കൊല്ലം: സിപിഎമ്മിനെ വിമര്‍ശിച്ച്, വിഎസിനെ പുകഴ്ത്തി സിപിഐ പ്രതിനിധി സമ്മേളനം. സിപിഎം മുന്നണി മര്യാദ പാലിച്ചിരുന്നെങ്കില്‍ ഭരണത്തില്‍ തുടരാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട സിപിഐ നേതാക്കള്‍ വിഎസ് കൂട്ടുകക്ഷിഭരണത്തില്‍ രാഷ്ട്രീയ മര്യാദ കാട്ടിയ നേതാവാണെന്ന് പുകഴ്ത്താനും മറന്നില്ല. വിജയിച്ച സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രിയും ഉന്നതമായ രാഷ്ട്രീയ ബോധം കാട്ടിയ നേതാവുമാണദ്ദേഹമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 68 സീറ്റുകള്‍ ഇടതുമുന്നണിക്ക് നേടിക്കൊടുക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് കാര്യമായ പങ്കുവഹിക്കാന്‍ കഴിഞ്ഞെന്നാണ് സിപിഐയുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസിന്റെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സിപിഎം സമ്മേളനത്തില്‍ ചോദിച്ചാല്‍ മതിയെന്നായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം. സിപിഎം മുന്നണി മര്യാദ പാലിച്ചിരുന്നെങ്കില്‍ കൈവിട്ട അഞ്ചുസീറ്റെങ്കിലും ഒപ്പം നില്‍ക്കുമായിരുന്നുവെന്ന് പ്രതിനിധി സമ്മേളനത്തിലുയര്‍ന്ന ചര്‍ച്ചകളെ ചൂണ്ടിക്കാട്ടി സിപിഐ നേതാക്കള്‍ പറഞ്ഞു.
ഇടതുപക്ഷ ഐക്യം നിര്‍ണായകമാണ്. എന്നാല്‍ അതിന് ആശയപരമായ വ്യക്തിത്വവും സംഘടനാപരമായ വ്യക്തിത്വവും ആര്‍ക്കു മുമ്പിലും അടിയറ വെക്കാനാകില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടും ശരിയായ നിലപാടും സംരക്ഷിച്ചുകൊണ്ടു തന്നെ ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുന്നോട്ട് പോകും. എല്‍ഡിഎഫിനെ സൃഷ്ടിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ച പ്രസ്ഥാനമാണ് സിപിഐ എന്ന് ഓര്‍മ്മിപ്പിക്കാനും നേതാക്കള്‍ മറന്നില്ല.
കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി സി.കെ. ചന്ദ്രപ്പന് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സിപിഎമ്മിനുള്ള വിമര്‍ശനങ്ങളല്ല മറിച്ച് ബന്ധം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ മാത്രമാണ്. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഐ ശ്രമിക്കുന്നില്ല. എന്നാല്‍ സിപിഐയുടെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന ഒരു നിലപാടിനും വഴങ്ങിക്കൊടുക്കാനുമാവില്ല.
പൊന്നാനി, ഏറനാട് പോലെയുള്ള സിപിഎം ഇടപെടലുകള്‍ക്കെതിരെ പ്രതിനിധി സമ്മേളനത്തില്‍ ശക്തമായ വിമര്‍ശനമാണുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആ പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഇനി ഉണ്ടാകില്ലെന്ന് സിപിഐക്ക് ഉറപ്പുണ്ടെന്ന് പ്രതിനിധി സമ്മേളന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം കഴിഞ്ഞാല്‍ ആ സീറ്റ് അത് ലഭിച്ച പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് പ്രകാരം അവിടെ ഒരു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നിര്‍ത്തിയാല്‍ മുന്നണി ഒപ്പം നില്‍ക്കണം. അതിനെ മറികടന്ന് മറ്റൊരിടപെടല്‍ നടത്തുന്നത് രാഷ്ട്രീയ മര്യാദയല്ല. ഇത് സിപിഎമ്മുകാര്‍ക്കും ബോധ്യം വന്നിട്ടുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സിപിഎം സമ്മേളനത്തെപ്പറ്റി പാര്‍ട്ടി സെക്രട്ടറി സി.കെ. ചന്ദ്രപ്പന് പറഞ്ഞതെല്ലാം പാര്‍ട്ടിയുടെ നിലപാടുകള്‍ തന്നെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും എതിരഭിപ്രായമുള്ളവര്‍ പാര്‍ട്ടിയുടെ വേദിയില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രപ്പനെ വിമര്‍ശിച്ച കെ.ഇ. ഇസ്മായിലിന്റെ നിലപാടിനെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു ഈ മറുപടി.
സിപിഐയില്‍ ഒറ്റുകാരില്ല. പാര്‍ട്ടി സെക്രട്ടറിയടക്കം ഇതിനുള്ളില്‍ ആരെയും വിമര്‍ശിക്കാം. തിരുവായ്ക്ക് എതിര്‍വായില്ലാത്ത പാര്‍ട്ടിയല്ല ഇത്. പക്ഷേ, അത്തരം വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ അവസരമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍. ചന്ദ്രനും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു.
അതേസമയം സിപിഐ രാഷ്ട്രീയ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ എല്‍ഡിഎഫ് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ പെരുമാറ്റ രീതിയടക്കം വിമര്‍ശിക്കപ്പെട്ടു. കെ.പി. രാജേന്ദ്രനും സി. ദിവാകരനുമെതിരെയാണ് കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായത്. സി.കെ. ചന്ദ്രപ്പന് ഉയര്‍ത്തിയ അസ്തിത്വവാദത്തിന് പിന്ബലമേകിയാണ് പ്രതിനിധികള്‍ ഇന്നലെയും ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇടതുപക്ഷ ഐക്യത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ സിപിഐ അതിന്റെ പ്രഹരശേഷി വീണ്ടെടുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എം.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: