കൊല്‍ക്കത്ത: മാവോയിസ്റ്റ് വനിതാ സംഘത്തിന്റെ നേതാവ് സുചിത്ര മഹാതോ വെള്ളിയാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുമ്പാകെ കീഴടങ്ങി. ജംഗല്‍ മഹലിലെ അറിയപ്പെടുന്ന ഗറില്ലാ നേതാവായിരുന്നു സുചിത്രാ മഹാതോ. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സഷാധര്‍ മഹാതോയുടെ ഭാര്യയാണ് സുചിത്ര. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി റഡ് ബ്രിഗേഡിെന്റ ഭാഗമായി പടിഞ്ഞാറന്‍ മിഡ്നാപൂരിലെ ജാര്‍ഗ്രാം ഭാഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മാവോയിസ്റ്റ് ബ്രിഗേഡിനെ ജംഗല്‍ മഹലില്‍ സംഘടിപ്പിക്കുന്നതില്‍ സുചിത്ര മഹാതോ പ്രധാന പങ്ക് വഹിച്ചിരുന്നതായി അവരുടെതന്നെ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജുഗരി ബാസ്കെ എന്ന വനിതാ നേതാവും റൈറ്റേഴ്സ് ബില്‍ഡിംഗില്‍ കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ഇരുപതോളം കൊലക്കേസുകള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ ഇവര്ക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. 2010 ഫെബ്രുവരി 15 ന് ഇരുപത്തിനാല് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട കേസില്‍ ഇവര്‍ പ്രതിയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൂടെ സുചിത്രയും ആക്രമണത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ സുചിത്ര കീഴടങ്ങിയതല്ലെന്നാണ് മാവോയിസ്റ്റുകളുടെ വാദം. ഡിസംബര്‍ ആദ്യവാരം അവരെ പോലീസ് പിടികൂടുകയായിരുന്നു. അന്നുമുതല്‍ അവര്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലായിരുന്നു. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ യാത്രകള്‍ ആരാണ് ചോര്‍ത്തിയതെന്ന തര്‍ക്കം ഇതോടെ വീണ്ടും സജീവമാവുകയാണ്. പാര്‍ട്ടിക്ക് അകത്തുനിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കിഷന്‍ജിയെ പോലീസ് വധിച്ചതെന്ന് മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: