ബന്ധനാനി ഖലു സന്തി ബഹുനി
പ്രേമരജ്ജുദൃഢബന്ധനം അന്യത്
ദാരുഭേദ നിപുണോളപി ഷഡം ഘൃര്
നിഷ്ക്രിയോ ഭവതി പങ്കജകോശോ
ശ്ലോകാര്‍ത്ഥം : “ലോകത്തില്‍ ബന്ധങ്ങള്‍ പലതരമാണ്. ഓരോന്നും നമുക്കേറ്റവും അമൂല്യവുമാണ്. അതിലേറ്റവും ശക്തവും ദൃഢവുമായ ബന്ധം സ്നേഹമാണ്. നോക്കൂ! വണ്ടുകള്‍ മരം തുരന്ന് വീടുണ്ടാക്കുന്നു അത് താമരപ്പൂവിന്റെ ഇതളുകള്‍ക്കിടയില്‍ ബന്ധിതമായിത്തീരുന്നു! കാരണം മറ്റൊന്നുമല്ല പൂവിനോടുള്ള സ്നേഹം.”
വികാരത്തിന്റെ പരമകോടിയില്‍ മനുഷ്യന് അശക്തനായിത്തീരുന്നു. കോപം കൊണ്ട് കലിതുള്ളുമ്പോഴും സങ്കടംകൊണ്ടും, ദുഃഖംകൊണ്ടും ബോധം കെടുമ്പോഴും ആനന്ദംകൊണ്ട് പൊട്ടിച്ചിരിക്കുമ്പോഴും സ്നേഹം കൊണ്ട് മതിമറക്കുമ്പോഴും മനുഷ്യന് ദുര്ബലന് തന്നെ. ഈ ബലഹീനത സ്വയം അംഗീകരിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യാറുണ്ട് നമ്മളൊക്കെ. യഥാര്‍ത്ഥ സ്നേഹമുള്ളപ്പോള്‍ അല്പം പോലും സ്വാര്ത്ഥത്തിനവിടെ സ്ഥാനമില്ല. സ്വാര്ത്ഥത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സ്നേഹം കപടമാണ്. സ്നേഹമളക്കാന്, ത്യാഗമളന്നാല് മതി. ഇതൊക്കെ പഴയ കഥ. ഇന്ന് ഇത്തരം ബന്ധങ്ങള്‍ പ്രത്യക്ഷമല്ലാതായിരിക്കുന്നു. ഒരു സമൂഹത്തിന്റെ കെട്ടുറപ്പ് അതിലെ അംഗങ്ങള്‍ക്ക് പരസ്പരമുള്ള ത്യാഗമാണ്. അല്ലെങ്കില്‍ സ്നേഹമനോഭാവമാണ്. സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ സ്നേഹം എന്ന ബന്ധവും ത്യാഗം എന്ന ബോധവും കുറഞ്ഞുവരുന്നു.
ഇവിടെ നല്കിയ ഉദാഹരണം ഒരു വണ്ടിന്റെ കഥയാണ്. മരണം തുളച്ചുവീടുണ്ടാക്കാന് കരുത്തുള്ള വണ്ട് താമരകൂമ്പുമ്പോള് അതിനുള്ളില്‍ ബന്ധിക്കപ്പെടുന്നതിന് കാരണം സ്നേഹമാണ്. താമരയോടുള്ള സ്നേഹം. എത്ര പ്രാകൃതനും ക്രൂരനും നിഷേധിയും ആയാലും അവനെ സംസ്കരിച്ചെടുക്കാന്‍ ഒരു നല്ല മനുഷ്യനാക്കാന്‍ സ്നേഹം എന്ന വികാരത്തിന് കഴിയും. സംസ്കാരത്തിന്റെയും സാമൂഹ്യബോധത്തിന്റെയും അടിവേര് സ്നേഹമാണ്. കൂട്ടുകുടുംബങ്ങളും അതിനുള്ളില്‍ തങ്ങിനിന്നിരുന്ന വിവിധ സ്നേഹബന്ധങ്ങളും കെട്ടുപാടുകളുമൊക്കെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. കുമാരനാശാന്റെ ‘സ്നേഹമാണഖിലസാരമൂഴിയില്‍’ എന്ന ശ്ലോകം ഇവിടെ സംഗതമാണ്.
– എം.പി.നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: