പെരുമ്പാവൂര്‍: കാസര്‍കോട് മധൂറില്‍ മീപ്പുഗിരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ അറുത്ത പോത്തിന്റെ തല കയറ്റിവെച്ച കേസിലെ പ്രതികളായ രണ്ട് മതതീവ്രവാദികളെ ഇന്നലെ പെരുമ്പാവൂരില്‍നിന്നും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ കാസര്‍കോട് മിപ്പുഗിരി, ആര്.ഡി. നഗറില്‍ ഉസ്മാന്റെ മകന് മുഹമ്മദ് ബിലാല്‍ (21), ജലീല്‍ എന്നിവരെയാണ് നഗരത്തിലെ മുസ്ലീം പള്ളിക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബേക്കറിയില്‍നിന്ന് കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫെബ്രുവരി പതിനൊന്നിനാണ് സംഭവം നടന്നത്. അതിനുശേഷം 14 നാണ് ഇവര്‍ റോയല്‍ ബേക്കറിയില്‍ എത്തിയത്. ബേക്കറി ഉടമയുടെ അറിവോടെയാണ് ഇവര്‍ ഇത്രയും നാള് ബേക്കറിയില്‍ ജീവനക്കാരായി ഒളിവില്‍ കഴിഞ്ഞത്.
പിടിയിലായ മുഹമ്മദ് ബിലാലും കൂട്ടാളികളും വളരെ ആസൂത്രിതമായിട്ടാണ് ക്ഷേത്രദീപസ്തംഭത്തില് പോത്തിന്‍തല കയറ്റിവെച്ചതെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്നിന്നും വ്യക്തമായി. മതതീവ്രവാദികള്‍ മധൂരിലുള്ള മറ്റൊരു സ്ഥലത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതില്‍നിന്നും പോലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധ തിരിക്കാനാണ് അറുത്ത പോത്തിന്റെ തല കൊണ്ടുവെച്ചത്. മതസ്പര്‍ധ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ കേസില്‍ കാസര്‍കോട് സ്വദേശികളായ ഷിഹാബ്, ദില്‍ഷാദ്, റിയാസ്, പള്ളത്ത് ജാബിര്‍ എന്നിവരും പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
റോയല്‍ ഫുഡ്കോര്ട്ടില്നിന്നും ഇതിനുമുമ്പും മതതീവ്രവാദികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഇന്‍ഡോര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇൗരാറ്റുപേട്ടകാരനായ ഒരാളെ ആലുവയിലെ ഒരു സ്ഥാപനത്തില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂരില്‍ മുസ്ലീം മതതീവ്രവാദികള്‍ സുരക്ഷിതാവളമാക്കിയിട്ടുണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഇന്നലത്തെ അറസ്റ്റ്.
മതതീവ്രവാദികള്‍ക്ക് സുരക്ഷിതമൊരുക്കിയ റോയല്‍ ഫുഡ് കോര്‍ട്ട് ഉടമക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകള്‍ നഗരത്തില്‍ ഇന്നലെ പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് കാലടി കവലയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധമാര്‍ച്ച് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കെ.പി. രമേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ കാര്യവാഹ് ആര്. രാജേഷ് സംസാരിച്ചു. താലൂക്ക് കാര്യവാഹ് വിനോദ്, ഇ.ജി. മനോജ്, രഞ്ജിത്ത്, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: