അനന്ത ശാസ്ത്രം ബഹുലാശ്വ വിദ്യാഃ
അല്‍പശ്ച കാലോ ബഹു വിഘ്നതാ ച
യത്സാരഭുതം തദുപാസനീയം
ഹംസോ യഥാ ക്ഷീരമിവാംബു മദ്ധ്യാല്‍
ശ്ലോകാര്‍ത്ഥം : നമ്മുടെ ശാസ്ത്ര പരമ്പര അനന്തമാണ്. അത് വിവിധതരം വിജ്ഞാനം സമ്മാനിക്കുന്നു. നമ്മുടെ ജീവിതകാലം ആകട്ടെ വളരെ ഹ്രസ്വവും. ഇതിനിടയിലോ പലതരം തടസ്സങ്ങളും അതുകൊണ്ട് ഈ വിജ്ഞാന പ്രപഞ്ചത്തെ ഉപാസിക്കുന്ന ഒരു അന്വേഷകന് അരയന്നത്തിന്റെ ശൈലിയാണ് സ്വീകരിക്കാന്‍ നല്ലത്.
അരയന്നത്തിന്റെ കഥ ഭാവനയുടെ ഫലമാണ്. നീരക്ഷീരന്യായം എന്നറിയപ്പെടുന്ന ഒന്നില്‍ വിവരിക്കുന്നതിങ്ങനെ. പാലും വെള്ളവും മിശ്രമാക്കിവച്ചാല് അതില്‍ നിന്ന് വെള്ളമുപേക്ഷിച്ച് പാലുമാത്രം ആഗിരണം ചെയ്യാന്‍ അരയന്നത്തിന് കഴിവുണ്ട്. വിജ്ഞാനദാഹിയായ ഒരു ഉപാസകനെ സംബന്ധിച്ചും ഈ നയം തന്നെയാണ് നല്ലത്. കാരണമുണ്ട്. സമുദ്രതുല്യം വിശാലമായ ഗ്രന്ഥസമൂഹങ്ങളാണ് നമ്മുടെ മുമ്പില്‍. വേദങ്ങളുണ്ട്, ആരണ്യകങ്ങളുണ്ട്, ബ്രാഹ്മണങ്ങളുണ്ട്, യൂണിഷത്തുക്കളുണ്ട്, സ്തോത്രങ്ങളുണ്ട്, പുരാണങ്ങളുണ്ട്, ഇതിഹാസങ്ങളുണ്ട്, ശാസ്ത്രങ്ങളുമുണ്ട്. ഇവയത്രയും മനുഷ്യജീവിതത്തിന്റെ വിശകലനം മാത്രം അടങ്ങുന്നവയാണ്. മറ്റുപലരും പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍ തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ ഹൈന്ദവ മതപ്രബോധനങ്ങളല്ല.
മതവിശ്വാസം ഊട്ടിയുറപ്പിക്കുന്നത് പുരാണങ്ങളില്‍ മാത്രം. അതൊഴിച്ച് മറ്റുള്ളവ ഏത് നിരീശ്വരവാദിയും വായിച്ചിരിക്കേണ്ടതാണ്. അങ്ങനെ പൂര്‍വ്വികരെക്കുറിച്ചും പൂര്‍വകാല ജീവിതത്തെക്കുറിച്ചും പഠിച്ചിരിക്കേണ്ടതാണ്. അതിന് ഉദ്യമിക്കുന്ന ഒരാള്‍ക്ക് ഈ പരമ്പരയെ അത്ര എളുപ്പമൊന്നും ഗ്രഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അരയന്നത്തിന്റെ ശൈലി അനുകരിക്കാന്‍ പറഞ്ഞത്.
– എം.പി.നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: