പാലക്കാട്: പാലക്കാട് ജില്ല കൊടുംചൂടില്‍ ഉരുകിതുടങ്ങി. വേനല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ജില്ലയിലെ ചൂട് 41 ഡിഗ്രിയിലെത്തി. ഒപ്പം വറക്കാറ്റും. സാധാരണ ശിവരാത്രി കഴിഞ്ഞാല്‍ കാറ്റ് കുറയുമെന്നാണ് പഴമൊഴി. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പക്ഷേ അത് എരിയുന്ന ചൂടിന് ആശ്വാസമാകുന്നു.
ഇതിനുമുമ്പ് 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പാലക്കാട്ടുകാര്‍ അനുഭവിച്ചിരുന്നു. ഈ നിലക്കു പോയാല്‍ ഏറെതാമസിയാതെ സൂര്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ വേനലില്‍ ആദ്യമായി ജില്ലയിലെ താപനില 40 ഡിഗ്രി കഴിഞ്ഞു. ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞാല്‍ സൂര്യാഘാതത്തിനു വഴിയൊരുക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ സൂര്യാഘാതമേറ്റ് ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റിരുന്നു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും മറ്റും ഉള്ളപ്പോള്‍ വികിരണങ്ങള്‍ അതില്‍ തട്ടി ചിതറുക വഴി മനുഷ്യശരീരത്തില്‍ നേരിട്ടേല്ക്കാനുള്ള സാധ്യത കുറവാണ്. സംസ്ഥാനത്ത് ആദ്യമായി സൂര്യാഘാത മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ഇത്തവണ വേനല്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ 35 ഡിഗ്രി സെല്‍ഷ്യസിലും മുകളിലാണു ജില്ലയിലെ താപനില. ഉയര്‍ന്ന ചൂടു രേഖപ്പെടുത്തിയെങ്കിലും ആര്‍ദ്രത കുറഞ്ഞിരിക്കുന്നതാണാശ്വാസം.
മുന്‍ വര്‍ഷങ്ങളില്‍ താപനില 40 ഡിഗ്രി കടന്നപ്പോള്‍ ജില്ലയിലെ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചിരുന്നു. ഇത് അപകടനിരക്കു കുറയ്ക്കാന്‍ സഹായകമായി. റോഡ്, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ എന്നിവര്‍ക്കാണു സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കാനുള്ള സാധ്യത കൂടുതല്‍. മറ്റു അസുഖമുള്ളവരും ശ്രദ്ധിക്കണം.
ഉച്ചക്ക് 12 മുതല്‍ രണ്ടുമണിവരെ തുടര്‍ച്ചയായി വെയില് ഏറ്റുള്ള പണികള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെയിലില്‍ പണിയെടുക്കുന്നതിനിടെ തളര്‍ന്നു വീണാല്‍ തണലിലേക്കു മാറ്റി കിടത്തുകയും ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം. കഴിയുന്നതും വേഗം ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: