അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാളയുടെ വയറ്റില്‍ കമ്പി കുത്തിക്കയറ്റി. ക്ഷേത്രത്തിന് വെളിയിലൂടെ തീറ്റതേടി നടന്ന കാളയുടെ ദേഹത്താണ് സാമൂഹ്യവിരുദ്ധര്‍ കമ്പി കുത്തിയിറക്കിയത്. വയറ്റില്‍ തറച്ച കമ്പിയുമായി കാള ക്ഷേത്രത്തിലേക്ക് ഓടിയെത്തിയത് ഭക്തരെ വേദനിപ്പിച്ചു. കമ്പി ഊരി മാറ്റാന്‍ ശ്രമിച്ച ഏതാനും ഭക്തരെ കാള അടുത്തേക്ക് അടുപ്പിച്ചില്ല. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിലെ ജീവനക്കാരുള്‍പ്പെടെയുള്ള ഭക്തര്‍ കാളയെ പിടിച്ചുനിര്‍ത്തി കമ്പി ഊരിയെടുക്കുകയായിരുന്നു.
കമ്പി ഊരിയ ശേഷം വേദനസഹിക്കവയ്യാതെ കാള ക്ഷേത്രത്തിന് വെളിയിലേക്ക് ഇറങ്ങിയോടി. പാമ്പിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന മുപ്പല്ലി പോലുള്ള കമ്പിയാണ് ഇതിന്റെ വയറ്റില്‍ കുത്തിയിറക്കിയത്. ക്ഷേത്രത്തിലെ കാള, പശു എന്നിവയെ വളരെ ഭക്തിയോടെ പരിപാലിക്കണമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. ഇതിനിടെയാണ് ആരെയും വേദനിപ്പിക്കുന്ന സംഭവമുണ്ടായത്.
ദേവസ്വം ബോര്‍ഡ് പശുക്കള്‍ക്കും കാളകള്‍ക്കും ഭക്ഷണം നല്കാത്തതിനാല് ഇവ പുറത്ത് അലഞ്ഞുതിരിഞ്ഞ് ഭക്ഷണത്തിനായി പോകുന്നതാണ് സാമൂഹ്യവിരുദ്ധരുടെ അക്രമത്തിനിരയാകുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: