തിരുവനന്തപുരം: നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ രാജി യുഡിഎഫിന് ഗുണപരമെന്ന് വിലയിരുത്തുമ്പോഴും അത് കോണ്‍ഗ്രസിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ആര് മത്സരിക്കണമെന്നതിനെചൊല്ലി തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ശെല്വനോട് തോറ്റ തമ്പാനൂര്‍ രവി തന്നെ മത്സരിക്കണമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ ഉറച്ച നിലപാടിലാണ്. എന്നാല്‍ സെല്വന് മത്സരിച്ചാല്‍ ജാതിവോട്ട് സമാഹരിച്ച് വിജയിക്കാന്‍ എളുപ്പമാണെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. ശെല്വന് സീറ്റ് നല്‍കണമെന്ന് വാദിക്കുന്നവരുടെ മുന്‍പന്തിയില്‍ മന്ത്രി വി.എസ്.ശിവകുമാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സില്‍തന്നെ തഴക്കവും പഴക്കവുമുള്ള നേതാക്കള്‍ മത്സരിക്കാനുണ്ടെന്ന് കെ.മുരളീധരന് പറയുമ്പോള്‍ അത് തമ്പാനൂര്‍ രവിക്ക് അനുകൂലമാവുകയാണ്. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ യുഡിഎഫിന്റെ ഭാഗമാകുന്ന കാര്യവും പരിഗണിക്കുമെന്ന സെല്‍വരാജിന്റെ അഭിപ്രായവും ശ്രദ്ധേയമാണ്.
പാര്‍ട്ടി വിടാനിടയുള്ളവരെ തടയാനും തെരഞ്ഞെടുപ്പിനൊരുങ്ങാനും സിപിഎം നീക്കം തുടങ്ങി. ലോക്കല്‍ കമ്മിറ്റികളുടെ അടിയന്തര യോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നേതാക്കളുടെ വിലക്കുകളെ അവഗണിച്ച് കുറേ പേരെങ്കിലും പാറശാല, നെയ്യാറ്റിന്‍കര, നേമം, കോവളം, കാട്ടാക്കട മണ്ഡലങ്ങളില്‍ നിന്നും ശെല്‍വരാജിനോടൊപ്പം പോകുമെന്നാണ് സൂചന.
അതിനിടെ ശെല്‍വന്റെ രാജി ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രസ്താവന. കേരളകോണ്ഗ്രസ്സുകാരനായ നമ്പാടന്മാഷിനെ പണ്ട് സിപിഎം കാലുമാറ്റിയില്ലെ. അത് കതിരക്കച്ചവടമാകുമെങ്കില് ഇതും ആ കണക്കില്‍ പെടുത്താമെന്നാണ് ആര്യാടന് പ്രതികരിച്ചിരിക്കുന്നത്.
ശെല്‍വരാജിന്റെ രാജി സംബന്ധിച്ച് ചര്‍ച്ചകളും കരാര്‍ ഉറപ്പിക്കലും നേരത്തെ തന്നെ നടക്കുന്നതാണെന്ന് വ്യക്തമാണ്. ശെല്‍വരാജിന്റെ രാജിക്കുവേണ്ടി മാത്രമായി ഖജനാവില്‍ നിന്ന് 25 കോടി രൂപ മുടക്കിയെന്നാണ് ആരോപണം. തന്റെ മണ്ഡലത്തിന് വേണ്ടി ഇത്രയും തുക പിടിച്ചുവാങ്ങിയാണ് ശെല്‍വരാജ് രാജിവെച്ചത്. ഒമ്പതുമാസം എംഎല്‍എ ആയിരുന്നപ്പോള്‍ മണ്ഡലത്തിനുവേണ്ടി ഇത്രയും കോടികളുടെ വികസനം ഉണ്ടാക്കിയെന്ന് അവകാശപ്പെടാനുള്ള നീക്കമായിരുന്നു ഇത്. ഇനി ഒരു ഉപതെരഞ്ഞെടുപ്പിന് വീണ്ടും അവസരമൊരുങ്ങിയാല്‍ ഈ വികസനതന്ത്രം പയറ്റുകയുമാവാം.
തുരുത്തിക്കാട് ബിഎഎം സ്കൂളിലെ പൂര്വവിദ്യാര്ത്ഥിയോഗം ഉദ്ഘാടനം ചെയ്യവെ ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലൊരു രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന് പിസി ജോര്‍ജ് പ്രസ്താവിച്ചിരിക്കുന്നു. അത് എംഎല്‍എയുടെ രാജിയാകുമെന്ന് ആരും കരുതിയില്ല. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 25 കോടി കിട്ടിയത്. പാലത്തിന് 16 കോടി. താലൂക്ക് ഓഫീസിന് 3 കോടി, കൂടാതെ പത്തോളം നിര്‍മ്മാണങ്ങള്‍ക്ക് 6 കോടി. തുകയും ഭരണാനുമതിയൊക്കെ പെട്ടെന്ന് പെട്ടെന്ന് ലഭിച്ചു. നിയമസഭയില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ഉന്നയിച്ചതെല്ലാം അംഗീകരിക്കുകയായിരുന്നു. എല്ലാം കണക്കുകൂട്ടി കരുനീക്കി. പാര്‍ട്ടിയില്‍ അതിശക്തമായ വിഭാഗീയതയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന സെല്‍വരാജിന് യുഡിഎഫ് ഒരു പിടിവള്ളി നീട്ടിയപ്പോള്‍ സംശയിച്ചുനിന്നില്ല. പ്രതിപക്ഷത്തുനിന്നൊരാള് രാജിവയ്ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് കരുത്തേകുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്ദുര്ബലമാകുന്നതിന്റെ ലക്ഷണമാണ് പലരുടെയും പ്രതികരണങ്ങളിലൂടെ തെളിയുന്നത്. നൂല്പാലത്തില് നില്ക്കുന്ന സര്‍ക്കാറില്‍ നിന്നും വിലപേശി കാര്യം നേടാന്‍ എംഎല്‍എമാര്‍ക്ക് സാധിക്കും. ഭൂരിപക്ഷം കൂടിയാല്‍ എംഎല്‍എമാര്‍ക്ക് ശക്തിക്ഷയമാണ് സംഭവിക്കുക. ഏതായാലും സമ്മിശ്ര പ്രതികരണമാണ് ഭരണപക്ഷത്തുനിന്നും ഉയരുന്നത്. ഏതായാലും ശെല്‍വരാജ് മത്സരിക്കുന്നതിന് തയ്യാറെടുക്കുന്നു എന്നുവേണം കരുതാന്‍.
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വിഎസ്ഡിപിയുടെ പിന്തുണയും ശെല്‍വരാജിന് ലഭിച്ചേക്കും. അതേസയമം യുഡിഎഫില്‍ ചേരുന്നതിനെക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് പറഞ്ഞതിലൂടെ സിപിഎമ്മില്ത്തന്നെയുള്ള ആനാവൂര്‍ നാഗപ്പന് വിരുദ്ധക്കാരുടെ പിന്തുണയും ലക്ഷ്യമിടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാറശ്ശാലയിലെ ആനാവൂരിന്റെ തോല്‍വിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ശെല്‍വരാജിന പുകച്ചുപുറത്തുചാടിക്കാന്‍ നോക്കുകയായിരുന്നുവെന്ന് അഭിപ്രായമുള്ള സിപിഎം പ്രവര്‍ത്തകരുടെ സഹായവും അദ്ദേഹം പ്രതീക്ഷിക്കുന്നു.
സിപിഎമ്മില്‍ നിന്ന് രാജിവച്ച ആളെ പിന്തുണയ്ക്കാന്‍ യുഡിഎഫിന് ബുദ്ധിമുട്ടുണ്ടാവില്ല. ഒരു സീറ്റുകൂടി കിട്ടുമെന്നതിനാല്‍ അവര്‍ ശെല്‍വരാജിന്റെ പിന്നില്‍ അണിനിരക്കുമെന്ന് കരുതുന്നു. കോണ്‍ഗ്രസിലെ അരഡസനോളം സീറ്റുമോഹികളെ ഈ തീരുമാനത്തിലൂടെ ഒഴിവാക്കാനുമാവും. സിപിഎമ്മിലേക്ക് ഇനി സെല്‍വരാജിന് തിരിച്ചുപോകാനാവില്ല എന്നതും യുഡിഎഫ് കണക്കിലെടുക്കും. കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായാല്‍ ഒടുവില്‍ സെല്വരാജിനാകും അത് തുണയാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: