കോഴിക്കോട്: 2009 ആഗസ്ത് 27ന് അര്‍ദ്ധരാത്രി പഞ്ചാബിലെ ജലാലാബാദിലെ അതിര്‍ത്തി രക്ഷാസേനാക്യാമ്പില് ടെറസില്‍ നിന്ന് വീണു മരിച്ചുവെന്ന് കരുതിയ ജവാന്റെ മരണം കൊലപാതകമാണെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി ബന്ധുക്കള്‍. ഒപ്പം പുറത്തുവരുന്നത് അതിര്‍ത്തി രക്ഷാസേനയിലെ ചില മുതിര്‍ന്ന ഓഫീസര്‍മാരുടെ വഴിവിട്ട ബന്ധങ്ങളും.
കൊയിലാണ്ടി താലൂക്കിലെ നടുവണ്ണൂര്‍ കോക്കരമീത്തല് ബൈജു ടെറസില്‍ നിന്ന് വീണു മരിച്ചുവെന്നായിരുന്നു അന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. വിവരം ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിച്ച ഭൗതികദേഹം ദഹിപ്പിക്കണമെന്ന് കൂടെവന്ന ഇന്‍സ്പെക്ടര്‍ ഭൂപാല്സിംഗ് ശഠിച്ചത് അമ്മ ദേവിയും ബന്ധുക്കളും ഓര്‍ക്കുന്നു. മരണത്തില്‍ സംശയിക്കനൊന്നുമില്ലെന്നും എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അന്വേഷണത്തിനും മറ്റുമായി വര്‍ഷങ്ങള്‍ പിടിക്കുമെന്നും അതുകൊണ്ട് കാര്യമൊന്നുമില്ലെന്നുമായിരുന്നു കൂടെവന്നവര്‍ അവതരിപ്പിച്ചത്. കൂടെവന്ന ബൈജുവിന്റെ സുഹൃത്തും ജവാനുമായ നാട്ടുകാരന് പ്രദീപ് കോട്ടൂരും ഇതുതന്നെ പറഞ്ഞപ്പോള്‍ മകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല.
ബൈജുവിന്റെ ബാക്കിയുള്ള സര്‍വീസ് കാലം പൂര്ണ്ണശമ്പളവും പെന്‍ഷനും ബന്ധുവിന് ജോലിയും ലഭിക്കുമെന്നായിരുന്നു അവര്‍ നല്കിയ വാഗ്ദാനം.
ബൈജുവിന്റെ പെട്ടെന്നുള്ള വേര്‍പാട് കുടുംബത്തെ ആകെ ഉലച്ചു. അച്ഛന് നാരായണന്‍നായര്‍ 2008ല്‍ മരണപ്പെട്ടിരുന്നു. ബൈജുവിന്റെ ഭാര്യ സീനയും പറക്കമുറ്റാത്ത മകന് നവലും അമ്മ ദേവിയും ബൈജുവിന്റെ ഓര്‍മ്മകളുമായി കഴിയവേയാണ് തങ്ങളുടെ പ്രിയപ്പെട്ടവന് മരണപ്പെട്ടതല്ലെന്നും അതൊരു കൊലപാതകമാണെന്നുമുള്ള വിവരം ഒരു കത്തിലൂടെ ലഭിക്കുന്നത്.
ബൈജുവിന്റെ സഹപ്രവര്‍ത്തകനാണ് ബൈജുവിന്റെ മരണം കൊലപാതകമാണെന്നും കൊലയാളികളുടെ പേരുകള്‍ സഹിതമുള്ള വിവരങ്ങളും കാരണവും കാണിച്ച് കത്തയച്ചത്. അടുത്തദിവസം വീട്ടിലേക്ക് വരാന്‍ തീരുമാനിച്ച ബൈജുവിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു. അതിന് സൂത്രധാരത്വം വഹിച്ചത് ക്യാമ്പ് ഓഫീസര്‍ എസ്.എസ്. സന്ധുവാണത്രെ. ബൈജുവിന് പ്രമോഷന് കേഡര്‍ നല്‍കാതെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു ക്യാമ്പ് ഓഫീസര്‍. പഞ്ചാബ് മുഖ്യമന്ത്രിയുടെ അടുത്ത ആളും പത്ത് വര്‍ഷമായി ക്യാമ്പ് ഓഫീസര്‍ തസ്തികയില്‍ ഒരേ സ്ഥലത്ത് ജോലിചെയ്യുന്ന ഇദ്ദേഹത്തിന് ഹെറോയിന്‍ കടത്താണ് മുഖ്യതൊഴില്‍. 2010 മാര്‍ച്ച് 18ന് ബിഎസ്എഫ് ജവാന് ഒരു കള്ളക്കടത്തുകാരനെ വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു.
ഇന്‍സ്പെക്ടര്‍ ഭൂപാല്സിംഗ്, എസ്ഐ ബച്ചന്‍സിംഗ്, എസ്ഐ മോഹന്‍ലാല്‍, അബോറിലെ ഡിഐജി ബിമല്സത്യാര്ത്ഥി എന്നിവര്‍ക്കെല്ലാം ഹെറോയിന്‍ കടത്തിനെകുറിച്ച് അറിയാമെന്നും കത്തില്‍ പറയുന്നു.
2011 മാര്‍ച്ചില്‍ ബി.ഒ.പി. എന്‍.എസ്.വാല പ്രദേശത്ത് നുഴഞ്ഞുകയറിയ ഒരു തീവ്രവാദിയെ സന്ധു സ്റ്റേഷനിലെത്തി മോചിപ്പിച്ചെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ പുറത്തുപറയുമെന്ന ഭീതിയിലാണ് ബൈജുവിനെ വകവരുത്തിയതത്രെ. ഡ്രൈവര്‍ കപില്ഠാക്കൂര്, അലക്സ്, സണ്ണി എംഎല്, രാജാ ബിപി, സുരേഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബൈജുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞതെന്നും ജീവനോടെ വീണതാണെങ്കില്‍ ഗാര്‍ഡിന്റെ ശ്രദ്ധയില്പ്പെടുമായിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ക്യാമ്പില്‍ അഞ്ചോളം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. പ്രദീപ് കോട്ടൂരിനും കൊലപാതകത്തില്‍ പങ്കാളിയായ മറ്റുള്ളവര്‍ക്കും വലിയതോതില്‍ സാമ്പത്തിക സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ബൈജുവിന്റെ മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രപ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണിക്കും കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നിവേദനം സമര്‍പ്പിച്ചു. ബൈജുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അതിര്‍ത്തി രക്ഷാസേനയില്‍ ഉണ്ടെന്ന് സൂചിപ്പിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കെ. രാജീവന്, കെ. ഗോവിന്ദക്കുറുപ്പ്, പി.കെ. ദിനേശന്, സി.എം. ഉണ്ണിനായര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: