കൊച്ചി: കൊച്ചിനഗരത്തെയും വെല്ലിംഗ്ടണ്‍ ഐലന്‍ഡിനെയും ബന്ധിപ്പിക്കുന്ന വെണ്ടുരുത്തി വിക്രാന്ത് പാലം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നേവിയും മരാമത്തു വകുപ്പും പാലത്തിന്റെ കവാടത്തില്‍ വര്‍ണാഭമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചത്. നാടമുറിച്ച് പാലത്തില്‍ ഏതാനും അടികള്‍ നടന്ന ആന്റണി ശിലാഫലകവും അനാഛാദനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ ഒപ്പമുണ്ടായിരുന്നു.
കടാരി ബാഗില്‍ തുടര്‍ന്ന് നടന്ന ചടങ്ങില്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ പുതിയ പാലം നാഴികക്കല്ലാകുമെന്ന് ആന്റണി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തൊരുമിച്ചുളള ശ്രമങ്ങളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകണം. കേരളത്തിന്റെ ഏത് ദുര്‍ഘട സന്ധിയിലും സഹായം നല്കാന് ആര്‍മിയും നേവിയും എയര്‍ഫോഴ്സും ഉള്‍പ്പെടെയുളള സേനകളുടെ സഹായമുണ്ടാകും. പ്രതിരോധ സേനകള്ക്കാവശ്യമുണ്ടാകുമ്പോള് സംസ്ഥാനത്തിന്റെ സഹായം തിരിച്ചുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് വെണ്ടുരുത്തി പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോള്‍ അത് കൊച്ചി നഗരത്തിന് സൃഷ്ടിക്കാവുന്ന ബുദ്ധിമുട്ട് പരിഗണിച്ച് നടപടിക്രമങ്ങളില്‍ വിട്ടുവീഴ്ച ചെയ്താണ് പുതിയപാലം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായതെന്ന് അധ്യക്ഷതവഹിച്ച മുഖ്യമന്ത്രി ഉമ്മന്ചാണ്ടണ്ടി പറഞ്ഞു. കൊച്ചിയുടെ ഗതാഗതവികസനത്തില്‍ സുപ്രധാനമാണ് നാടിനു സമര്‍പ്പിക്കുന്ന വിക്രാന്ത്, ഇടപ്പളളി പാലങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തില്‍ വരാന്‍പോകുന്ന നാല് ഫ്ലൈ ഓവറുകളുടെ നിര്‍മാണത്തിന് പുതിയ കാഴ്ചപ്പാടോടെയുളള വികസന സമീപനം എല്ലാവരും കൈക്കൊളളണമെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.
37.50 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 12.50 കോടി രൂപ ദക്ഷിണ നാവിക കമാന്‍ഡ് നല്കി. കേരള റോഡ് ഫണ്ട് ബോര്‍ഡായിരുന്നു പാലത്തിന്റെ ഫണ്ടിംഗ് ഏജന്‍സി. 17 സ്പാനുകളുളള പാലത്തിന് 625 മീറ്റര്‍ നീളവും 7.50 മീറ്റര്‍ വീതിയുമുണ്ട്. 150 മീറ്റര്‍ വീതം ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതം സാധ്യമാകും. 2005-ല്‍ പഴയ പാലത്തിന്റെ തൂണില്‍ ഡ്രഡ്ജര്‍ ഇടിച്ചതോടെയാണ് പുതിയ പാലത്തിനായി നിര്‍മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ്, നാവികസേന, പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തത്.
പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, എക്സൈസ് തുറമുഖ മന്ത്രി കെ. ബാബു, മേയര്‍ ടോണി ചമ്മണി, പി. രാജീവ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ,് സെക്രട്ടറി മനോജ് ജോഷി, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി, കൊച്ചി കപ്പല്‍ശാല ചെയര്മാന് കമഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യന്, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, കൊച്ചി കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്, കൗണ്‍സിലര്‍മാരായ എന്‍. വേണുഗോപാല്‍, എലിസബത്ത് ടീച്ചര്‍, കേരള റോഡ് ഫ്ണ്ട് ബോര്‍ഡ് ചീഫ് പി.സി. ഹരികേഷ്, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ഹുമയൂണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: