കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹാത്തിബര്ഗ് മാര്‍ക്കറ്റിലുണ്ടായ തീ പിടുത്തത്തില്‍ കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്‍ക്കത്തയിലെ പഴക്കം ചെന്ന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഹാത്തിബര്ഗ്.
വ്യാഴാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. പഴം, പച്ചക്കറി മാര്‍ക്കറ്റിലാണ് ആദ്യം തീ കണ്ടത്. തുടര്‍ന്നു സമീപപ്രദേശത്തേക്കു പടര്‍ന്നു പിടിച്ചു. മേഖലയിലെ കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കടകളില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
തീ നിയന്ത്രണവിധേയമെന്ന് ഫയര്‍ സര്‍വീസ് മന്ത്രി ജാവേദ് ഖാന് അറിയിച്ചു. അഗ്നിശമന സേനയുടെ 30 ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം താറുമാറായി.
വടക്കന്‍ കൊല്‍ക്കത്ത നഗരത്തിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമേറിയ മാര്‍ക്കറ്റുകളിലൊന്നാണ് ഹാത്തിബര്ഗ്. മത്സ്യം, നെയ്യ്, ടെക്സ്റ്റൈല്‍സ്, പഴവര്‍ഗങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് മാര്‍ക്കറ്റില്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: