ജഗത്തിന്റെ ഉത്പത്തി സ്വാഭാവികമാണെങ്കില് അതൊരിക്കലും നശിക്കുകയില്ല. സ്വഭാവം കൊണ്ടുതന്നെ വിനാശവും സംഭവിക്കുമെങ്കില്‍ ഉത്പത്തിയേ ഉണ്ടാവുകയില്ല. ഉത്പത്തിവിനാശങ്ങള്‍ രണ്ടും ദ്രവ്യങ്ങളില്‍ സ്വാഭാവികമായി ഒരുപോലെയുള്ളതായി വിചാരിച്ചാല്‍ അങ്ങനെയുള്ള ഉത്പത്തി വിനാശങ്ങളുടെ വ്യവസ്ഥ ഒരിക്കലും ഉണ്ടാവുകയില്ല. ഉത്പത്തിവിനാശങ്ങള്‍ നൈമിത്തികങ്ങളാണെന്നു കരുതിയാല്‍, ആ നിമിത്തത്തെ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നതില്‍ നിന്നു ഭിന്നമായി കരുതണം. ഉത്പത്തിയും വിനാശവും സ്വാഭാവികമായി ഉണ്ടാകുന്നതാണെങ്കില്‍ ഒരേ സമയം രണ്ടും കൂടി ഉണ്ടാവുക വയ്യ. സ്വാഭാവികമായുണ്ടാകുന്നതാണെങ്കില് ഈ ഭൂഗോളത്തിന്റെയടുത്ത് വേറൊരു ഭൂഗോളവും സൂര്യചന്ദ്രന്മാരും മറ്റും ഉണ്ടാകാത്തതെന്തുകൊണ്ട്? ഏതെല്ലാം ചേര്‍ന്ന് ഏതെല്ലാം ഉണ്ടാകുന്നുവോ അവയെല്ലാം ഈശ്വരനിര്‍മിതമായ വിത്ത്, വെള്ളം, ചോറ് മുതലായവയുടെ സംയോഗത്താലുണ്ടാകുന്ന തൃണവൃക്ഷാദികളും കൃമി മുതലായവയും ആണ്. അല്ലാതെ മറ്റാരുമുണ്ടാക്കിയതല്ല. മഞ്ഞള്‍, ചുണ്ണാമ്പ്, നാരങ്ങാനീര് എന്നിവ ദൂരെ നിന്നുവന്ന് സ്വയം ഒന്നിച്ചുചേരുന്നില്ല. ചേര്ക്കാനൊരാളുണ്ടെങ്കിലേ ചേരൂ. വേണ്ടപോലെ കൂട്ടിച്ചേര്‍ത്താലേ സിന്ദൂരം ഉണ്ടാവൂ. അനുപാതം കൂടിയാലോ കുറഞ്ഞാലോ സിന്ദൂരം ഉണ്ടാവുകയില്ല. അതുപോലെ പ്രകൃതി, പരമാണുക്കള്‍ എന്നീ ജഡപദാര്ഥങ്ങളെ പരമേശ്വരന് ജ്ഞാനത്തോടും യുക്തിയോടും കൂടി സംയോജിപ്പിക്കാതിരുന്നാല് കാര്യസിദ്ധിക്കുതകും വണ്ണം വിശേഷവസ്തുവായി പരിണമിക്കുവാന്‍ അവ ശക്തമാവുകയില്ല. അതിനാല്‍ സ്വാഭാവികമായല്ല ഈശ്വരന്റെ രചനകൊണ്ടാണ് സൃഷ്ടി ഉണ്ടാകുന്നത്.
ഇക്കാണുന്ന ജഗത്തിന് ഒരു കര്‍ത്താവ് ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഉണ്ടാവുകയുമില്ല, അനാദികാലം മുതല്‍ ഇത് ഇവ്വണ്ണം തന്നെ, ഇതിന്ന് ഒരിക്കലും ഉത്പത്തി ഉണ്ടായിട്ടില്ല, വിനാശവും ഉണ്ടാവുകയില്ല എന്ന് നാസ്തികര്‍ പറയാറുണ്ട്. ഇതിന്റെ ഉത്തരം കര്‍ത്താവില്ലാതെ ക്രിയയോ ക്രിയാജന്യമായ പദാര്ഥമോ ഉണ്ടാവുകയില്ലെന്നാണ്. പൃഥിവ്യാദികളായ ഏതെല്ലാം പദാര്‍ഥങ്ങളില്‍ സംയോഗ നിമിത്തമായ രചന ദൃശ്യമാണോ അവയൊന്നും ഒരിക്കലും അനാദിയല്ല. സംയോഗം കൊണ്ട് ഉണ്ടാകുന്നത് സംയോഗത്തിനു മുമ്പ് ഉണ്ടായിരിക്കുകയില്ല. വിയോഗത്തിനു ശേഷം നിലനില്ക്കുകയുമില്ല. ഇതു ശരിയാണെന്നു തോന്നുന്നില്ലെങ്കില്‍ വസ്തുക്കളില്‍ ഏറ്റവും കഠിനമായ കരിങ്കല്ല്, വൈരക്കല്ല്, ഉരുക്ക് മുതലായ പദാര്‍ഥങ്ങളില്‍ വിഭിന്ന പരമാണുക്കളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ എന്ന് അവയെ പിളര്‍ന്നു പൊടിച്ചു ഭസ്മമാക്കി നോക്കുക. കൂട്ടിച്ചേര്പ്പുണ്ടെങ്കില് അവ നിശ്ചയമായും കാലക്രമേണ വേര്‍പെട്ടുപോകും.
അനാദിയായ ഒരു ഈശ്വരന് ഇല്ല, യോഗാഭ്യാസംകൊണ്ട് അണിമാദികളായ ഐശ്വര്യങ്ങള്‍ സമ്പാദിച്ചു സര്‍വജ്ഞത്വം തുടങ്ങിയ ഗുണങ്ങളോടു കൂടിയ മുക്തിയെ പ്രാപിച്ച ജ്ഞാനിയായ ജീവാത്മാവു തന്നെയാണ് ഈശ്വരന് എന്ന് ചിലര്‍ വാദിച്ചേക്കാം. അതിനുള്ള ഉത്തരം ജഗത്തിനെ സൃഷ്ടിച്ചിട്ടുള്ളത് അനാദിയായ ഈശ്വരനല്ലെങ്കില് മുക്തി പ്രാപിച്ച ജീവാത്മാക്കള്‍ക്ക് ആശ്രയവും ജീവനരൂപവുമായ ഈ ജഗത്ത്, ശരീരം, ഇന്ദ്രിയ ഗോളങ്ങള്‍ എന്നിവയെല്ലാം എങ്ങനെയുണ്ടാകും എന്ന മറുചോദ്യമാണ്. ഇവയില്ലെങ്കില്‍ ജീവാത്മാവിന് സാധന ചെയ്യാന്‍ കഴിയുകയില്ല. സാധനയില്ലെങ്കില്‍ സിദ്ധനാകുന്നതെങ്ങനെ?
ജീവാത്മാവ് സാധനയിലൂടെ സിദ്ധിയെ പ്രാപിച്ചാലും സ്വയം സനാതനവും അനാദിയും അനന്തസിദ്ധിയുമുള്ള ഈശ്വരനു തുല്യനാവുകയില്ല. ജീവാത്മാവിന്റെ ജ്ഞാനം അതിന്റെ പരമാവധിയിലെത്തിയാലും പരിമിതമായ ജ്ഞാനവും സാമര്ഥ്യവുമേ ലഭിക്കൂ. അനന്തജ്ഞാനവും സാമര്‍ഥ്യവും ലഭിക്കുകയില്ല. നോക്കൂ! ഒരു യോഗിയും ഇന്നുവരെ ഈശ്വരനിര്‍മിതമായ സൃഷ്ടിക്രമത്തെ മാറ്റാന്‍ ശക്തനായിട്ടില്ല. ആവുകയുമില്ല. കണ്ണുകൊണ്ടു കാണുക, ചെവികൊണ്ടു കേള്‍ക്കുക, എന്നിങ്ങനെ അനാദിസിദ്ധനായ ഈശ്വരന് ചെയ്തിട്ടുള്ള ഏര്‍പ്പാടിനെ മാറ്റുവാന്‍ ഒരു യോഗിയും ശക്തനല്ല. അതിനാല്‍ ജീവന് ഒരിക്കലും ഈശ്വരനാവുകയില്ല.
മഹര്‍ഷി ദയാനന്ദ സരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: