കൊച്ചി: കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തില്‍ പാര്‍ട്ടി മന്ത്രി കെ.ബി.ഗണേഷ്കുമാറിന് രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഗണേഷ് ബോര്‍ഡ്- കോര്പ്പറേഷന് സ്ഥാനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയത്. പ്രിയദര്‍ശനെ ചലച്ചിത്ര അക്കാഡമി ചെയര്മാന് സ്ഥാനത്ത് നിയമിച്ചത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഗണേഷിനെതിരെ നടപടി എടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യം ഉന്നയിച്ചു. മന്ത്രിയെക്കൊണ്ട് സിനിമക്കാര്‍ക്ക് മാത്രമാണ് ഉപയോഗമുള്ളത്. ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബാലകൃഷ്ണപിള്ളയുടെ മകനായതുകൊണ്ട് മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗണേഷിനെ സഹിച്ചതെന്നും ഇനി ഇത് പറ്റില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിസ്ഥാനത്ത് നിന്ന് ഗണേഷ്കുമാറിനെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.
വിഎസിനെ ഇരുത്തി വിമര്‍ശിച്ചാല്‍ അദ്ദേഹം പോലും ഇറങ്ങിപോകില്ല. എന്നാല്‍ വയനാട് ജില്ലാ കമ്മറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗണേഷ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ആര്.ബാലകൃഷ്ണപിള്ള യോഗത്തില്‍ കുറ്റപ്പെടുത്തി.
യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് ഗണേഷ്കുമാര് പങ്കെടുത്തില്ല. എന്നാല്‍ ഗണേഷിനെ ഔദ്യോഗികമായി തന്നെ യോഗത്തിന് ക്ഷണിച്ചതാണെന്ന് ആര്.ബാലകൃഷ്ണപിള്ള പറഞ്ഞു. അതേസമയം, അസുഖമായതിനാലാണ് താന്‍ എറണാകുളത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഗണേഷ് കുമാറിന്റെ വിശദീകരണം.
അതേസമയം മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെയുള്ള അച്ചടക്കനടപടിയെക്കുറിച്ചു കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമെന്ന് ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള അറിയിച്ചു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനും യാതൊരുവിധ ശിപാര്‍ശകളുമായി മന്ത്രിയെ സമീപിക്കില്ലെന്നും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷം പിള്ള പറഞ്ഞു.
വനം വകുപ്പിന്റെ ചുമതല അദ്ദേഹത്തിനു ഭാരമാണെങ്കില്‍ തിരിച്ചേല്പിക്കാം. കഴിഞ്ഞ എട്ടു മാസമായി പാര്‍ട്ടിയുമായി ഗണേഷ്കുമാറിന് ഒരു ബന്ധവുമില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സര്‍ക്കാരില്‍ നിന്നു പാര്‍ട്ടി അണികള്‍ കടുത്ത അവഗണന നേരിടുകയാണ്. മന്ത്രിയെ ബഹിഷ്കരിച്ച വയനാട് ജില്ലാ കമ്മറ്റിയുടെ നിലപാടിനെ മറ്റു ജില്ലാ നേതാക്കളും അനുകൂലിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിനു രണ്ടു തവണ ഗണേഷിനു കത്തയച്ചിരുന്നതായും പിള്ള പറഞ്ഞു. നാലണ മെമ്പര്‍ഷിപ്പ് പോലും എടുക്കാതെ പാര്‍ട്ടിയില്‍ വന്നയാളാണ് ഗണേഷ്കുമാര്. അങ്ങനെയുള്ളയാളെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനാവില്ലേ എന്ന ചോദ്യത്തിനു അടക്കയെങ്കില് മടിയില്‍ വയ്ക്കാം, അടക്കാമരമായാല് അതാവില്ലല്ലോ എന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ മറുപടി. മുല്ലപ്പെരിയാര്‍ സമരത്തില്‍ മറ്റു കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഹകരിക്കും. പ്രശ്നത്തില്‍ ദേശീയ കക്ഷികള്‍ കപടനാടകം കളിക്കുകയാണെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ ജില്ലാ ക്യാമ്പുകള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രി ഗണേഷ്കുമാര് പങ്കെടുത്തില്ല.
ഇതിനിടെ, കൊച്ചിയില്‍ മന്ത്രി ഗണേഷ്കുമാറിന് അനുകൂലമായി പതിച്ചിരുന്ന പോസ്റ്ററുകള്‍ കേരള കോണ്‍ഗ്രസ്- ബി പ്രവര്‍ത്തകര്‍ മാറ്റി. പോസ്റ്റര്‍ ഒട്ടിച്ചതുമായി പാര്‍ട്ടി ജില്ലാ കമ്മറ്റിക്ക് ഒരു ബന്ധവുമില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ്-ബിയുടെ നിര്‍ണായക നേതൃയോഗം നടക്കാനിരിക്കേയാണ് നഗരത്തില്‍ ഗണേഷ്കുമാറിനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആര്. ബാലകൃഷ്ണപിള്ള താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുമ്പിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: