വേദങ്ങളില്‍ അനേകദേവതകളെ പ്പറ്റി പറഞ്ഞിട്ടുള്ളതിന്റെ താത്പര്യമെന്താണെന്ന് നോക്കാം. പൃഥിവി മുതലായവയ്ക്ക് ദിവ്യഗുണങ്ങളുള്ളതു കൊണ്ടാണ് അവയെ ദേവതകളെന്നു പറയുന്നത്. എന്നാല്‍ ഇവ ഈശ്വരനാണെന്നോ, ഉപാസനായോഗ്യമാണെന്നോ അംഗീകരിച്ചിട്ടില്ല.
വേദ മന്ത്രങ്ങളില്‍ “ഏതൊരുവനില്‍ സകല ദേവതകളും സ്ഥിതിചെയ്യുന്നുവോ അവനെയത്രേ അറിയേണ്ടതും ഉപാസിക്കേണ്ടതും” എന്നു പറഞ്ഞിട്ടുള്ളതു നോക്കുക. ദേവന് എന്നു കേട്ടാല്‍ ഈശ്വരന് എന്നു ഗ്രഹിക്കുന്നതു തെറ്റാണ്. ദേവന്മാരുടെയുംകൂടി ദേവനായതുകൊണ്ടാണ് സര്‍വേശ്വരനെ മഹാദേവനെന്നു പറയുന്നത്. സകല ലോകങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നവനും ന്യായാധീശനും അധിപതിയും അദ്ദേഹം തന്നെ.
“ത്രയസ്ത്രിംശത്രിശതാ”- ഇത്യാദി പ്രമാണം വേദങ്ങളിലേതു തന്നെയാണ്. ശതപഥ ബ്രാഹ്മണത്തില്‍ ഇതിന്റെ വ്യാഖ്യാനം നോക്കുക. “മുപ്പത്തിമൂന്നു ദേവതകള്‍ ഈ കണക്കനുസരിച്ചാണ് – പൃഥിവി, ജലം, അഗ്നി, വായു, ആകാശം, ചന്ദ്രന്, സൂര്യന്, നക്ഷത്രങ്ങള്‍ എന്നിവ സൃഷ്ടിയുടെ വാസസ്ഥാനമാകയാല് എട്ടു വസുക്കളാണ്. പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, നാഗന്, കൂര്‍മന്‍, കൃകലന്‍, ദേവദത്തന്, ധനഞ്ജയന്, ജീവാത്മാവ്, എന്നീ പതിനൊന്നു രുദ്രന്മാരും ശരീരത്തെ ത്യജിച്ചു പോകുമ്പോള്‍ രോദനം ചെയ്യിക്കുന്നവരാണ്. അതിനാല്‍ രുദ്രന്മാരെന്നു പറയുന്നു.
സംവത്സരത്തിലെ പന്ത്രണ്ടു മാസങ്ങള്‍ എല്ലാവരുടെയും ആയുസ്സിനെ അപഹരിക്കുന്നതു കൊണ്ട് ദ്വാദശാദിത്യന്മാര്‍ എന്നു പറയുന്നു. പരമമായ ഐശ്വര്യത്തിനു കാരണം മിന്നലാകയാല് അതിനെ ഇന്ദ്രന് എന്നു പറയുന്നു. വായു, മഴ, വെള്ളം, ഔഷധികള്‍ എന്നിവയെ ശുദ്ധീകരിക്കുന്നതിനാലും വിദ്വജ്ജനങ്ങളുടെ സത്കാരം അനേക വിധത്തിലുള്ള ശില്പവിദ്യകളുടെ പ്രചാരം എന്നിവയാലും പ്രജകളെ പാലിക്കുന്നതു കൊണ്ടും യജ്ഞത്തിനും പ്രജാപതി എന്ന് പറയുന്നു. ഇപ്പറഞ്ഞ മുപ്പത്തിമൂന്നും മുന്‍ പറഞ്ഞ ഗുണങ്ങളുള്ളതിനാല്‍ ദേവതകളാണ്. ഇവയുടെയെല്ലാം അധിപതിയും എല്ലാറ്റിനെക്കാളും ബൃഹത്തുമായ സര്വേശ്വരന് മുപ്പത്തിനാലാമത്തെ ദേവനും എല്ലാവര്ക്കും ഉപാസ്യനുമാണ്. ഇത് ശതപഥബ്രാഹ്മണത്തില്‍ പതിനാലാം കാണ്ഡത്തില്‍ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ ശാസ്ത്രങ്ങള്‍ നോക്കിയാല്‍ വേദങ്ങളില്‍ അനേകം ഈശ്വരന്മാരെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന തെറ്റിന്റെ വലയില്‍ കുടുങ്ങാതിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: