ആലപ്പുഴ: ചേര്‍ത്തല മനക്കോടം തീരക്കടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടുകിട്ടിയെന്ന തെറ്റായ പ്രചാരണം ബന്ധുക്കളേയും മത്സ്യത്തൊഴിലാളികളേയും കൂടുതല്‍ ദുഃഖത്തിലാഴ്ത്തി. കാണാതായ ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയെന്നും, ഉച്ചയോടെ തോട്ടപ്പള്ളി ഫിഷിങ് ഹാര്ബറിലെത്തിക്കുമെന്നുമായിരുന്നു എല്ലാ ചാനലുകളിലും ഫ്ലാഷുകളും വാര്‍ത്തകളും നല്‍കിയത്. ഇതേത്തുടര്‍ന്ന് കാണാതായവരുടെ ഉറ്റ ബന്ധുക്കളും മത്സ്യത്തൊഴിലാളികളും തോട്ടപ്പള്ളിയില്‍ മണിക്കൂറുകളോളം കാത്തുനിന്നു. പിന്നീടാണ് ഇത് വ്യാജപ്രചാരണമാണെന്ന് തിരിച്ചറിഞ്ഞത്.
കാണാതായവരുടെ മൃതദേഹമെങ്കിലും ഒരുനോക്കു കാണാമെന്ന ആഗ്രഹത്തോടെയെത്തിയ ബന്ധുക്കള്‍ നിരാശയോടെ മടങ്ങി. രാവിലെ 10 മണിയോടെയാണ് ചാനലുകളില്‍ വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇതറിഞ്ഞ് ഭക്ഷണം പോലും കഴിക്കാതെയാണ് വൈകും വരെ കൊല്ലത്തുനിന്നെത്തിയ ബന്ധുക്കള്‍ തോട്ടപ്പള്ളിയില്‍ കാത്തുനിന്നത്. കരയില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ് മൃതദേഹം ഒഴുകി നടക്കുന്നതായി ചില മത്സ്യത്തൊഴിലാളികള്‍ കണ്ടതായി കരയില്‍ വിവരം ലഭിച്ചതാണ് മൃതദേഹം കിട്ടിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.
തമിഴ്നാട്ടിലെ കുളച്ചലില്‍ നിന്നും മത്സ്യബന്ധനത്തിന് എത്തിയ ബോട്ടിലെ തൊഴിലാളികളാണ് ഇന്നലെ പുലര്‍ച്ചെയോടെ മൃതദേഹം പടിഞ്ഞാറോട്ട് ഒഴുകുന്നത് കണ്ടത്. ഇവര്‍ വിവരം മറ്റ് മത്സ്യതൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ്, നാവികസേന, മറൈന്‍ എന്‍ഫോഴ്സമെന്റ് എന്നിവരേയും വിവരമറിയിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
കാണാതായ ക്ലീറ്റസിന്റെ ബന്ധുക്കളായ സെബാസ്റ്റ്യന്‍, സൈമണ്‍, ഡെറിക്സണ്‍ എന്നിവരാണ് ഇന്നലെ തോട്ടപ്പള്ളി ഹാര്‍ബറിലെത്തിയത്. മത്സ്യത്തൊഴിലാളികള്‍ പലരും പണിക്ക് പോലും പോകാതെ ഹാര്‍ബറില്‍ തടിച്ചുകൂടിയിരുന്നു. ഉദ്യോഗസ്ഥവൃന്ദവും സ്ഥലത്തെത്തി. എന്നാല്‍ വൈകിട്ടോടെ എല്ലാവരും നിരാശയോടെ മടങ്ങുകയായിരുന്നു. നാവികസേനയുടെ ഐഎന്‍എസ് നിരീക്ഷക് ഇന്ന് മുതല്‍ വീണ്ടും തെരച്ചില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: