ആലപ്പുഴ: ചകിരി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ഇതിനായി കേരളത്തിലെ എംപിമാര്‍ ഒന്നിച്ച് ചേര്‍ന്ന് ആവശ്യപ്പെടണം. കയര്‍ കേരള 2012ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊണ്ട് സംഭരണം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശിനോട് താന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായിട്ടില്ല. എങ്കിലും രേഖാമൂലം ഈ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.
തൊണ്ട് സംഭരണത്തിന് പഞ്ചായത്തുകള്‍ക്ക് മുഖ്യ പങ്കുവഹിക്കാന്‍ കഴിയും. ഇതിനായി പഞ്ചായത്തുകള്‍ പദ്ധതി തയാറാക്കണം. കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ കൂട്ടായി പരിഹരിക്കണം. കയറ്റുമതിയോടൊപ്പം ആഭ്യന്തര വിപണിയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാരമ്പര്യ വ്യവസായങ്ങള്‍ ഒരിക്കലും നഷ്ടമാകില്ലെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കയര്‍ മേഖലയില്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ കൂടുതല്‍ കരുത്തോടെ നിലനില്ക്കാന് കഴിയും. ലോകത്തെമ്പാടും പ്രകൃതിദത്ത സാധനങ്ങളോട് ജനങ്ങള്‍ക്ക് താല്പര്യം കൂടി വരികയാണ്. ഇത് പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഗുണകരമാണ്. കയറിനും ഇത് ഗുണംചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കയര്‍ മേഖലയില്‍ സംതൃപ്തിയുടെ കാലം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍ മേഖലയിലെ കൂലിയും പെന്‍ഷനും വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. തൊണ്ട് സംഭരണത്തിനായിരിക്കും പ്രാധാന്യം നല്‍കുക. കയര്‍ മേള സ്ഥിരം സംവിധാനമാക്കുമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ എ.എം.ആരിഫ്, പി.സി.വിഷ്ണുനാഥ്, നഗരസഭാ ചെയര്പേഴ്സന് മേഴ്സി ഡയാന മാസിഡോ, കയര്‍ വികസന ഡയറക്ടര്‍ ഡോ.കെ.മദനന്, എം.കെ.അബ്ദുള്‍ ഗഫൂര്‍ഹാജി, ഫോംമാറ്റിങ്ങ്സ് ചെയര്മാന് സി.വേണുഗോപാലന്‍നായര്‍, കയര്‍ഫെഡ് പ്രസിഡന്റ് എസ്.എല്‍.സജികുമാര്‍, സുനില്‍ജോര്‍ജ്, വെള്ളിയാകുളം പരമേശ്വരന്, കെ.ആര്.രാജേന്ദ്രപ്രസാദ്, എ.കെ.രാജന്, ബാബു ജോര്‍ജ്, പി.ബിനു, ജേക്കബ് ഉമ്മന്‍, ബാബു വലിയവീടന്‍, മുക്കം ജോണി, വി.ജി.വിഷ്ണു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കയര്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും എന്‍സിആര്‍എംഐ ഡയറക്ടര്‍ കെ.ആര്.അനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: