ന്യൂദല്‍ഹി: ഇറാന്റെ രഹസ്യസേനയാണ് കഴിഞ്ഞമാസം ദല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ കാര്‍ബോംബ് ആക്രമണത്തിനുപിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.
ആക്രമണത്തിന് പിന്നിലുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരനായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞദിവസം ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അഹമ്മദ് കാസ്മി എന്ന ഇയാള്‍ ഇറാന് മാധ്യമത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്തുണയും മറ്റ് വിവരങ്ങളും നല്‍കിയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13നുണ്ടായ ആക്രമണത്തില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞന്റെ ഭാര്യ ഉള്‍പ്പെടെ നാല്പേര്‍ക്ക് പരിക്കേറ്റിരുന്നു.
ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചോ മറ്റ് കാര്യങ്ങളോ അറിയില്ലെന്ന് 52കാരനായ കാസ്മി ചോദ്യംചെയ്യലില്‍ പറഞ്ഞുവെങ്കിലും ഇറാനിലെ പ്രത്യേക ആര്‍മി സേനയോ, അല്ലെങ്കില്‍ ലെബനീസിലെ ഷിയാ തീവ്രവാദി ഹെസ്ബുള്ളയാകാം ആക്രമണം ആസൂത്രണം ചെയ്തതെന്ന തരത്തിലുള്ള ചില സൂചനകള്‍ ഇയാള്‍ നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനിലെ ഈ പ്രത്യേക സേനയെക്കുറിച്ചും ഇറാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
വരുംദിനങ്ങളില്‍ രണ്ടോമൂന്നോ അറസ്റ്റുകള്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്ത പറഞ്ഞു. കാസ്മിയെ അറസ്റ്റുചെയ്ത സമയത്ത് ഒരു മൊബെയില്‍ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് അധികൃതര്‍ തയ്യാറായില്ല. ആക്രമണപദ്ധതി കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്തതാണെന്ന് കാസ്മി പറഞ്ഞതായും അധികൃതര്‍ പറഞ്ഞു. രണ്ടോ മൂന്നോ പേരാണ് ആക്രമണത്തിന് 15 ദിവസംമുന്പ് ദല്ഹിയിലെത്തിയതെന്നും ഹോട്ടലില്‍ തങ്ങിയ ഇവര്‍ ആക്രമണത്തിനുപയോഗിച്ച ബോംബ് തയ്യാറാക്കുകയും ചെയ്തുവെന്നും കാസ്മി പറഞ്ഞു.
കാസ്മിയുടെ വീട്ടില്‍നിന്നും ഒരു ഇരുചക്രവാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് ആക്രമണത്തിന് നാലുദിവസംമുന്പ്വരെ ഉപയോഗിച്ചതാണ്.
അതേസമയം, അക്രമികളില്‍ പ്രധാനിയായ ആള് ഫെബ്രുവരി 14ന് കാസ്മിയുടെ വീട്ടില്‍നിന്നും ഇറാനിലേക്ക് പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത കാസ്മി 20 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: