ഇരിട്ടി: അണികള്‍ വ്യാപകമായി നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് മലയോര മേഖലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമായി. പായം ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള ആറ് ബ്രാഞ്ച് കമ്മറ്റികള്‍ പിരിച്ചു വിട്ടത് അണികളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മെമ്പര്‍മാര്‍ ഐക്യകണ്ഠേന തെരഞ്ഞെടുത്ത ബ്രാഞ്ച് സെക്രട്ടറിമാരെയാണ് ഇവിടെ കഴിഞ്ഞദിവസം മാറ്റിയത്. ആഴ്ചകള്‍ക്ക് മുമ്പ് അയ്യന്‍കുന്നില്‍ രണ്ട് ലോക്കല്‍ സെക്രട്ടറിമാരെ സസ്പെണ്റ്റ് ചെയ്തിരുന്നു. ഇവിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് അംഗങ്ങളെയും സസ്പെണ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ഥലങ്ങളിലും അണികളും നേതൃത്വവുമായുള്ള പ്രശ്നങ്ങളാണ് നടപടികള്‍ക്ക് കാരണമായത്. ചീങ്ങാകുണ്ടം, കാടമുണ്ട, അളപ്ര, കല്ലുമുട്ടി, എടൂറ്‍, പെരുവംപറമ്പ് എന്നീ ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്. പാര്‍ട്ടി ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക നേതൃത്വത്തിനെതിരെ അണികളില്‍ നിന്നും ഉയര്‍ന്ന നിലപാടുകളും പഞ്ചായത്ത് ഭരണസമിതിയിലെ പ്രശ്നങ്ങളും പഞ്ചായത്തിനെതിരെ പാര്‍ട്ടി അണികള്‍ തന്നെ സമരം നടത്തിയതും മറ്റുമുള്ള പ്രശ്നങ്ങളാണ് നടപടിക്ക് കാരണമായത്. ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെ പഞ്ചായത്തിണ്റ്റെ പല ഭാഗങ്ങളിലെയും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. തങ്ങളെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്ന നയമാണ് മേല്‍ക്കമ്മറ്റികളുടെ പിന്തുണയോടെ ലോക്കല്‍ കമ്മറ്റി നടത്തുന്നതെന്നും പരാതിയുണ്ട്. ആറ് സെക്രട്ടറിമാരെ മാറ്റിയ നടപടി ഏതാനും ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവയില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യും. ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉത്തമനെ മാറ്റി എല്‍സി മെമ്പര്‍ വിനോദ് കുമാറിനും കാടമുണ്ട ബ്രാഞ്ചിലെ രാജ് കമലിനെ മാറ്റി വി.കെ.ചന്തു വൈദ്യരെയും കല്ലുമുട്ടിയില്‍ ദിനേശനു പകരം എല്‍സി അംഗം എന്‍.രവീന്ദ്രനും അളപ്രയില്‍ കെ.സുരേന്ദ്രന് പകരം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.വി.രമാവതിയും പെരുവംപറമ്പില്‍ പി.എം.ദിവാകരന് പകരം സുനില്‍ ബാബുവുമാണ് പുതിയ ബ്രാഞ്ച് സെക്രട്ടറിമാര്‍. എടൂരില്‍ റിനീഷിനെ മാറ്റിയെങ്കിലും പുതിയ ആളെ നിയമിച്ചിട്ടില്ല. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഡി.സിന്ധുവിണ്റ്റെ ഭര്‍ത്താവാണ് കല്ലുമുട്ടി ബ്രാഞ്ച് സെക്രട്ടറി ദിനേശന്. കാടമുണ്ടയില്‍ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സി.കെ.രവീന്ദ്രന് ദീര്‍ഘകാല അവധിയെടുത്തതിനെ തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ നേതാവായ രഞ്ജിത്ത് കുമാര്‍ സെക്രട്ടറിയായി വന്നത്. എല്‍ഐസി ഏജണ്റ്റും പൊതുജനങ്ങള്‍ക്ക് സുപരിചിതനുമായ പി.എം.ദിവാകരനെ പെരുവംപറമ്പ് മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് മാറ്റിയത്. റോഡിണ്റ്റെ ശോചനീയാവസ്ഥക്കെതിരെ ചീങ്ങാക്കുണ്ടത്ത് സിപിഎം പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. എഐവൈഎഫ് അഖിലേന്ത്യാ നേതാവിണ്റ്റെ സഹോദരിയും പെരുവംപറമ്പ് യു.പി സ്കൂള്‍ അധ്യാപികയുമായ യുവതിയെ സ്കൂളില്‍ വെച്ച് മുഖത്തടിച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ യുവനേതാവിനെ ഇവിടെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഒരു വിഭാഗം അണികളില്‍ അസംതൃപ്തിക്ക് കാരണമായിരുന്നു. മര്‍ദ്ദിച്ച സംഭവത്തില്‍ ഒരുവിഭാഗം പാര്‍ട്ടി അണികള്‍ തന്നെ ചുമരെഴുത്തും മറ്റും നടത്തിയിരുന്നു. അണികളുടെ ചില നടപടികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ അണികള്‍ തിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലും പൊട്ടിത്തെറി വ്യാപകമാണ്. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎം പിടിച്ചെടുത്ത ആനപ്പന്തി സഹകരണ ബാങ്കിലെ ഏഴ് ഡയരക്ടര്മാര് പാര്‍ട്ടിയെ അറിയിക്കാതെ രാജിവെച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. ഇതുവഴി ബാങ്കിണ്റ്റെ ഭരണവും സിപിഎമ്മിന് നഷ്ടപ്പെട്ടു. അടുത്തകാലത്തായി ഡിഐസിയിലൂടെ സിപിഎമ്മിലെത്തിയ നേതാവിന് പാര്‍ട്ടി കൂടുതല്‍ പ്രാധാന്യം കൊടുത്തതാണ് ഇവിടെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. സിപിഎം ഭരിക്കുന്ന കീഴൂറ്‍ ചാവശ്ശേരി പഞ്ചായത്തിലും ഭരണസമിതിക്കെതിരെ സിഐടിയു സമരം പ്രഖ്യാപിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. പാര്‍ട്ടി സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മില്‍ അഭിപ്രായഭിന്നത ഏറി വന്നിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അച്ചുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡുകളും മറ്റും പ്രത്യക്ഷപ്പെടുന്നതും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: