ഇന്ദ്രിയവിഷയങ്ങള്‍ നിറച്ചുവയ്‌ക്കാവുന്ന ഒരു പാത്രമല്ല യഥാര്‍ത്ഥ നിങ്ങള്‍, ബുദ്ധിവൃത്തി, ആഗ്രഹിക്കാന്‍ കഴിയുന്ന വസ്തുക്കളുടെ നിശ്ചയം മാത്രം. അത് സ്വരൂപമല്ല. സ്വരൂപം എന്നത് എല്ലാ ദര്‍ശനങ്ങളുടെയും – ഭൗതികവും ആത്മീയവുമായ എല്ലാ ദര്‍ശനങ്ങളുടെയും – അന്തഃസത്തയാണ്. അതില്‍ ഏതും വിചാരവികാരാത്മകമായി തോന്നിമറയുന്നു. അത് ഒരു വ്യക്തിക്കോ വസ്തുവിനോ ദൃശ്യമാകാതെ അവ്യക്തമായും എല്ലാ ദൃശ്യങ്ങളിലും പൂരിതമായും ഇരിക്കുന്നു. ആ ഉണ്മ മാത്രമാണ് നാം.
തന്നെക്കുറിച്ച് ബോധവാനാകാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടാവുകയില്ല. മറ്റുള്ള ഏതിനെക്കുറിച്ചും ബോധവാനാകൂ എന്നതിന് അതിനെ അറിയേണ്ടതുണ്ട്. അതിനായി അതിന്റെ പേരും പരിധിയുള്ളതും മാറുന്നതുമായ രൂപവും ആവശ്യമായിവരുന്നു. എന്നാല്‍ തന്റെ ശരീരത്തെ മറ്റ് ശരീരങ്ങളില്‍ നിന്ന് വേര്‍തിരിച്ച് വ്യവഹരിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ നല്‍കിയ പേരില്‍ താന്‍ തന്നെ അറിയേണ്ടതില്ല. ഇരുട്ടില്‍ ഒറ്റയ്‌ക്കിരിക്കുന്ന ആളെ മറ്റൊരാള്‍ വന്ന് ഇന്നയിടത്ത് ഇന്നാരാണ് താന്‍ എന്ന് പറഞ്ഞുതരേണ്ടതില്ല. അപ്പോള്‍ തന്നെക്കുറിച്ച് താന്‍ എപ്പോഴും ബോധവാനാണ്. മറ്റുള്ളവയെക്കുറിച്ച് അങ്ങനെയല്ല. അറിവില്‍പ്പെട്ടതോ പെടാത്തതോ ആയതേതിനും ‘താന്‍’ എന്ന ബോധത്തിലേ നിലനില്‍പ്പുള്ളൂ. താന്‍ ദേഹമല്ല എന്ന കാര്യത്തില്‍ ഒരാള്‍ക്ക് സംശയിക്കാനും വയ്യ. എന്തുകൊണ്ടെന്നാല്‍ എന്റെ ദേഹം എന്ന് ഒരാള്‍ പറയുമ്പോള്‍ ദേഹം എന്നതിനെ അറിയുന്ന ആള്‍ ദേഹമല്ല എന്നാണ് മനസ്സിലാവുന്നത്. അയാള്‍ ‘ഞാന്‍’ എന്നാണ്. അത് ദേഹം അഥവാ ജഡം അറിയിക്കുന്ന ഒരറിവല്ല. ജഡത്തെക്കുറിച്ച് ബോധവാനാകും ജഡബോധത്തെ വിസ്മരിക്കാനും കഴിയുന്നത് ഞാനിനാണ്. അതിനാല്‍ തന്നെക്കുറിച്ച് ഒരാളും അബോധത്തിലല്ല. ബോധവാനാകാനായി താനൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ബോധം താന്‍ തന്നെയാണ്. ഉണ്മ എന്നത് ഉള്ളതിനാല്‍ അതുവരെ ഇല്ലാതിരുന്ന ഒരു ജഡവസ്തു ഉണ്ട് എന്ന് അനുഭവിക്കുന്നു, അത്രമാത്രം. താന്‍ ശരീരത്തില്‍ മാത്രമല്ല, ശരീരത്തിന് പുറത്തും വ്യാപിച്ചുനില്‍ക്കുന്നു. ശരീരമില്ലാത്ത താനാകുന്ന ഉണ്മയ്‌ക്ക് ശരീരമാകുന്ന ഉപാധി വേണ്ടിവരുന്നു. ഒരു കെട്ടിടത്തിലിരുന്ന് അതിന്റെ വാതായനങ്ങളിലൂടെ പുറംലോകം വീക്ഷിക്കുന്നതുപോലെ ശരീരം ഉപകരണം മാത്രം.
തന്റെ കാഴ്ചയായിട്ടുള്ള ശരീരവും ലോകവും അറിയുന്നതില്‍ തന്റെ പങ്ക്, താന്‍ ഉണ്ടെന്നും, അറിയാന്‍ കൂട്ടാക്കിയതുകൊണ്ട് അറിയാന്‍ കഴിഞ്ഞു എന്നുമാണ്. അല്ലാതെ അറിയാന്‍ കഴിഞ്ഞതുകളൊന്നും അറിഞ്ഞവന് മുന്‍പേ ഇല്ലായിരുന്നു. എന്നോ ഉണ്ടായിരുന്നു എന്നോ വാദിക്കാന്‍ സാദ്ധ്യമല്ല. കുറഞ്ഞപക്ഷം എന്റെ അറിവില്‍ ഇല്ലാതിരുന്ന ഒരു വസ്തുവും അറിയുന്നതിന് മുന്‍പ് ഉണ്ടായിരുന്നു എന്ന് പറയാന്‍ എനിക്ക് കഴിയുന്നില്ല. അതിനെ അറിയാത്ത ഞാന്‍ അറിയാത്തവനായിട്ടുണ്ടായിരുന്നു എന്നുപറയാം. ശേഷം അറിയുന്നവനായി. പിന്നെ ഞാന്‍ അറിഞ്ഞത് ഒഴിഞ്ഞ് ഞാന്‍ മാത്രമായി.
– സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: