തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴചിത്രത്തെ വികലമായി ചിത്രീകരിച്ചതുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. തിരുവനന്തപുരത്ത് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടുവെന്ന് അറിഞ്ഞ ഉടന്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട് അതു മാറ്റാന്‍ നടപടിയെടുത്തു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഇത് സിപിഎമ്മിനെ മനഃപൂര്‍വം കരതേച്ചു കാണിക്കാനുള്ള ശ്രമമാണ്. ഒരാഴ്ച മുമ്പാണ് വിവാദ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അരമണിക്കൂറിനകം സ്ഥലത്തെ സിപിഎം നേതാക്കള്‍ നേരിട്ടെത്തി ആ ബോര്‍ഡ് നീക്കം ചെയ്തതായും പിണറായി വിജയന് വിശദീകരിച്ചു. ആരും ആവശ്യപ്പെടാതെയാണ് സ്ഥലത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആ ബോര്‍ഡ് എടുത്തു മാറ്റിയത്. എന്നാല്‍ ബോര്‍ഡിന്റെ ഫോട്ടോ ചിലര്‍ എടുത്തിരുന്നു. ഈ ഫോട്ടോയാണ് ചില പത്രമാധ്യമങ്ങളില്‍ വന്നത്. ഇത് സംഭവത്തിനു പുറകില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. യേശുക്രിസ്തുവിനെയും ക്രൈസ്തവ മതമൂല്യങ്ങളെയും അപമാനിക്കണമെന്ന ഉദ്ദേശ്യം പാര്‍ട്ടിക്കില്ല. ബോര്‍ഡ് വച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങളെ സിപിഎമ്മിനെതിരെ തിരിക്കാനാണ് മുഖ്യമന്ത്രി പ്രശ്നം ഏറ്റുപിടിക്കുന്നതെന്നും പിണറായി വിജയന് ആരോപിച്ചു. സിപിഎമ്മും ക്രിസ്തീയ സഭകളുമായി നിലനിന്നിരുന്ന ബന്ധത്തില്‍ ആശ്വസിച്ചിരുന്നവരെ സമീപകാലത്തു നടന്ന സംഭവങ്ങള്‍ വേവലാതിപ്പെടുത്തുകയാണ്. അത്തരം വേവലാതി ഉള്ളതിനാലാണ് കോണ്‍ഗ്രസ് നേതൃത്വം ക്രിസ്തുവിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി വിവാദങ്ങളഴിച്ചുവിടുന്നത്. അന്ത്യ അത്താഴ ചിത്രം കലാകാരന്മാര് അവരുടെ ഭാവനയ്ക്ക് അനുസരിച്ചു മാറ്റിയതാകാം. സിപിഎമ്മിനെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്നും പിണറായി പറഞ്ഞു.
വിവാദ ബോര്‍ഡ് സ്ഥാപിച്ച ഗൂഢാലോചനയ്ക്കു പുറകിലുള്ളവരെ കണ്ടെത്താന്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പുത്തന്‍കട വിജയന് ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയതായി ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: