഡോ.എം.എസ്.ഉമേഷ് വെടിയേറ്റ ഇടതു വശത്തെ നാലാമത്തെ വാരിയെല്ലും ആന്തരികാവയവങ്ങളും പോലീസിനെ ഏല്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നുള്ള ഇടപെടല്‍ മൂലം ആന്തരികാവയവങ്ങള്‍ മുക്കിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ജോസഫ് റോച്ചിനെ ചിലര്‍ കൊലപ്പെടുത്തിയതാണെന്ന് മറ്റൊരു പാസ്റ്ററായ അമോസ് പറഞ്ഞിരുന്നു. ഇയാള്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അമോസിന്റെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കാന്‍ ഉന്നതങ്ങളില്‍ അനുമതി തേടിയ ക്രൈംബ്രാഞ്ച് സി.ഐയെ പെട്ടെന്ന് അന്വേഷണ ചുമതലയില്‍ നിന്നു മാറ്റി. ഇതിനിടെ കേസ് ഹൈക്കോടതിയിലെത്തി. കോടതി 2010 ഫെബ്രുവരി ഒമ്പതിന് സര്ജന് ഉമേഷിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയില്‍ ഹാജരാകേണ്ട ദിവസം ഡോ.ഉമേഷ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് പാസ്റ്റര്‍ ജോസഫ് റോച്ചിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി കൊടുത്തിരുന്നു. സംഭവങ്ങള്‍ വിവാദമായതോടെ ഹൈക്കോടതി ജോസഫ് റോച്ചിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹരിദത്ത് ചാര്‍ജെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സി.ഐ അന്വേഷണത്തെ വഴിതെറ്റിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. ഹരിദത്തിന്റെ അന്വേഷണ നീക്കങ്ങള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉന്നതര്‍ക്ക് കൈമാറി. ഹരിദത്തിനെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തി. ഇതേ തുടര്‍ന്ന് ജോസഫ് റോച്ചിന്റെ സഹോദരി കാര്‍മലി നല്കിയ ഹര്‍ജിയില്‍ ഡിവൈഎസ്പി ഹരിദത്തിനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതിയില്‍ വന്ന വേളയിലും കേസ് അന്വേഷിക്കുന്നത് സി.ഐയാണെന്നും ഇദ്ദേഹം സിബിഐ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും സിബിഐ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
ഹൈക്കോടതി ഹരിദത്തിനെ തന്നെ വീണ്ടും അന്വേഷണച്ചുമതല ഏല്പിച്ചുവെങ്കിലും സമ്പത്ത് കേസിന്റെ അന്വേഷണ ചുമതല ചൂണ്ടിക്കാട്ടി ഹരിദത്തിനെ ജോസഫ് റോച്ച് കേസില്‍ നിന്നും ഒഴിവാക്കി. ഹരിദത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ചില ഉന്നതര്‍ നിര്‍ദേശിച്ചിരുന്നു. സി.ഐ പ്രധാന മൊഴികള്‍ രേഖപ്പെടുത്താതെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും സത്യസന്ധമായ അന്വേഷണത്തിനു വേണ്ടി ഡിവൈഎസ്പി ഹരിദത്തിനെ തന്നെ അന്വേഷണം ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് റോച്ചിന്റെ സഹോദരി സിബിഐ എസ്.പിക്ക് വീണ്ടും പരാതി നല്കി.
സഭയിലെ ചില വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പുറത്താകുമെന്ന് ഭയന്ന് പെന്തക്കോസ്തു സഭയിലെ ചില ഉന്നതരടക്കമുള്ളവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന സൂചന ലഭിച്ചിരുന്നു. ഇവര്‍ക്ക് രാഷ്ട്രീയ സ്വാധീനവും ഉണ്ട്. സമ്പത്തിന്റെ കൊലപാതകത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ടു പേരെ പ്രതി ചേര്‍ത്ത ഹരിദത്തിനെ തള്ളിപ്പറഞ്ഞു കൊണ്ട് സിബിഐ ഉന്നതര്‍ സുപ്രീംകോടതി വരെ പോയിരുന്നു. ജോസഫ് റോച്ചിന്റെ കേസന്വേഷണത്തിലും ഉന്നതരുടെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് പല തവണ ഹരിദത്തിനെ മാറ്റി നിര്‍ത്തിയ നടപടി.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: