കേരളത്തിലെ യുവ-കൗമാര തലമുറ ക്രൂരതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്നതിന് തെളിവാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന റാഗിംഗ് എന്ന മൃഗയാവിനോദം. മറുനാട്ടിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍പ്പോലും മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നത് സീനിയര്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ഇത് കൊളോണിയല്‍ രീതിയുടെ അന്തമായ അനുകരണമോ വെറും പരപീഡന രതിയോ മാത്രമല്ല ഇന്ന് വര്‍ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനായി പണം കണ്ടെത്താനുള്ള ഒരു മാര്‍ഗവും കൂടിയായി രൂപാന്തരം പ്രാപിക്കുകയാണ്. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ സേലത്തുള്ള പ്രൊഫഷണല്‍ കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ യാത്രക്കിടയില്‍ ആക്രമിച്ച് മുഖം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കീറിമുറിച്ചതും ഇരുമ്പ് കമ്പികൊണ്ട് അടിച്ചതും കേരളത്തെ അപമാനിച്ച, ഞെട്ടിച്ച വാര്‍ത്തകളായിരുന്നു. ഈ കുട്ടികള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകേണ്ടി വന്നു. സേലത്ത് വന്നാല്‍ പണം എന്നാണത്രെ സീനിയര്‍ വിദ്യാര്‍ത്ഥി പ്രമാണം. തൂത്തുക്കുടിയിലും കോയമ്പത്തൂരിലും കേരളത്തിലെതന്നെ കൊല്ലത്തും പുനലൂരിലും എല്ലാം റാഗിംഗിന് ഇരകളായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ ഇപ്പോള്‍ ആറ് വിദ്യാര്‍ത്ഥികളുണ്ട്. തൂത്തുക്കുടി കോളേജില്‍ ഹോസ്റ്റല്‍ മുറിയില്‍ കമ്പിയും ഇരുമ്പ് കട്ടയും ഉപയോഗിച്ച് റാഗിംഗിന്റെ പേരില്‍ മര്ദ്ദനമേല്പ്പിച്ചതും മലയാളി വിദ്യാര്‍ത്ഥികള്‍തന്നെ. പെണ്‍കുട്ടികള്‍ പഠിക്കുന്ന പ്രൊഫഷണല്‍ കോളേജുകളിലും സീനിയര്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ പെണ്‍കുട്ടികളെ റാഗിംഗിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലും കുറ്റവാളികള്‍ മലയാളികള്‍തന്നെ. റാഗിംഗ് മൂലം തമിഴ്നാട്ടില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ശാരീരിക-മാനസിക പീഡനങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നവരും ഭാവി നഷ്ടപ്പെട്ട് മാനസികരോഗികളാകുന്നതുമായ കഥകള്‍ ധാരാളമാണ്.
ഇതുവരെ കോളേജ്-പ്രൊഫഷണല്‍ കോളേജ് തലങ്ങളില്‍ ഒതുങ്ങിയിരുന്ന റാഗിംഗ് എന്ന പൈശാചികബാധ ഇപ്പോള്‍ സ്കൂളുകളിലേക്കും കടന്നുകയറിയിരിക്കുന്നു. ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്വണ് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച് കൈയില്‍ ചാപ്പ കുത്തിയ സംഭവം കേരള രക്ഷാകര്‍തൃ സമൂഹത്തിനേറ്റ മാനസിക ആഘാതമായിരുന്നു. മൂന്നുദിവസം കുട്ടിയെ മര്‍ദ്ദിക്കുകയും കോമ്പസ് ഉപയോഗിച്ച് കൈത്തണ്ടയില്‍ ‘ജെ’ എന്ന് വരഞ്ഞ് ചാപ്പ കുത്തുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയും പിതാവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിക്കഴിഞ്ഞു. തിങ്കളാഴ്ച വെള്ളയമ്പലം വിദ്യാധിരാജ വിദ്യാമന്ദിര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് താടിയെല്ലിനും ഞെരമ്പിനും ക്ഷതമേല്‍പ്പിച്ച് ചികിത്സയിലാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച വിവരം അധ്യാപകരെ അറിയിച്ചതിനായിരുന്നു മര്‍ദ്ദനം. ആക്രമിക്കുമ്പോഴും ഇവര്‍ മദ്യലഹരിയിലായിരുന്നുവത്രെ. മറ്റൊരു വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചതിനായിരുന്നു ഈ ക്രൂരമര്‍ദ്ദനം. ഇൗ സ്കൂളില്‍ ഇത് ആദ്യസംഭവമല്ല. റാഗിംഗ് ക്രിമിനല്‍ കുറ്റമാക്കി കടുത്ത ശിക്ഷ നല്കാന് വ്യവസ്ഥ ചെയ്യുന്ന നിയമം കേരളത്തില്‍ നിലവിലുണ്ട്. തമിഴ്നാട്ടിലും റാഗിംഗ് നിരോധനം നിലവിലുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം കേന്ദ്രസര്‍ക്കാര്‍ ഇതിനോടനുബന്ധിച്ച് നിയമിച്ച ഏഴംഗ കമ്മറ്റിയും റാഗിംഗ് തടയാനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ കമ്മറ്റിയും മദ്യവും മയക്കുമരുന്നും ക്യാമ്പസില്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുജിസിയും സര്‍വകലാശാല കമ്മീഷണനും ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ റാഗിംഗ് ഇന്നും അനിയന്ത്രിതമായി തുടരുന്നു.
റാഗിംഗ് വിഷയത്തില്‍ ശിക്ഷകള്‍ പ്രായോഗികമാക്കാത്തത് രാഷ്ട്രീയ-ഉന്നത ബന്ധമോ, രാഷ്ട്രീയ ശക്തികളുടെ ഇടപെടലോ മൂലമാണ്. എഞ്ചിനീയറിംഗ് കോളേജിലെ ഒരു റാഗിംഗ് ഇരയ്ക്ക് മറ്റുള്ള കോളേജില്‍ പോലും തുടര്‍ പഠനം നടത്താന്‍ ഇടതുപക്ഷ സംഘടനകള്‍ അനുവദിക്കാതിരുന്നത് വന്‍ വിവാദമായതാണല്ലോ. വിദ്യാര്‍ത്ഥി സമൂഹം ഈ വിധം മാനസിക വൈകല്യങ്ങള്ക്കടിമപ്പെടുമ്പോഴും കേരള ക്യാമ്പസുകളില്‍ ഹാഷിഷ്, കഞ്ചാവ്, ഇഞ്ചക്ഷനുകള്‍ മാത്രമല്ല ഇപ്പോള്‍ എല്‍എസ്ഡിയും വ്യാപകമാകുന്നുണ്ട്. സ്കൂളുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന അന്യസംസ്ഥാന മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. ഇപ്പോള്‍ കൊച്ചി പോലീസ് എല്‍എസ്ഡി കൈയില്‍ വച്ചതിന് രണ്ടുപേരെ കസ്റ്റഡിയിലെടുത്തുകഴിഞ്ഞു. കേരള യുവതലമുറ പാന്പരാഗില്നിന്നും പശ മണക്കുന്നതില്നിന്നും എത്രയോ പുരോഗമിച്ചുവെന്നാണ് നാവില്‍ വച്ചാല്‍ 14 മണിക്കൂര്‍ ലഹരി നല്കുന്ന എന്‍എസ്ഡി ഉപയോഗത്തില്‍നിന്ന് വ്യക്തമാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാര്‍ത്ഥി സമൂഹത്തെയും കൂടുതല്‍ ജാഗ്രതയോടെ രക്ഷാകര്‍ത്താക്കളും നിയമസംവിധാനവും നിയന്ത്രിച്ചാല്‍ മാത്രമേ നിയമവ്യവസ്ഥപോലും പ്രായോഗികമാകുകയുള്ളൂ.
പോളിയോ നാടുനീങ്ങുമ്പോള്‍
ഇന്ത്യ പോളിയോ വിമുക്തമാകുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ആശ്വാസകരമാണ്. കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ മഹാവ്യാധി ഇന്ത്യക്ക് ഒരു മാരക വിപത്തായിരുന്നു. ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി ആവിഷ്ക്കരിച്ച പോളിയോ നിര്‍മാര്‍ജന പദ്ധതിയുടെ വിജയമായി ഇതിനെ കണക്കാക്കുന്നു. കേരളം ഒരു പതിറ്റാണ്ടിന് മുമ്പുതന്നെ പോളിയോ വിമുക്തമായിരുന്നു. കേരളത്തില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്ത പോളിയോ ബാധ മലപ്പുറത്തായിരുന്നു. പക്ഷേ പോളിയോ കുത്തിവയ്പ്പുകളും തുള്ളി മരുന്നുകളും ഇന്നും കേരളത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നു. 1995 മുതല്‍ തുള്ളിമരുന്ന് നല്കി തുടങ്ങിയ രോഗനിര്‍മാര്‍ജന യജ്ഞമാണ് ഇപ്പോള്‍ വിജയം കണ്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്.
പക്ഷേ പിന്നോക്ക-ആദിവാസി മേഖലകളില്‍ ഇത് സജീവമാണോ എന്നും കുട്ടികള്‍ പോളിയോ വിമുക്തരാണോ എന്നും സ്ഥിരീകരിക്കേണ്ടതാണ്. ആദിവാസി-പിന്നോക്ക വര്‍ഗക്കാരുടെ ശോചനീയാവസ്ഥ അധികാര-മാധ്യമ ശ്രദ്ധയില്വരാതെ പോകാറുണ്ട്. മൂന്നുവര്‍ഷം ഇന്ത്യ പോളിയോ വിമുക്തമായി തുടര്‍ന്നാല്‍ മാത്രമേ പോളിയോ രോഗബാധയില്‍നിന്നും രാജ്യം പൂര്‍ണമായി വിമുക്തമായി എന്ന് അംഗീകരിക്കപ്പെടുകയുള്ളൂ. കേരളത്തിന്റെ ഉയര്‍ന്ന ആരോഗ്യനിലവാരം എന്നും പ്രശംസാവഹമായിരുന്നു. പക്ഷേ ഇന്ന് ആരോഗ്യരംഗത്തെ അപച്യുതിയും വ്യാപിക്കുന്ന ജീവിതശൈലി രോഗങ്ങളും കേരളവും അനാരോഗ്യ ഭീഷണിയിലാണെന്ന് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: