പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് പച്ചക്കൊടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തി. നാടിന് വികസനമുണ്ടാകണം എന്ന ആഗ്രഹിക്കുന്നയാളാണ് താനെന്നാണ് ഇതിന് മുഖ്യമന്ത്രി പറയുന്ന ന്യായം. വിവിധ പരിപാടികളുമായി പത്തനംതിട്ടയില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.
ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കുന്ന കാര്യം തള്ളിക്കളയാനാവില്ല. മദ്ധ്യതിരുവിതാംകൂറില്‍ വിമാനത്താവളം വേണമെന്നുതന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും എന്നു പറഞ്ഞ മുഖ്യമന്ത്രി വിമാനത്താവളം സംബന്ധിച്ച് ജനസമ്പര്‍ക്ക പരിപാടിയിലടക്കം പരാതികള്‍ ലഭിച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അജ്ഞത നടിക്കുകയും ചെയ്തു. വിമാനത്താവള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ടെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ ആരോപണവും മുഖ്യമന്ത്രി അറിഞ്ഞമട്ട് കാണിച്ചില്ല. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടത്തുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ആറന്മുളയില് സര്‍ക്കാര്‍ ഭൂമി വിമാനത്താവള അധികൃതര്‍ കൈയേറിയിട്ടുണ്ടോ എന്ന മറു ചോദ്യം മാധ്യമപ്രവര്‍ത്തകരോട് ഉന്നയിക്കുകയും ചെയ്തു. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ അനുവാദവും നല്‍കിയത് അച്യുതാനന്ദന് സര്‍ക്കാരാണെന്നും വികസന കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തന്റെ സര്‍ക്കാര്‍ ഇല്ലാതാക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പ്രധാന മന്ത്രി വാഗ്ദാനം ചെയ്ത ഐ.ഐ.റ്റി. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ ആദ്യവര്‍ഷംതന്നെ സംസ്ഥാനത്തിന് അനുവദിക്കണമെന്ന് മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് നഗര മന്ത്രാലയത്തില്‍ നിന്നും ഉടന്‍ അനുവാദം ലഭിക്കും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അതിവേഗ റെയില്‍വേ ഇടനാഴിക്ക് ജപ്പാന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിക്ക് ഈ മാസംതന്നെ തറക്കല്ലിടും. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. തീയതി ഉടന്‍ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: