തിരുവനന്തപുരം: നേരിയ ഭൂരിപക്ഷത്തിന് സംസ്ഥാന ഭരണം നയിക്കുന്ന കോണ്‍ഗ്രസ്സിലെ പോര് അനുദിനം ശക്തിപ്പെടുകയാണ്. ചില ജില്ലകളിലെ പ്രാദേശിക പ്രശ്നങ്ങള്‍ സംസ്ഥാന നേതാക്കള്‍ ഏറ്റെടുത്ത് പക്ഷംപിടിച്ചതോടെ പോരിന് വീറും വാശിയും കൂടിക്കൊണ്ടിരിക്കുന്നു. കണ്ണൂരില്‍ കെ.സുധാകരനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദം സംസ്ഥാന അതിര്‍ത്തികള്‍ പോലും ഭേദിച്ച് മുന്നേറുകയാണ്. രണ്ട് കേന്ദ്രമന്ത്രിമാര്കൂടി പക്ഷം ചേര്‍ന്നതോടെ തര്‍ക്കം പെട്ടെന്ന് കെട്ടടങ്ങില്ലെന്നുറപ്പായി. ഈ സാഹചര്യത്തില്‍ നാളെ കഴിഞ്ഞ് ചേരുന്ന കെപിസിസി ഭാരവാഹികളുടെ യോഗം ഗ്രൂപ്പുപോരിന്റെ വേദിയായി മാറുമെന്നാണ് പരക്കെ കരുതുന്നുത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ നിയമനങ്ങളാണ് പല ജില്ലകളിലെ നേതാക്കളും നോട്ടമിട്ടിരിക്കുന്നത്. അതിനുള്ള ‘കുളംകലക്കലാണ്’ പ്രധാനമായും മറ്റ് ജില്ലകളിലുയര്ന്ന വിവാദത്തിന് കാതല്‍.
കഴിഞ്ഞ റിപ്പബ്ലിക്ക്ദിനത്തില്‍ കണ്ണൂര്‍ എആര്‍ ക്യാമ്പിന് മുന്നില്‍ കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന് സ്ഥാപിച്ച ബോര്‍ഡാണ് വിവാദമായത്. മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പില്‍ നിര്‍മിക്കുന്ന നീന്തല്‍കുളത്തിന് എംപി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതിനാണ് സുധാകരന് അഭിവാദ്യം അര്‍പ്പി ച്ചത്. കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണിന്റെ നിര്‍ദേശ പ്രകാരം ഈ ബോര്‍ഡ് നീക്കം ചെയ്തു. അന്ന് വൈകുന്നേരം അവിടെ വീണ്ടും ബോര്‍ഡ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അസോസിയേഷന് ഭാരവാഹികളുള്‍പ്പെടെ ആറുപേരെ എസ്പി സസ്പെന്‍ഡ്ചെയ്തു. എസ്പിയുടെ നടപടി കണ്ണൂരിലെ സുധാകര അനുയായികളെ രോഷംകൊള്ളിച്ചു. അവര്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി ബോര്ഡുകളുയര്ത്തുകയും അതിലൊക്കെ രൂക്ഷമായ ഭാഷയില്‍ എസ്പിയെ വിമര്‍ശിക്കുകയുംചെയ്തു. ഒടുവില്‍ വലിയ പ്രതിഷേധ പ്രകടനവുമായിവന്ന് എസ്പി ഓഫീസിനുമുന്നില്‍ അനൂപ് കുരുവിള ജോണിന്റെ കോലം കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വയലാര്‍ രവി നടത്തിയ പരാമര്ശവുമായതോടെ സംഭവം ചൂടുപിടിച്ചു.
മുഖ്യമന്ത്രിയും രണ്ട് കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും ഒക്കെ പ്രശ്നത്തില്‍ ഇടപെട്ട് അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. വിവാദത്തിന് തിരികൊളുത്തിയ വയലാര്‍ രവി കലക്കവെള്ളത്തില്‍ കയ്യിട്ടുവാരാനാണ് ശ്രമിക്കുന്നത്. കെ.സുധാകരനെ ന്യായീകരിച്ചും എസ്പിയെ വിമര്‍ശിച്ചും വയലാര്‍ രവിയാണ് പ്രശ്നത്തെ സംസ്ഥാനതലത്തില്‍ കൊണ്ടുവന്നത്. അതേസമയം കഴിഞ്ഞദിവസം മുഖ്യമന്ത്രി എസ്പിയുടെ നടപടിയെ ന്യായീകരിച്ചു. കേന്ദ്രമന്ത്രി മുല്ലപ്പള്ളിയും എസ്പിയെ ന്യായീകരിച്ചപ്പോള്‍ കെ.സുധാകരന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, എസ്പി നല്ല പോലീസുദ്യോഗസ്ഥനാണെങ്കില് മുല്ലപ്പള്ളി അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് കൊണ്ടുപൊയ്ക്കോളാനും പറഞ്ഞിരിക്കുകയാണ്.
സിപിഎമ്മാണ് ഭരിക്കുന്നതെന്ന മട്ടിലാണ് ഇപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ കെപിസിസി നിര്‍വാഹകസമിതിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പ്രമുഖ നേതാക്കള്‍ ചേരിതിരിഞ്ഞുള്ള പ്രസ്താവനയുദ്ധം. പോലീസിനെ സംബന്ധിച്ചു പാര്‍ട്ടിയുടെ ഒരു നിര്‍ദേശവും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. 2005ല്‍ മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടിയുമായി കൈകോര്‍ത്തു മുന്നേറിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനാല്‍ കെപിസിസിയുടെപോലും ചില നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതായി പരാതിയുണ്ട്. പോലീസിന്റെ കാര്യത്തില്‍ മാത്രമല്ല, ഭരണത്തില്‍ത്തന്നെ പാര്‍ട്ടിക്കു പ്രാധാന്യമില്ലെന്നാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരാതി. മാസങ്ങള്‍ക്കുമുമ്പേ ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്തു നല്‍കിയിരുന്നു. എന്നിട്ടും പരിഹാരമുണ്ടാകാത്തതിനേത്തുടര്ന്നാണ് ഇപ്പോഴത്തെ വിവാദങ്ങള്‍.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയ കാരണമായി ചൂണ്ടിക്കാട്ടിയതും പാര്‍ട്ടിക്കു പോലീസ് ഭരണത്തില്‍ പ്രാധാന്യമില്ലെന്നതായിരുന്നു. ഈ പാപഭാരം ഏറ്റെടുത്ത് ആന്റണി ഭരണം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി എത്തിയ ഉമ്മന്‍ചാണ്ടി അന്നു കുറെയൊക്കെ പാര്‍ട്ടിയുമായി യോജിച്ചാണു ഭരണം നടത്തിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം അധികാരത്തിലെത്തുകയും പാര്‍ട്ടിയില്‍ ഗ്രൂപ്പിസം സജീവമാകുകയും ചെയ്തതോടെ ഉമ്മന്‍ചാണ്ടി നിലപാടു മാറ്റി. ഭരണം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. ഏതായാലും പോലീസിനെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും സിന്ദാബാദ് വിളിക്കാനുള്ള ഉപകരണമാക്കുന്ന ശൈലി കോണ്‍ഗ്രസ്സിന് തന്നെ തിരിച്ചടിയാകുമെന്നുറപ്പാണ്. കോണ്‍ഗ്രസ്സിനെക്കാള്‍ പോലീസിനെ ഉപയോഗിക്കാന്‍ കഴിയുന്നവരാണ് സിപിഎമ്മുകാര്‍. നേരത്തെ ടി.കെ.രാമകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് സ്വാഗതം ചെയ്തത് ഏറെ വിവാദമായതാണ്. അതിനെ ശക്തമായി എതിര്‍ത്ത കോണ്ഗ്രസ്സുകാര് പോലീസിനെക്കൊണ്ട് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് സ്ഥാപിക്കുന്നത് വടികൊടുത്ത് അടിവാങ്ങുന്നതിന് സമമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: