കൊച്ചി: തിരുക്കൊച്ചി നിയമസഭയിലെ നിയോജകമണ്ഡലമായിരുന്ന പിറവത്തിനു കേരളനിയമസഭയിലേക്കു തങ്ങളുടെ പ്രതിനിധിയെ അയക്കുന്നതിനു 1977 വരെ കാത്തിരിക്കേണ്ടിവന്നു. തിരുക്കൊച്ചിയിലുണ്ടായിരുന്നെങ്കിലും ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായതിനു ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പുകളില് ഇങ്ങനെയൊരു മണ്ഡലമുണ്ടായിരുന്നില്ല. പിന്നീട് 1977-ലെ മണ്ഡല പുനര്നിര്ണയകാലത്താണ് പിറവം രൂപമെടുക്കുന്നത്. ജില്ലയിലെ മണ്ഡലങ്ങള്‍ക്കിടയിലെ ബേബിയായി അങ്ങനെ പിറവം. എന്നാല്‍ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലവും പിറവം തന്നെ. ഏകദേശം 1.80 ലക്ഷം.
തിരുകൊച്ചിയിലും 1951ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് പിറവം ഉണ്ടായിരുന്നത്. കോണ്‍ഗ്രസിലെ എം.വി.ചെറിയാനായിരുന്നു അന്നത്തെ പ്രതിനിധി. എന്നാല്‍ 54-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലമുണ്ടായിരുന്നില്ല. കേരളപ്പിറവിക്കുശേഷം 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിറവത്തിന്റെ സമീപസ്ഥലമായ രാമമംഗലത്തിന്റെ പേരിലായിരുന്നു നിയോജകമണ്ഡലം. ആ മണ്ഡലത്തിനും മൂന്നു വര്‍ഷം മാത്രമായിരുന്നു ആയുസ്. 60-ലെ തെരഞ്ഞെടുപ്പിനു ശേഷം രാമമംഗലവും ചരിത്രത്തിന്റെ ഭാഗമായി. രണ്ടുതവണയും കോണ്‍ഗ്രസിലെ ഇ.പി.പൗലോസായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
പിന്നീട് 65, 67, 70 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പിറവത്തുകാര്‍ മറ്റു മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 77-ലെ പുനര്‍നിര്‍ണയത്തോടെയാണ് പിറവം വീണ്ടും വരുന്നത്. ആ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ടി.എം.ജേക്കബ് പിറവത്തിന്റെ ആദ്യ പ്രതിനിധിയായി. 80-ല്‍ കോണ്‍ഗ്രസ്(യു)ലെ പി.സി.ചാക്കോയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. 82-ല്‍ കോണ്‍ഗ്രസ്(എ)യിലെ ബെന്നി ബഹ്നാനും 87-ല്‍ സിപിഎമ്മിലെ ഗോപി കോട്ടമുറിക്കലും വിജയിച്ചു.
1991-ല്‍ കേരള കോണ്‍ഗ്രസ്(എം)ലെ ടി.എം. ജേക്കബ് വീണ്ടും വിജയിയായി. പാര്‍ട്ടിയിലെ പിളര്‍പ്പിനെതുടര്‍ന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) രൂപീകരിച്ച അദ്ദേഹം 96-ലും 2001-ലും വീണ്ടും വിജയിയായി. 2006-ലെ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസി(കെ) സ്ഥാനാര്‍ഥിയായാണ് ടി.എം.ജേക്കബ് മല്‍സരിച്ചത്. 5150 വോട്ടിന്റെ ഭൂരിപക്ഷത്തിനു അദ്ദേഹത്തെ പരാജയപ്പെടുത്തി സിപിഎമ്മിലെ എം.ജെ. ജേക്കബ് ഒരിക്കല്‍ കൂടി സിപിഎമ്മിനു മണ്ഡലത്തില്‍ വിജയം നേടിക്കൊടുത്തു. 2011 ല്‍ ടി.എം.ജേക്കബ് 157 വോട്ടിന്റെ വ്യത്യാസത്തില്‍ എം.ജെ.ജേക്കബിനെയാണ് തോല്‍പ്പിച്ചത്.
കണയന്നൂര്‍ താലൂക്കിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ നഗരസഭയില്‍ ലയിച്ച തിരുവാങ്കുളം, മൂവാറ്റുപുഴ താലൂക്കിലെ ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍ അടങ്ങിയതാണ് ഇപ്പോഴത്തെ മണ്ഡലം. 2009-ലെ മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലായി പിറവം. അക്കൊല്ലം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ജോസ് കെ. മാണിക്കു മണ്ഡലത്തില്‍ 27368 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം പ്രദേശങ്ങള്‍, ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി ഉള്‍പെടെ മൊത്തം പഞ്ചായത്തുകളും യുഡിഎഫിനൊപ്പമായിരുന്നു. പിറവത്താദ്യമായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: