അക്രമത്തിന്റെ അടങ്ങാത്ത ആവേശമുള്ള, വിപ്ലവത്തിന്റെ നാടെന്ന കുപ്രസിദ്ധിയുള്ള കണ്ണൂരിലെ ജനങ്ങള്‍ക്കുമീതെ വീണ്ടും സംഘര്‍ഷത്തിന്റെ തീക്കനല്‍ വീണു തുടങ്ങിയിരിക്കുന്നു. ഒരുതരത്തിലും സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ബന്ധപ്പെട്ട കക്ഷികള്‍ക്കുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഭരണം പോയതിന്റെ കലിയാണെങ്കില്‍ ലീഗിന് ഭരണം കൈപ്പിടിയിലായതിന്റെ അഹങ്കാരമാണ്. അധീശത്തിനായി ഇരുകക്ഷികളും കൊമ്പുകോര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സമാധാനവും ശാന്തിയുമാണ്. കണ്ണൂരിലെ പട്ടുവത്ത് ഒരു ചെറുപ്പക്കാരനെ അരുംകൊല ചെയ്തുകൊണ്ട് സിപിഎം ആ ജില്ലയില്‍ ആരംഭിച്ചിരിക്കുന്ന തെരുവുയുദ്ധം ഏതൊക്കെ വഴികളിലൂടെ പടര്ന്നുകത്തുമെന്ന ആശങ്കയാണെങ്ങും.
സംഘര്‍ഷത്തിന് വിത്തുപാകുന്നതില്‍ പൊതുവെ വിരുതുള്ള സിപിഎം സംഘത്തിനെതിരെയുള്ള പ്രതിരോധത്തെതുടര്‍ന്ന് കുറേ സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതാണ് കണ്ണൂര്‍ പെട്ടെന്ന് അക്രമത്തില്‍ മുങ്ങാന്‍ കാരണം. പാര്‍ട്ടിക്കാരെ കാണാന്‍ പോയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, എംഎല്‍എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടയുകയും അക്രമത്തിന് മുതിരുകയും ചെയ്തതോടെയാണ് സംഘര്‍ഷം പെട്ടെന്ന് കടുത്തത്. വ്യാജ പ്രചാരണത്തില്‍ മുമ്പന്തിയിലുള്ള സിപിഎം മേപ്പടി സംഭവങ്ങള്‍ എരിവും പുളിയും കൂട്ടി അണികളെ പ്രകോപിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഭവഗതികള്‍ ഭീകരമായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ എന്ന 24 കാരന് വെട്ടേറ്റ് മരിച്ചത്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണില്‍ അക്രമവും കൊള്ളിവെപ്പും പടരാന്‍ അര നിമിഷം പോലും വേണ്ട. ഭരണത്തിലുള്ളപ്പോള്‍ തങ്ങള്‍ക്കുനേരെ നടത്തിയ കിരാത പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ലീഗും തയാറായതോടെ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാത്ത തരത്തിലായി. സംഭവഗതികളില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും യുഡിഎഫും ഇന്നലെ കണ്ണൂരിലും മയ്യഴിയിലും ഹര്‍ത്താല്‍ ആചരിക്കുകയുമുണ്ടായി. ആര്‍ക്കാണ് കൂടുതല്‍ രാഷ്ട്രീയ കരുത്ത് എന്ന് നോക്കാനുള്ള അവസരമായിരുന്നു ഹര്‍ത്താല്‍. ജീവനില്‍ കൊതിയുള്ളതുകൊണ്ട് അവിടത്തെ ജനങ്ങള്‍ ഒതുങ്ങിക്കൂടി. അതിനാല്‍ ഹര്‍ത്താല്‍ വന്‍ വിജയമാണെന്ന് ഇരുകൂട്ടരും ഘോഷിക്കുകയും ചെയ്തു.
നേരത്തെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതുപോലെ, സിപിഎമ്മിന് സംഘര്‍ഷമില്ലാതെ ജീവിക്കാനാവില്ല. അതിന് എന്തെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. പണ്ടൊക്കെ റോഡില്‍ വെച്ചോ മറ്റോ ആയിരുന്നു വെട്ടിക്കൊലയെങ്കില് ഇപ്പോള്‍ ചമ്പല്കൊള്ളക്കാരെപോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങളാണ്. കൊലയും കൊള്ളിവെപ്പും അവരുടെ തത്വശാസ്ത്രത്തിന് ശക്തിപകരുന്ന ഉപാധികളായിരിക്കുന്നു. പാര്‍ട്ടിയുടെ കോണ്‍ഗ്രസ് നടക്കാന്‍ പോകുന്ന കോഴിക്കോട് ജില്ലയെ വിറപ്പിച്ചുകൊണ്ട് ഈയടുത്ത ദിവസമാണ് ഒരു യുവതൊഴിലാളി നേതാവിനെ വീടുകയറി ഭാര്യയുടെയും അമ്മയുടെയും മുമ്പിലിട്ട് വെട്ടിക്കൊന്ന് ദേഹത്ത് വെട്ടുകല്ല് കയറ്റിവെച്ചത്. എത്രമാത്രം കിരാതമായിരുന്നു ആ സംഭവമെന്ന് പറയേണ്ടതില്ല.
ഏതുതരത്തിലും തങ്ങളുടെ രാഷ്ട്രീയാധീശത്വം അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യമേ പാര്ട്ടിക്കുള്ളു. അതിന് ഏതറ്റംവരെ പോകാനും അവര്‍ തയാറാവുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന വലിയ ഭീഷണി. കേരളത്തിന്റെ രാഷ്ട്രീയ സംഘര്‍ഷം പരിശോധിക്കുന്ന ഒരാള്‍ക്ക് ഇവയിലെ മാര്‍ക്സിസ്റ്റ് സാന്നിധ്യം വളരെയെളുപ്പം കണ്ടുപിടിക്കാനാവും. ഏത് കൊലപാതകത്തിന്റെയും സംഘര്‍ഷത്തിന്റെയും ഒരു ഭാഗത്ത് പാവങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായിരിക്കും. എന്തേ ഇങ്ങനെ വരാന്‍ എന്നതിനെക്കുറിച്ച് ആര്‍ജവമുള്ള ഒരു ഗവേഷകനും ഇതുവരെ അന്വേഷിച്ചിട്ടില്ല. അഥവാ അന്വേഷിച്ചുചെന്നാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല എന്ന തിരിച്ചറിവാകാം അവരെ പിന്തിരിപ്പിക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഭരണം ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു; പാര്‍ട്ടി വളര്‍ത്താനുള്ള ഉപാധി.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഭരണക്കസേരയില്‍ ഇരിക്കാന്‍ അത്യാവശ്യം സൗകര്യം കിട്ടിയ മുസ്ലീംലീഗിന് വാസ്തവത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി മനസ്സിലായിട്ടില്ല. പോലീസിനെക്കൊണ്ട് സിപിഎം ചെയ്യിച്ച പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്താനുള്ള കോപ്പ് അവരുടെ കൈവശമില്ല. പുതുപണക്കാരുടെ പളപളപ്പും ഭരണത്തണലും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണവര്‍. കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖല, ചോമ്പാല്‍ തുടങ്ങിയവിടങ്ങളിലും സിപിഎമ്മിനെ അടിച്ചുപതം വരുത്താനുള്ള തീവ്രശ്രമത്തിലാണവര്‍. പണ്ട് സിപിഎമ്മിന്റെ കരുത്തായിരുന്ന എ.കണാരന്റെ പേരില്‍ ഒരുപാട് ചോരയൊഴുകിയ സ്ഥലമാണ് നാദാപുരം മേഖല. അവിടെ ഇപ്പോഴും സംഘര്‍ഷം ചുരമാന്തുന്നുണ്ട്. ഏതാണ്ട് അതേ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയുള്ള സ്ഥലമാണ് കണ്ണൂരിലെ തളിപ്പറമ്പ്, പട്ടുവം പ്രദേശങ്ങള്‍.
യുഡിഎഫ് ഭരണത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുണ്ടെന്ന് സമൂഹമധ്യത്തില്‍ തെളിയിക്കണമെന്ന വാശി മുസ്ലിംലീഗിനുണ്ട്. മതേതര കാപട്യം കാട്ടി എല്ലാ തീവ്രവാദികള്‍ക്കും അവര്‍ ഒത്താശചെയ്തുകൊടുക്കുന്നുമുണ്ട്. ഒരു ഭാഗത്ത് സമാധാനവും ശാന്തിയും ആഹ്വാനം ചെയ്യുന്നവര്‍ തരം കിട്ടുമ്പോള്‍ മുസ്ലീം വര്‍ഗീയ വാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നു എന്ന ദു:ഖസത്യം ആരും കാണുന്നില്ല. അടുത്തിടെ മുസ്ലീം തീവ്രവാദികള്‍ പെരുമ്പാവൂരിലും കാസര്‍കോടും അഴിഞ്ഞാടിയതിന്റെ ഞെട്ടല്‍ ഇന്നും സമൂഹമനസ്സിലുണ്ട്. മാന്യമായ ഒരു പ്രതികരണം പോലും മുസ്ലീം ലീഗില്‍ നിന്ന് അപ്പോഴൊന്നും ഉയര്‍ന്നിരുന്നില്ല എന്ന കാര്യം സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഈയവസ്ഥ ഭീതിദമാണ്. സ്വൈരവും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് എല്ലാ വിശ്വാസവും നഷ്ടപ്പെടാന്‍ ഇടവെക്കുന്നതാണ്.
രാഷ്ട്രീയ കശാപ്പില്‍ വളരെ മുമ്പെ കരുത്തരായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ് മുസ്ലീംലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. സിപിഎമ്മിനെ തകര്‍ക്കല്‍ മാത്രമാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അതിന് ഏത് മുസ്ലീം തീവ്രവാദസംഘടനകള്‍ക്കും അവര്‍ അവസരം കൊടുക്കും. വല്ലാത്തൊരു സ്ഥിതിവിശേഷമായിരിക്കും അതുമൂലമുണ്ടാവുക. ഏറെ വിവാദമായിരിക്കുന്ന തിരുകേശപ്രശ്നം പോലും സിപിഎം തെരുവില്‍ ചര്‍ച്ചചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കാന്തപുരത്തിന് കരുത്ത് പകരാന്‍ മുസ്ലീംലീഗ് തയാറായിക്കൂടായ്കയില്ല. മത കാര്യങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടേണ്ട എന്ന് കാന്തപുരം അഭിപ്രായപ്പെട്ടത് വെറുതെയല്ല. പിറവം മുന്നില്‍കണ്ട് ക്രിസ്തുവിനെ ആശ്ലേഷിച്ചവര്‍ കാന്തപുരത്തിനെ ഒരു കൈപ്പാടകലെ മാറ്റി നിര്‍ത്തിയതിന്റെ രാഷ്ട്രീയം എന്താണെന്ന് അറിയാനിരിക്കുന്നതേയുള്ളു.
ഭരണപക്ഷത്തുള്ള കക്ഷിയും പ്രതിപക്ഷത്തെ പാര്‍ട്ടിയും മത്സരിച്ച് കൊലയും കൊള്ളിവെപ്പും തുടരുന്നത് കേരളത്തിന്റെ മനസ്സാക്ഷിയെ മരവിപ്പിക്കാനേ ഇടയാക്കൂ. ഇക്കാര്യം ഇരു കക്ഷികളും മനസ്സിലാക്കണം. എന്തൊക്കെപ്പറഞ്ഞാലും ഒരു ജനപ്രതിനിധി ജനങ്ങളെ കാണാനെത്തുമ്പോള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ഇക്കാര്യം ഭരണത്തിലുള്ള ലീഗ് മനസ്സിലാക്കണം. സമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ സിപിഎമ്മിനെക്കാള്‍ ഉത്തരവാദിത്തം കാട്ടേണ്ടവരാണ് മുസ്ലീംലീഗ്. അതേയവസരത്തില്‍ പ്രതിപക്ഷ മര്യാദ കാണിക്കാന്‍ സിപിഎമ്മും ശ്രദ്ധവെക്കണം. കുപ്രചാരണം വഴി ജനങ്ങളുടെ ജീവനും സ്വത്തിനും കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ വാസ്തവത്തില്‍ തങ്ങള്‍ പരാജയപ്പെടുകയാണെന്ന് തിരിച്ചറിയാനുള്ള പക്വത നേതൃത്വത്തിനുണ്ടാകണം. ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുന്ന സംസ്കാരത്തിന് എന്നും തിരിച്ചടികളേ ഉണ്ടായിട്ടുള്ളു എന്ന് മനസ്സിലാക്കുകയും വേണം. എത്രയും പെട്ടെന്ന് സംഘര്‍ഷം ശമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കക്ഷികള്‍ നടത്തണം. ഒപ്പം ഭരണകൂടവും പോലീസും കര്‍ക്കശമായ നടപടികള്‍ക്ക് മുന്നിട്ടിറങ്ങുകയും വേണം. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനുള്ള ശ്രമത്തെ മുളയിലേ നുള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: