കോട്ടയം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കുനേരെ പോലീസ് കേസ് എടുത്ത സംഭവത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭക്തജനങ്ങള്‍ക്കെതിരെ പോലീസ് നല്കിയ എഫ്ഐആര്‍ ദദ്ദാക്കിയതായും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രവര്‍ത്തിച്ച തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ വി.സി. മോഹനനെ സര്‍വീസില്‍നിന്നും സസ്പെന്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് നടപടി വിവാദമായ സാഹചര്യത്തില്‍ അടിയന്തരമായി കോട്ടയം ടി.ബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സമ്മതിച്ചത്.
പൊങ്കാല നടത്തുന്നതിന് ഹൈക്കോടതി അംഗീകാരം നല്‍കിയിരുന്നതാണ്. ഇക്കാര്യം മാര്‍ച്ച് ആറിന് നിയമസഭയില്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഡപ്യൂട്ടി കമ്മീഷണറാണെന്ന് ഡിജിപി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരായ പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. പോലീസിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റുചെയ്താല്‍ തെറ്റാണെന്ന് തുറന്നുസമ്മതിക്കുന്ന സര്‍ക്കാരാണിത്. തെറ്റ് സമ്മതിക്കുക, തിരുത്തുക, കുറ്റക്കാരെ ശിക്ഷിക്കുക ഇത് മൂന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. എന്നാലും വിവാദമുണ്ടായതില്‍ സര്‍ക്കാരിന് ഖേദമുണ്ട്. എന്നാല്‍ സംഭവത്തെപ്പറ്റി പ്രതികരിച്ചവരില്‍ ചിലര്‍ നേട്ടങ്ങള്‍ക്കായാണ് രംഗത്തിറങ്ങിയത്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വ്യക്തമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ്. പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ പൂര്‍ണ്ണമായും പോലീസിനോട് സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തലമുറകളായി നടക്കുന്ന ആചാരമെന്ന നിലയില്‍ കോടതിവിധിയുടെ പരിധിയില്‍ ആറ്റുകാല്‍പൊങ്കാല വരികയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: