പൂര്വാപരങ്ങളുടെ അനനുസാധനം അനുസന്ധാനമില്ലായ്മ കൊണ്ടുണ്ടായ ഭ്രമമാണ് കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടുതന്നെ നൂറ്റാണ്ടുകാലം ജീവിക്കാന്‍ ഇച്ഛിക്കണമെന്നത്. എങ്ങനെയെന്നാല്‍, വിദ്യയേയും, അവിദ്യയേയും ഒരുമിച്ച് അറിയുന്നുവെന്ന് പറഞ്ഞിട്ട്, “അവിദ്യകൊണ്ട് മൃത്യുവിനെ തരണം ചെയ്തിട്ട് വിദ്യകൊണ്ട് അമൃതം അനുഭവിക്കുന്നു” എന്ന്, വിദ്യയും അവിദ്യയും വിഭിന്നവിഷയങ്ങളാകയാല് സമുച്ചയം ഇല്ലന്ന് ശ്രുതി കാട്ടിത്തരുന്നു. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് മനു ‘തപസ്സും വിദ്യയും രണ്ടും വിപ്രന് നിഃശ്രേയസ്കരങ്ങളാണ്’ എന്ന് പറയുന്നിടത്ത് സമുച്ചയാശങ്കയുണ്ടാകുമെന്ന് കരുതി ‘തപസ്സുകൊണ്ട് കല്മഷത്തെ ഹനിക്കുന്നു. വിദ്യകൊണ്ട് അമൃതം ഭുജിക്കുന്നു, തപസിന് നിത്യനൈമിത്തികലക്ഷണമായ കര്മ്മത്തിന് അന്തഃകരണശുദ്ധിയില് മാത്രമേ വിനിയോഗം കാണിച്ചിട്ടുള്ളൂ. അതുപോലെ ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വവും ഈശ്വരനാല്‍ പരമാത്മാവിനാല്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു, എന്ന് സര്‍വ്വവും ബ്രഹ്മാണെന്ന് പറഞ്ഞിട്ട്, ബ്രഹ്മാത്മകമായ സര്വഹും ബ്രഹ്മായി കാണുന്നവനും ആ ദര്‍ശനം കൊണ്ടുതന്നെ കൃതാര്ത്ഥനുമായ ജ്ഞാനിക്ക് വേറെ സാധിക്കാനൊന്നുമില്ല. ആ ജ്ഞാനി ത്യാഗം കൊണ്ടുമാത്രം ആത്മപരിപാലനം നടത്തണമെന്ന് പറഞ്ഞിട്ട്, ആത്മവേദികളല്ലാത്തവര് എങ്ങനെ ആത്മപരിപാലനം നടത്തണമെന്ന് ആശങ്കിച്ചാണ് ശ്രുതി, “അജ്ഞാനി ഈ ലോകത്ത് കര്‍മ്മം ചെയ്തുകൊണ്ടുതന്നെ നൂറ്റാണ്ടുകാലം ജീവിക്കാന്‍ ഇച്ഛിക്കണം. അല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. വേദോക്തകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ട് കര്‍മം നരനെ ബാധിക്കുന്നില്ല.” എന്ന് പറയുന്നത്.
ഏവം ഭൂതനായ നിന്നില്‍ നരമാത്രാഭിമാനിയായ അജ്ഞനില്‍ അവിദ്യനിമിത്തം മുന്‍ജന്മങ്ങളിലും ഈ ജന്മത്തിലും ഉണ്ടായ പാപത്തിന് വേര്‍പെടലും നാശവും വരാത്തതുകൊണ്ട് കര്‍മ്മം ചെയ്തുകൊണ്ടുതന്നെ യാവജ്ജീവം കഴിയണമെന്ന് നരമാത്രാഭിമാനിയായ അജ്ഞന്റെ ശുദ്ധിക്ക് വേണ്ടിയാണ് ജീവിതകാലം മുഴുവന്‍ കര്‍മ്മത്തെ അനുശാസിക്കുന്നത്. ഈ വാക്യങ്ങള്‍കൊണ്ട് കര്മ്മത്തിന് ശുദ്ധിസാധനത്വം ഉണ്ടെന്നേ മനസ്സിലാക്കാന്‍ കഴിയൂ. മോക്ഷസാധനത്വം ഒട്ടുമില്ല.
ശുദ്ധവും ഫലസംഗവിവര്ജിതവുമായ നിത്യനൈമിത്തിക കര്‍മ്മങ്ങള്‍കൊണ്ട് സത്ത്വശുദ്ധി ആര്ജ്ജിച്ചശേഷമേ യോഗാരൂഢനാകുകയുള്ളൂ. യോഗാരൂഢന് അനന്തരം വിഷ്ണുവിന്റെ പരമമായ പദം പ്രാപിക്കുന്നു. ഗുരുഭക്തി, ധൈര്യം, ധര്മ്മഭക്തി, ശ്രുതം (വിദ്യ), വിഷ്ണുഭക്തി എന്നിവകൊണ്ടാണ് എപ്പോഴും അമലമായ ജ്ഞാനം ഉണ്ടാകുന്നത്. അതുകൊണ്ട് ധര്മ്മപരനായിത്തീര്ന്ന് വേദത്തിലും, ഈശ്വരനിലും വിശ്വസിച്ച്, ഫലമെല്ലാം പരമാത്മാവായ വാസുദേവനില്‍ സമര്‍പ്പിച്ച്, വേദോക്തങ്ങളായ നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ബുദ്ധിമാന് ശുദ്ധസ്വത്വനും യോഗാരൂഢനുമായിത്തീരുന്നു. കര്മ്മത്തിന് ശുദ്ധി ധ്വാരേണ മോക്ഷസാധനത്വം ഭവിക്കുന്നു എന്ന് ഭഗവാന് വക്തമാക്കുന്നു. “തപസ്സും കര്‍മ്മവും കൊണ്ട് വിദ്വാന് പുണ്യം നേടുന്നു. പുണ്യംകൊണ്ട് പാപത്തെ നശിപ്പിക്കുന്നതോടുകൂടി അയാള്‍ ജ്ഞാനത്താല്‍ പ്രദീപ്തമായ ആത്മാവോടുകൂടിയവനായിത്തീരുന്നു. ജ്ഞാനം കൊണ്ട് വിദ്വാന് ആത്മാവിനെ പ്രപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: