കൊല്ലം: സിപിഎമ്മിന്റെ മതപ്രീണന നിലപാടുകളും താന്‍ പ്രമാണിത്തവും ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ തുരങ്കം വെച്ചുവെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സിപിഎം നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായത്. മുന്നണിയിലെ ഇതര ഘടകകക്ഷികള്‍ക്കെതിരെ സിപിഎം പുലര്‍ത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുന്ന റിപ്പോര്‍ട്ടില്‍ സിപിഎമ്മിന്റെ ബി ടീമാകാന്‍ തങ്ങളെ കിട്ടില്ലെന്ന വ്യക്തമായ പ്രഖ്യാപനവുമുണ്ട്.
അന്ത്യത്താഴ വിവാദത്തെപ്പറ്റിയും സിപിഎം സമ്മേളന നടത്തിപ്പിനെപ്പറ്റിയുമുള്ള സി.കെ. ചന്ദ്രപ്പന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളെ സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ട് കൂടുതല്‍ രൂക്ഷമാക്കിയേക്കുമെന്നാണ് സൂചന. ഇടതുമുന്നണിയിലെ ബന്ധങ്ങളില്‍ ഭിന്നതയുണ്ടെന്നും അതിനുകാരണം സിപിഎമ്മാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ഭൂരിപക്ഷവും സിപിഎമ്മിന് ശക്തമായ മറുപടി നല്‍കണമെന്ന വാദമാണുയര്‍ത്തിയത്. പാര്‍ട്ടി സെക്രട്ടറിയെ വ്യക്തിപരമായും അല്ലാതെയും കടന്നാക്രമിക്കാന്‍ തയാറായ സിപിഎം നേതാക്കള്‍ മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സി.കെ. ചന്ദ്രപ്പനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ രണ്ട് അഭിപ്രായമുണ്ടായതിനെ ചൊല്ലിയും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
സിപിഐ നിലപാട് തുറന്നു പറയുന്നതിന് സിപിഎമ്മിന്റെ അനുവാദം വേണ്ടെന്നും ചന്ദ്രപ്പന്റേത് ധീരമായ സമീപനമാണെന്നും പ്രതിനിധി സമ്മേളനം വിലയിരുത്തി. സിപിഎം സമ്മേളനം ഇവന്റ് മാനേജ്മെന്റ് പരിപാടിയാണെന്ന സിപിഐ സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മുതിര്‍ന്ന നേതാവ് വെളിയം ഭാര്‍ഗവനും കെ.ഇ. ഇസ്മയിലും നേരത്തെ രംഗത്തു വന്നിരുന്നു. സിപിഎമ്മിനോടുള്ള പ്രശ്നങ്ങളില്‍ ചന്ദ്രപ്പനെ പിന്തുണയ്ക്കേണ്ടവര് കാണിച്ച ഈ നിലപാടില്‍ ഒരു വിഭാഗം പ്രതിനിധികള്‍ അമര്‍ഷം പ്രകടിപ്പിച്ചു.
മുന്നണി എന്ന നിലയില്‍ മര്യാദ മറന്ന സിപിഎമ്മിനോട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും ചന്ദ്രപ്പനെതിരെ കോടിയേരി മുതല്‍ ഇ.പി. ജയരാജന് വരെയുള്ള സിപിഎം നേതാക്കള്‍ പ്രയോഗിച്ച ഭാഷ അതാണ് സൂചിപ്പിക്കുന്നതെന്നും ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
ഇന്നലെ പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞ സിപിഐ നേതാവ് കെ. പ്രകാശ്ബാബു, സി.കെ. ചന്ദ്രപ്പന് വയലാറിന്റെ വിപ്ലവവീര്യം സിരകളിലുള്ള നേതാവാണെന്ന് പറഞ്ഞപ്പോള്‍ അതിനെ പ്രതിനിധികള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ചന്ദ്രപ്പന് ഡാങ്കേയിസ്റ്റാണെന്നും ഒറ്റുകാരനാണെന്നും മറ്റുമുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകളുടെ മറുപടിയായിരുന്നു അത്. ചന്ദ്രപ്പന്റെ രക്തം പരിശോധിക്കാന്‍ ആരും മിനക്കെടേണ്ടെന്ന് സി. ദിവാകരനും ഇ.പി. ജയരാജന് വള്ളിനിക്കറിട്ട് നടക്കുന്ന കാലത്തേ ചന്ദ്രപ്പന് കമ്മ്യൂണിസ്റ്റാണെന്ന് കാനം രാജേന്ദ്രനും തിരിച്ചടിച്ചിരുന്നു.
ചന്ദ്രപ്പന് പറഞ്ഞത് സിപിഐ നിലപാട് തന്നെയാണെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പറഞ്ഞ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി. ബര്ദന് ഇന്നലെയും ചന്ദ്രപ്പന്റെ തുണയ്ക്കെത്തി. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് സി.കെ. ചന്ദ്രപ്പന് വയലാര്‍ സമരത്തിന്റെ തീച്ചൂളയില്‍ പിറന്നവനാണെന്ന് ബര്ദന് സിപിഎമ്മിനെ ഓര്‍മ്മിപ്പിച്ചത്. ഇടതുപക്ഷ ഐക്യത്തിന് വിഘാതമാകുന്ന തരത്തില്‍ ചെറിയ ചെറിയ കാര്യങ്ങളെ മഹാമേരുവായി പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ബര്ദന് സിപിഐ പ്രവര്‍ത്തകര്‍ സ്വയം അപകര്‍ഷതാബോധത്തില്‍ നിന്നും മോചിതരാകണമെന്ന് കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ അപവാദങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കായി വലിയ പങ്ക് വഹിച്ച നേതാക്കള്‍ക്കും പലപ്പോഴും തെറ്റുപറ്റിയിട്ടുണ്ട്. എസ്.എ. ഡാങ്കെയെയും ബി.ടി. രണദിവെയെയും വരെ തിരുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വയലാര്‍ സമരം ഉള്‍പ്പെടെയുളള വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയ പാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ് സി.കെ ചന്ദ്രപ്പനെന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നുമായിരുന്നു സിപിഎം നേതാക്കള്‍ക്ക് ബര്‍ദന്റെ മറുപടി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഭിന്നാഭിപ്രായമുളള ഒട്ടേറ കാര്യങ്ങളുണ്ടാകാം. എന്നാല്‍ യോജിച്ച് പ്രവര്‍ത്തിക്കാവുന്ന പതിനായിരം കാര്യങ്ങളെങ്കിലുമുണ്ട്. അത് ഉള്‍ക്കൊണ്ട് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഊന്നല്‍ നല്കി പ്രവര്‍ത്തനം നടത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാവണമെന്നും സിപിഐയില്‍ ഒരിക്കലും രണ്ട് തരം ചിന്താധാര ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുടെ സീറ്റുകള്‍ ഏകപക്ഷീയമായി ഏറ്റെടുത്ത സിപിഎം നിലപാടുകളോട് സിപിഐയുടെ പ്രതികരണം ദുര്‍ബലമായിപ്പോയെന്നും ഒരു വിഭാഗം പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജനതാദള്‍(എസ്)നെ മുന്നണിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയപ്പോഴും മറ്റ് ഘടകകക്ഷികള്‍ നിലനില്പ് തന്നെ പ്രതിസന്ധിയിലായപ്പോഴും സിപിഐ ചെയ്യേണ്ടതു ചെയ്യാതെ നില്‍ക്കുകയായിരുന്നു.
സിപിഎമ്മിന്റെ പിഡിപി ബന്ധം ഇടതു സാധ്യതകളെ പ്രതികൂലമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ സ്വീകരിച്ച മതപ്രീണനനയം ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കിയത്. മുന്‍പ് ചെറുതല്ലാത്ത മുന്നേറ്റം സൃഷ്ടിച്ച മുസ്ലീം മേഖലകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ കൈവിട്ടത് ഇതിന്റെ തെളിവാണെന്ന് സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എം.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: