കേരള രാഷ്ട്രീയത്തിന് നിര്‍ണായകമായ പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് എതിര് സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബിനെതിരെ 12070 വോട്ട് നേടി വിജയിച്ചിരിക്കുകയാണ്. പിറവം നൂല്‍പ്പാലം കടന്നതോടെ യുഡിഎഫിന്റെ കക്ഷി നില 72 ആയി ഉയര്‍ന്നപ്പോള്‍ നെയ്യാറ്റിന്‍കര ശെല്‍വരാജിന്റെ രാജിയെത്തുടര്‍ന്ന് എല്‍ഡിഎഫിന്റേത് 67 ല്‍ ഒതുങ്ങിയിരിക്കുന്നു. പിറവം യുഡിഎഫ് മണ്ഡലമായി അറിയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന് ലഭിച്ചത് വെറും 157 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കന്നി അങ്കത്തില്‍ പിറവത്തെ 12ല്‍ 10 പഞ്ചായത്തിലും വിജയമുറപ്പിക്കാന്‍ അനൂപ് ജേക്കബിനായി. പിറവത്തെ യാക്കോബായ-ഓര്‍ത്തഡോക്സ് ഭിന്നിപ്പ് മുതലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി ഈ പരാജയം. എം.ജെ.ജേക്കബ് ഓര്‍ത്തഡോക്സ് സഭാംഗമാണ്. യാക്കോബായ സഭയും ഇടതുപക്ഷ അനുകൂല സ്വഭാവം പുലര്‍ത്തുന്ന സഭയാണ്. യാക്കോബായ സഭയ്ക്ക് രഹസ്യമായി ആരാധനാ സൗകര്യം ഒരുക്കി എന്ന വാര്‍ത്തയും പ്രതികൂല ഫലം സൃഷ്ടിച്ചിരിക്കാം. എല്‍ഡിഎഫ് പഞ്ചായത്തുകളായ ചോറ്റാനിക്കരയിലും തിരുവാങ്കുളത്തും കൂടി എല്‍ഡിഎഫിന് കിട്ടിയ ലീഡ് 200 വോട്ട് മാത്രമായിരുന്നു. സഭാ തര്‍ക്ക അടിയൊഴുക്കുകള്‍ പ്രയോജനപ്പെട്ടില്ലെന്ന് വ്യക്തം. കേരളം കണ്ടതില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് പിറവം സാക്ഷിയായത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് പൊരുതിയത്. സിപിഎം നേതാക്കള്‍ പിണറായി വിജയനടക്കം പിറവത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിരുന്നു. യുഡിഎഫിന്റെ ചരിത്രത്തില്‍ പ്രകടമാകാത്ത ഒരുമയോടെ മന്ത്രിമാരടക്കം നേതാക്കള്‍ പിറവത്ത് പ്രചാരണം കേന്ദ്രീകരിച്ചപ്പോള്‍ ഭരണതലസ്ഥാനം പോലും പിറവമായി മാറിയിരുന്നു. തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും എന്ന് ഇരുമുന്നണികളും ഉറപ്പിച്ച് പ്രഖ്യാപിച്ചാണ് പ്രചരണം തുടങ്ങിയതുതന്നെ.
സഭാതര്‍ക്കം മാത്രമല്ല ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒരുവട്ടം എംഎല്‍എ ആയിരുന്ന എം.ജെ.ജേക്കബിന്റെ പൊതുസമ്മതിയും വോട്ടാകും എന്ന് ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നു. ഇതാണ് പൊലിഞ്ഞത്. സിപിഎമ്മിലുള്ള വിഭാഗീയതപോലും മാറ്റിവെച്ചായിരുന്നു ഇടതുപക്ഷ പ്രചാരണം. പക്ഷെ 12 പഞ്ചായത്തുകളില്‍ പത്തും യുഡിഎഫിന് ഒപ്പംനിന്നു. യുഡിഎഫ് വിജയം ആഘോഷിക്കുമ്പോഴും ജാതി മത ശക്തികളെ പ്രീണിപ്പിച്ചും എല്ലാതലത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതും പണത്തിന്റെയും മദ്യത്തിന്റെയും കുത്തൊഴുക്കും അധികാര ദുര്‍വിനിയോഗവും യുഡിഎഫ് വിജയത്തിന് കാരണമായെന്നത് കാണാതിരുന്നുകൂടാ. സാമുദായിക പിന്തുണ നേടുന്നതിലും യുഡിഎഫ് വിജയിച്ചു. മന്ത്രിപ്പട പിറവത്ത് ക്യാമ്പ് ചെയ്തത് സാധാരണക്കാരോടിടപ്പെട്ടതും യുഡിഎഫിന് ഗുണകരമായി. ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നാടിളക്കിയ പ്രചാരണവും വിധിയെ സ്വാധീനിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് രാജി വെച്ചതും അതുയര്‍ത്തിയ വിവാദങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്ന് ഇടതുകക്ഷികള്‍ പ്രഖ്യാപിക്കുമ്പോഴും ഈ രാജിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് യുഡിഎഫ് വിജയത്തിന് നല്കിയ സംഭാവന ഏറ്റവും നിര്‍ണായകമായി. സിപിഎം വിട്ട് യുഡിഎഫില്‍ ചേര്‍ന്ന സിന്ധുജോയിയെ വിഎസ് അഭിസാരികയോടുപമിച്ചത് സ്ത്രീവോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള പിറവം മണ്ഡലത്തിലെ ഇടതുമുന്നണിക്കെതിരെ പാര്‍ട്ടിയിലെ വനിതാ നേതാക്കളില്‍പ്പോലും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ 19,000 പുതിയ വോട്ടര്‍മാരുടെ ആനുകൂല്യവും യുഡിഎഫിന് ലഭിച്ചു. ബിജെപിയ്ക്ക് ലഭിച്ചത് 3241 വോട്ടുകള്‍ മാത്രമാണ്. ബിജെപി വോട്ടുകളിലും കുറവ് വന്നത് സമുദായ ധ്രുവീകരണവും എന്‍എസ്എസ്, എസ്എന്‍ഡിപി സാമുദായിക സംഘടനകള്‍ യുഡിഎഫിനെ പിന്തുണച്ചതുമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണച്ചു. മദ്യമന്ത്രിക്കായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല. മദ്യം ഒഴുക്കി നേടിയ വിജയമായി ഇതിനെ കണക്കാക്കുന്നുണ്ട്. മദ്യവും പണവും പിറവം മോഡലില്‍ ഒഴുക്കിയാല്‍ നെയ്യാറ്റിന്‍കരയിലെ വിജയം ഉറപ്പിക്കാം എന്ന് ബിജെപി പറഞ്ഞു കഴിഞ്ഞു. ഒന്‍പതുമാസം മാത്രം പ്രായമുള്ള, മധുവിധു കഴിയാത്ത സര്‍ക്കാരിനെ താഴെയിറക്കി മറ്റൊരു പൊതുതെരഞ്ഞെടുപ്പിനോടുള്ള വോട്ടര്‍മാരുടെ വൈമുഖ്യവും ഈ വിജയത്തിന് കാരണമായിക്കാണാം. സഭാ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടി ഒഴുക്കുകള്‍ പ്രകടമായില്ലെന്നതും സഭാ സ്വാധീനത്തിനുള്ള എം.എ.ബേബിയുടെ ശ്രമം വിഫലമായതും എല്‍ഡിഎഫിന്റെ പരാജയ ഘടകങ്ങളായി. യുവാവ് എന്ന അനൂപ് ജേക്കബിന്റെ പ്രതിഛായയും ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗവും വോട്ടാക്കി മാറ്റാന്‍ ഡെയ്സി ജേക്കബിന്റെ പ്രചാരണ സാന്നിദ്ധ്യവും സഹായകരമായിട്ടുണ്ട്. അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകും എന്ന ആര്യാടന് മുഹമ്മദിന്റേയും ബാബുവിന്റേയും പ്രസ്താവനക്കെതിരെ ഇടതുപക്ഷം ചട്ടലംഘനവാദം ഉയര്‍ത്തി രംഗത്തു വന്നെങ്കിലും മന്ത്രിപദവി സാധ്യതയും ഈ തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇനി കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത് ശെല്‍വരാജ് രാജിവെച്ചൊഴിഞ്ഞ നെയ്യാറ്റിന്‍കര മണ്ഡലത്തിലാണ് ശെല്‍വരാജിന്റെ രാജിയ്ക്കും പിറവത്തും പ്രത്യക്ഷ പ്രത്യാഘാതമുണ്ടായില്ലെങ്കിലും വി.എസ്.അച്യുതാനന്ദന്റെ അനവസര സ്ത്രീവിരുദ്ധ പ്രഖ്യാപനം പിറവം ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. നെയ്യാറ്റിന്‍കരയില്‍ കുതിരക്കച്ചവടം നടത്തി എന്ന ആരോപണം ഉയര്‍ത്തിക്കഴിഞ്ഞ ഇടതുപക്ഷത്തിനും ഭരണപക്ഷക്കാര്‍ക്കും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പും നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: