തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ സമവായശ്രമം പരാജയപ്പെട്ടു. നഗരത്തിലെ മാലിന്യം അല്പംപോലും വിളപ്പില്‍ശാലയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും വിളപ്പില്‍ശാല ചവര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടുകയല്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നു ജനകീയസമരസമിതി പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ ഒത്തുചേര്‍ന്ന പതിനാരിയക്കണക്കിന് വിളപ്പില്‍ശാല നിവാസികളുടെ മുമ്പാകെയായിരുന്നു പ്രഖ്യാപനം. മാലിന്യങ്ങള്‍ വിളപ്പില്ശാലയിലേയ്ക്കു കൊണ്ടുപോവാന്‍ ഒരുകരണവശാലും അനുവദിക്കില്ലെന്നു ജനകീയ സമരസമിതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കു നല്കിയ ഭീമഹരജിയില്‍ ചൂണ്ടിക്കാട്ടി. ബദല്‍ സംവിധാനമുണ്ടാവുംവരെ വിളപ്പില്‍ശാല പ്ലാന്റിലേയ്ക്കു മാലിന്യം കൊണ്ടുപോവാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ജനകീയ സമരസമിതി അഞ്ചുദിവസം സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളപ്പില്‍ശാല നിവാസികള്‍ സര്‍ക്കാരിനെ തങ്ങളുടെ നിലപാട് അറിയിക്കാനെത്തിയത്. രാവിലെ 10.30 ഓടെ പൗരസമിതികളുടെയും ജനകീയസമരസമിതികളുടെയും നേതൃത്വത്തിലുള്ള പതിനായിരങ്ങളാണ് വിളപ്പില്‍ശാല പ്രശ്നത്തില്‍ സെക്രട്ടേറിയറ്റിലേയ്ക്കു മാര്‍ച്ച് നടത്തിയത്. വിളപ്പില്‍ശാല മാലിന്യകേന്ദ്രം അടച്ചുപൂട്ടുമെന്ന ഡിസംബര്‍ 21 ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവിലൂടെ നടപ്പാക്കണമെന്ന് പ്രകടനത്തില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു.
പന്ത്രണ്ട് വര്‍ഷമായി വിളപ്പില്‍ശാല നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍നിന്നും മോചനം നല്‍കണം. അതിജീവനത്തിനായി സമരം ചെയ്യുന്നവരുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജനകീയ സമരസമിതി പ്രസിഡന്റ് ബുര്‍ഹാന്‍ പറഞ്ഞു. 12 മണിയോടെയാണ് ജനകീയ സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയ്ക്കു നിവേദനം നല്‍കാനായി എത്തിയത്. രാവിലെ 11 മണിയ്ക്കു മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് 12 മണിയോടെ നേതാക്കളില്‍ നാലുപേര്‍ക്ക് അനുവാദം നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ 50,000 പേര് ഒപ്പിട്ട ഭീമഹരജി മുഖ്യമന്ത്രിയ്ക്കു സമര്‍പ്പിച്ചു. നി്വദനം പരിശോധിച്ച് സര്‍ക്കാര്‍ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ഫാക്ടറി പൂട്ടുന്നതുസംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ല. പ്രശ്നം ഗൗരവമാണെന്ന് മുഖ്യമന്ത്രിയ്ക്കു ബോധ്യപ്പെട്ടു. ഫാക്ടറി പൂട്ടണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നാണ് മുഖ്യമന്ത്രിയുടെ സംസാരത്തില്‍നിന്നും മനസ്സിലാക്കാനായത്. പ്രശ്നപരിഹാരമുണ്ടാവാത്ത സാഹചര്യത്തില്‍ നിലവില്‍ നടത്തിവരുന്ന സമരം തുടരും. പോലിസ് സംരക്ഷണത്തോടെ മാലിന്യം വിളപ്പില്‍ശാലയില്‍ എത്തിക്കുകയാണെങ്കില്‍ തടയുമെന്നും നേതാക്കള്‍ അറിയിച്ചു. ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു. സമരത്തിന് സമരസമിതി പ്രസിഡന്റ് എസ്.ബുര്‍ഹാന്‍, സെക്രട്ടറി എല്‍.ബെനറ്റ്സണ്, അനില്‍, എം.പി.ശ്രീധരന്, ജി.ആര്.സുഭാഷ്, സോമശേഖരന്‍നായര്‍, ജി.വി.ഷൈജു, കെ.സദാശിവന്, ഭുവനചന്ദ്രന്, മോഹന്‍രാജ്, യോഹന്നാന്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടത്തിയ ധര്‍ണ രണ്ടുമണിക്കൂറോളം നീണ്ടു. സമരത്തെത്തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. എം ജി റോഡിലൂടെയെത്തിയ വാഹനങ്ങള്‍ സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു തിരിച്ചുവിട്ടു. ഇതുമൂലം നഗരം മുഴുവന്‍ ഗതാഗതക്കുരുക്കിലായി.
അടിയന്തിരമായി തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്റ്റര്‍ കെ.എന്‍. സതീഷ്. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും. ഇതുമായി ബന്ധപ്പെട്ട് മേയറുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും കലക്റ്റര്‍. മാലിന്യം റോഡില്‍ നിക്ഷേപിക്കുന്ന പ്രവണത തലസ്ഥാനത്താണ് കൂടുതല്‍ കണ്ടുവരുന്നത്. പൊതു നിരത്തില്‍ മാലിന്യം തള്ളരുതെന്ന് കോടതി വിധിയുണ്ടെങ്കിലും ഇവിടെ അത് പാലിക്കപ്പെടുന്നില്ല. അതിനെതിരെ ശക്തമായ നടപടിയെടുക്കും. മറ്റു ജില്ലകളിലെല്ലാം മാലിന്യ സംസ്ക്കരണത്തിനു മുന്‍പ് ഉറവിടത്തില്‍ തന്നെ പ്ലാസ്റ്റിക് നീക്കുന്നുണ്ട്. ഇവിടെ അതു ഫലപ്രദമാകുന്നില്ല. അതാണ് പ്രശ്നം വഷളാകാന്‍ പ്രധാനകാരണമെന്നും കലക്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: