കണ്ണൂര്‍: ദേശീയബോധമുള്ള തൊഴിലാളികള്‍ക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു. ഭാരതീയ മസ്ദൂര്‍ സംഘ് കണ്ണൂര്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്തെ തൊഴിലാളികള്‍ വഞ്ചിക്കപ്പെടുകയാണ്. വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെ മാനസിക പിരിമുറുക്കം തൊഴില്‍ ചെയ്യുന്നതിലെ ആത്മാര്‍ത്ഥതക്ക് തടസ്സം സൃഷ്ടിക്കും.
അത്തരമൊരവസ്ഥ രാജ്യത്തെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. ഈ തിരിച്ചറിവ് ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണാധികാരി വര്ഗ്ഗത്തിനില്ലെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ തൊഴിലാളികളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ബിഎംഎസ് നേതൃത്വം നല്‍കും. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന എന്ന നിലക്ക് മറ്റ് കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും. ഇതിന്റെ മുന്നോടിയായുള്ള സമരമാണ് 28 ന് അഖിലേന്ത്യാ പണിമുടക്കെന്നും മുഴുവന്‍ തൊഴിലാളികളും ഈ പണിമുടക്കുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യത്തെ സമ്പത്ത് കുത്തകകളുടെ കൈകളില്‍ കുന്നുകൂടുകയാണ്. ഇതുമൂലം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.സജീവന്, പി.ബാലന് എന്നിവര്‍ സംസാരിച്ചു. കെ.പി.ജ്യോതിര്‍മനോജ് സ്വാഗതവും എം.ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: