കൊല്ലം: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ചു കൊന്നുവെന്ന് ആദ്യം കരയിലറിയിച്ചത് ഇന്നലെ കപ്പലിടിച്ച് തകര്‍ന്ന ഡോണ്‍-1 എന്ന ബോട്ട്. സെന്റ് ആന്റണീസ് ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജലസ്റ്റിനും അജീഷ് പിങ്കുവും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ അപ്രതീക്ഷിതമായി കപ്പല്‍ ഇടിച്ച് ഡോണ്‍ തകരുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്നലത്തെ അപകടത്തില്‍ മരണപ്പെട്ട ചവറ കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിനാണ് അന്ന് വയര്‍ലെസ് സെറ്റിലൂടെ പോലീസിനെ കടലിലെ വെടിവെയ്പ് അറിയിച്ചത്.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന നാവികരുടെ കപ്പല്‍ തിരിച്ചറിയാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ സഹായിച്ചത് ജസ്റ്റിനും അന്ന് ഡോണ്‍ എന്ന ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും നല്കിയ നിര്‍ണായക വിവരങ്ങളായിരുന്നു. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയുടെ ലക്ഷണങ്ങള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയത് ഇവരായിരുന്നു.
അതേസമയം കടല്‍ക്കൊല സംബന്ധിച്ച് ഇത്രയും വ്യക്തമായ വിവരങ്ങള്‍ അന്ന് ലഭിച്ചിരുന്നില്ലെങ്കില്‍ ഇറ്റാലിയന്‍ കപ്പല്‍ കണ്ടുപിടിക്കാനാകുമായിരുന്നില്ല എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇന്നലെ കപ്പല്‍ചാലില്‍ നിന്ന് മാറി സഞ്ചരിച്ച കപ്പല്‍ മനപൂര്‍വമെന്നോണം ബോട്ടില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് അപകടത്തില്‍ രക്ഷപെട്ട മത്സ്യത്തൊഴിലാളി കോവില്‍ത്തോട്ടം ജോണി മന്ദിരത്തില്‍ മൈക്കിള്‍ പറയുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും രണ്ട് ലൈറ്റുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും അപകടശേഷം ഇതും അവര്‍ കെടുത്തിയെന്നുമാണ് മൈക്കിള്‍ ചൂണ്ടിക്കാട്ടുന്നത്.
കടല്ക്കൊലയ്ക്കുത്തരവാദികളായ എന്റിക്ക ലെക്സിയെന്ന ഇറ്റാലിയന്‍ കപ്പലും ഇന്നലെ അപകടം സൃഷ്ടിച്ച കപ്പലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരങ്ങള്‍ പിന്നീടുള്ള അന്വേഷണത്തിലേ വ്യക്തമാവുകയുള്ളു. കടലില്‍ മത്സ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ തുടര്‍ച്ചയായി ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന ദുരൂഹതയും തീരദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: