ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസിന്റെ വിചാരണ പാക് സുപ്രീംകോടതിയില്‍ പുനരാരംഭിച്ചു. ഏഴംഗ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. കോടതിയലക്ഷ്യക്കേസ് സംബന്ധിച്ച് ഗിലാനിയുടെ അഭിഭാഷകന് കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. മൂന്ന് സാക്ഷികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയയ്ക്കണമെന്ന് വിശദീകരണത്തില്‍ പറയുന്നു. മുന്‍ നിയമമന്ത്രി ബാബര്‍ ആവന്, നിയമ സെക്രട്ടറി മസൂദ് ചിഷ്ടി, ക്യാബിനറ്റ് സെക്രട്ടറി നര്‍ഗീസ് സേതി എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കേണ്ടത്.
ഗിലാനിയെ സഹായിക്കുന്ന ചില രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് എതിരെ ചില സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് അയക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം തള്ളിയതാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യക്കേസ് ചുമത്താന്‍ കാരണം. എന്നാല്‍ വിചാരണയ്ക്ക് ഗിലാനി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പ്രസിഡന്റിനെതിരെയുള്ള കേസ് പുനഃപരിശോധിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥന്മാരുടെ അഭിപ്രായം ചോദിച്ചുകൊണ്ടുള്ള ഒരു നിര്‍ദ്ദേശമാണ് ലഭിച്ചതെന്നാണ് ഗിലാനിയുടെ വാദം.
സാക്ഷികളെ കോടതിയില്‍ വിസ്തരിക്കുകയാണെങ്കില്‍ കേസില്‍ ഗിലാനിക്ക് ഗുണം ചെയ്യുമെന്ന് ആഷന്‍ വ്യക്തമാക്കി. 2009 ഡിസംബര്‍ മുതല്‍ സര്‍ദാരിക്കെതിരായ കേസ് പുനഃപരിശോധിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന് അകത്തുനിന്നും പുറത്തുനിന്നും എല്ലാ നിയമ നടപടികളില്‍നിന്നും പ്രസിഡന്റിന് നിയമപരിരക്ഷ ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: