ഈശ്വരഭക്തി വാണിജ്യവല്‍ക്കരിക്കപ്പെട്ട കാലമാണിത്. ആതുരശുശ്രൂഷ, ജനസേവനം, ആപത്തിലെ സഹായം തുടങ്ങിയ ത്യാഗപൂര്‍വ്വമായ പ്രവൃത്തികള്‍ക്കൊക്കെ പ്രതിഫലം ചോദിച്ചുവാങ്ങുന്നു. ഈശ്വരാരാധനയും പ്രതിഫലം ഉദ്ദേശിച്ച് ചെയ്യുന്നുണ്ട്. ക്ഷേത്രത്തോടനുബന്ധപ്പെട്ടതായാലും ഗാര്‍ഹികമായാലും മനഃശാന്തിക്കോ ദോഷപരിഹാരത്തിനോ വേണ്ടി ചെയ്യുന്നതൊക്കെ ഏത് പുരോഹിതനാണ് വേണ്ടത് എന്ന് ഒരു ജോത്സ്യനെക്കൊണ്ട് ഒഴിവുനോക്കിക്കുന്ന ആളോട് ജോത്യന്‍ പറയേണ്ടത് “മനസ്സില്‍ ഒരാളെ വിചാരിക്കൂ, അദ്ദേഹം മതിയോ എന്ന് നമുക്ക് നോക്കാം.” എന്നാണ്. പക്ഷേ, അടുത്തകാലത്തായി ജ്യോതിഷവും വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ജ്യോതിഷിതന്നെ നമ്മോട് ആളെ നിര്‍ദ്ദേശിക്കുന്നു. അദ്ദേഹം ഒരുപക്ഷേ, പ്രസിദ്ധനായ കര്‍മ്മിയായിരിക്കാം. പക്ഷേ, എപ്പോഴും ജ്യോത്സ്യന് ഇയാളുടെ പേരുതന്നെ പറയുമ്പോള്‍ ഇത് ജ്യോത്സ്യനും കര്‍മ്മിയും ഒരു കൂട്ടുകച്ചവടമായി കൊണ്ടുനടക്കുന്നുണ്ടെന്ന് സംശയിക്കാം.
കര്‍മ്മികളുടെ കാര്യത്തിലും ഈ ആചാരലോപം പ്രത്യക്ഷമാണ്. പണ്ടുകാലത്ത് ശുദ്ധാശുദ്ധങ്ങളുടെ കൂട്ടത്തില്‍ ഒരു യാത്രാശുദ്ധം ഉണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ പലരേയും സ്പര്‍ശിക്കുകയോ മറ്റുവിധത്തില്‍ പെരുമാറുകയോ ചെയ്യുന്നതുകൊണ്ട് അശുദ്ധിയുണ്ടെന്ന സങ്കല്പമാണ് യാത്രാശുദ്ധം. ക്ഷേത്രത്തിലെ ശാന്തിക്കാരനും ഇത് ബാധകമാണ്. ബസ്സിറങ്ങിവന്ന് ചെരിപ്പൂരിവച്ച് ഷര്‍ട്ട് ഊരി അയയില്‍ ഇട്ട് വെളുത്തമുണ്ടഴിച്ചുവച്ച്, മറ്റൊരു മുണ്ടെടുത്ത് ചുറ്റി നേരെ നടന്ന് സോപാനം കയറി മണിയടിച്ച് നടതുറക്കുന്ന ശാന്തിക്കാരാണ് ഭൂരിപക്ഷവും. ഇവിടെ ശരിയും തെറ്റും വേര്‍തിരിക്കാനല്ല ശ്രമം, ആചാരത്തില്‍ വന്ന വ്യത്യാസം കാണിക്കുകയാണ്. അങ്ങനെ ശമ്പലത്തിനോ പ്രതിഫലത്തിനോ വേണ്ടി മാത്രം ജോലിചെയ്യുന്ന ഒരു കര്‍മ്മിക്ക്, നാം പ്രതീക്ഷിക്കുന്ന പരിഹാരം ഉണ്ടാക്കിത്തരാന്‍ കഴിയുമോ എന്നകാര്യം സംശയമാണ്. അത്തരം ഒരു ശാന്തിക്കാരന്റെ ശാന്തിയാണ് സ്ഥരമായി ആ ക്ഷേത്രത്തിലെങ്കില്‍, ആ ക്ഷേത്രത്തിലെ ദേവന്റെയോ ദേവിയുടെയോ ചൈതന്യം കുറഞ്ഞുകുറഞ്ഞ്, തന്നെ ദര്‍ശിക്കാന്‍ വരുന്ന ഭക്തന്മാരെ അനുഗ്രഹിക്കാനോ തട്ട തട്ടകമായ ആ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മനശാന്തിയും ഐശ്വര്യവും പ്രദാനം ചെയ്യാനോ ആ ക്ഷേത്രത്തിലെ മൂര്‍ത്തിക്ക് കഴിയാതെ വരുന്നു. ഭക്തജനങ്ങള്‍ തങ്ങളുടെ വഴിപാടുകള്‍ പൂജാരിയോട് നിര്‍വഹിക്കാന്‍ പറയുമ്പോള്‍, പൂജാരി ഒരു മദ്ധ്യസ്ഥന്‍ മാത്രമേ ആകുന്നുള്ളൂ. ഗ്രഹദോഷപരിഹാരങ്ങളോ ഗൃഹദോഷ പരിഹാരങ്ങളോ ചെയ്യുമ്പോഴും അത് ചെയ്യാനുള്ള അര്‍ഹത പൂജാരിക്ക് ഉണ്ടായിരിക്കണം. വൈദികന് വേദവിത്ത് ആയിരിക്കണം. അറിഞ്ഞാല്‍ മാത്രം പോരാ, ആചരിക്കുകയും വേണം.
ആചാര്യന്റെ മഹത്വമോ, ഗുണസമൂഹമോ, ത്യാഗമനോഭാവമോ, അത്മാര്ത്ഥതയോ, വിജ്ഞാനമോ ഒന്നും തന്നെ നാം വിസ്മരിച്ചുകൂട. യജ്ഞത്തിലെ യജമാനന് തന്നെയാണ് പൂജാരിയായും കര്മ്മങ്ങളിലെ ആചാര്യനായും കണക്കാക്കപ്പെടുന്നത്. വളരെ ഭവ്യതയോടും ബഹുമാനത്തോടും വിശ്വാസത്തോടും കൂടി ആചാര്യനെ സമീപിച്ച്, വളരെ വിനീതനായി തന്റെ ആവശ്യമറിയിക്കണം. ഗൃഹപൂജാദി കര്‍മ്മങ്ങളില്‍ എന്തുദ്ദേശത്തോടെയാണ് പൂജ എന്നും, അങ്ങനെ ഒരാവശ്യം എന്തുകൊണ്ടാണെന്നും പുരോഹിതനെ പറഞ്ഞു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേത്രത്തിലാണെങ്കില്‍ പൂജാരിയോടും ഉദ്ദേശലക്ഷ്യങ്ങളും കാരണവും വിസ്തരിച്ച് പറയുകയും വേണം. എങ്കില്‍ മാത്രമേ തന്റെ സങ്കല്പത്തെ ശക്തിപ്പെടുത്താനും ദൃഢമാക്കാനും കഴിയൂ. പൂജാരിയുടെ ഏകാഗ്രതയാണ് പൂജയ്ക്ക് ഫലം നല്‍കുന്നത്.
– നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: