‘ഭാഗവതം എന്ന നാമധേയത്തില്‍ തന്നെ അറിയപ്പെടുന്ന മറ്റൊരു കൃതിയാണ് ഗര്‍ഗ്ഗസംഹിത അഥവാ ഗര്‍ഗ്ഗഭാഗവതം. രാധാകൃഷ്ണഭാഗവതം എന്നുകൂടി ഇതിന് പേരുണ്ട്. ശ്രീകൃഷ്ണന്റെയും, ബലരാമന്റെയും നാമകരണം നടത്തിയ ഋഷിവര്യനും, ജ്യോതിശാസ്ത്രപണ്ഡിതനുമായ ഗര്‍ഗ്ഗമുനിയാണ് ഇതിന്റെ പ്രണേതാവ്. വ്യാസവിരചിതങ്ങളായ ഗ്രന്ഥങ്ങളെ മാത്രമേ പുരാണമായി കണക്കാക്കാറുള്ളൂ എന്നതുകൊണ്ടായിരിക്കാം ഗര്‍ഗഭാഗവതത്തിന് പുരാണമെന്നസ്ഥാനം ലഭിക്കാതെ പോയത്. ശ്രീകൃഷ്ണചരിതം തന്നെയാണ് ഇതില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്. മറ്റ് പുരാണങ്ങളില്‍ കാണാത്ത പല വിശിഷ്ട കഥകളും ഇതിലൂടെ വായിച്ചറിയുവാന്‍ സാധിക്കുന്നു.
നൈമിശാരണ്യത്തിലെ ദീര്‍ഘസത്രത്തില്‍വച്ച് ഗര്‍ഗമുനി ശൗനകാദിമുനീന്ദ്രന്മാര്‍ക്ക് ശ്രീകൃഷ്ണചരിതം വിരച്ചുകൊടുക്കുന്ന വിധത്തിലാണ് ഇതിന്റെ രചന. പത്ത് ഖണ്ഡങ്ങളിലായി 12000 ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നത്. ഗോലോകഖണ്ഡം, ഗിരിജാഖണ്ഡം, വൃന്ദാവനഖണ്ഡം, മാധുര്യഖണ്ഡം, മഥുരാഖണ്ഡം, ദ്വാരകാഖണ്ഡം, വിശ്വജിത്ത്ഖണ്ഡം, ബലഭദ്രഖണ്ഡം, അശ്വമേധഖണ്ഡം എന്നിവരാണ് ഗര്‍ഗ്ഗഭാഗവതത്തിലെ പത്തു ഖണ്ഡങ്ങള്‍.
സര്‍വ്വലോകങ്ങള്‍ക്കും ഉപരിയായി സ്ഥിതിചെയ്യുന്ന ഗോലോകത്തില്‍ വസിക്കുന്ന രാധാകൃഷ്ണന്മാരുടെ മഹത്വവര്‍ണന, ശ്രീകൃഷ്ണാവതാരം, കംസന്റെ പൂര്‍വചരിത്രം തുടങ്ങിയവയാണ് ഗോലോകഖണ്ഡത്തില്‍ വര്‍ണിക്കുന്നത്. വൃന്ദാവനഖണ്ഡത്തില്‍ നന്ദഗോപരും, ഗോപന്മാരും വൃന്ദാവനത്തിലേക്ക് മാറിതാമസിക്കുന്നതും, ശംഖചൂഢനെ നിഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വരെ വിവരിച്ചിരിക്കുന്നു.
ഗോവര്‍ദ്ധനപര്‍വതത്തിന്റെ ഉത്പത്തി, ഗോവര്‍ദ്ധനോദ്ധാരണം തുടങ്ങിയ വസ്തുതകളാണ് ഗിരിരാജഖണ്ഡത്തില്‍ വിവരിക്കുന്നത്. ശ്രീകൃഷ്ണന്റെ രാസക്രീഡ തുടങ്ങിയ മാധുര്യഖണ്ഡത്തില്‍ വിവിരിച്ചിരിക്കുന്നു. കംസന്‍ ശ്രീകൃഷ്ണനെ വധിക്കാന്‍ ചില ഉപായങ്ങള്‍ ചിന്തിക്കുന്നതും അക്രൂരനെ ഗോകുലത്തിലേക്കയക്കുന്നതും മുതല്‍ മഥുരാമാഹാത്മ്യം വരെയുള്ള വസ്തുതകള്‍ അഞ്ചാമത്തേതുമായ മഥുരാഖണ്ഡത്തില്‍ വിവരിക്കുന്നു.
ജരാസന്ധന്റെ ആക്രമണം, ഭഗവാന്റെ വിവാഹം, പിണ്ഡാരകതീര്‍ത്ഥവര്‍ണന തുടങ്ങിയവ ദ്വാരകാഖണ്ഡത്തില്‍ വിവരിക്കുന്നു. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്റെ ചരിതമാണ് ഏഴാമത്തേതായ വിശ്വജിത്ത് ഖണ്ഡത്തില്‍ മുഖ്യമായും വിവരിക്കുന്നത്. ബലരാമന്റെ അവതാരരഹസ്യം, ബലരാമസഹസ്രനാമ സ്തോത്രം തുടങ്ങിയവ ബലഭദ്രഖണ്ഡത്തില്‍ വിവരിക്കുന്നു. ഒന്‍പതാമത്തേതായ വിജ്ഞാനഖണ്ഡത്തില്‍ ഹരിഭക്തിയുടെ മാഹാത്മ്യം, ജ്ഞാനത്തിന്റെ പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്നു.
അനിരുദ്ധപുത്രനായ വജ്രന്റെ അശ്വമേധമാണ് പത്താമത്തേതായ അശ്വമേധഖണ്ഡത്തില്‍ മുഖ്യമായും വിവരിക്കുന്നത്. മറ്റ് പുരാണങ്ങളില്‍ കാണാത്ത പല കഥകളും ഉപകഥകളും കാണപ്പെടുന്നു എന്നുള്ളതാണ് ഗര്‍ഗഭാഗവതത്തിന്റെ സവിശേഷത. കൂടാതെ രാധാകൃഷ്ണസങ്കല്‍പത്തെയും ഈ ഗ്രന്ഥം വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ഭക്തിരസം നിറഞ്ഞു കവിയുന്നതും, സാഹിത്യഭംഗികളെല്ലാം തികഞ്ഞതുമായ ഈ ഗ്രന്ഥം എന്തുകൊണ്ടും ഒരു പുരാണത്തിന്റെ സ്ഥാനം തന്നെ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക