ബ്രഹ്മചര്യമെന്നാല്‍ ഇന്ന് നമ്മള് ചിന്തിക്കുന്നതുപോലെ പുറമെ മാത്രമുള്ളതല്ല. കല്യാണം കഴിക്കാതിരിക്കുകയെന്നത് മാത്രമല്ല, ഓരോ ചുവടും ആ പരമത്ത്വം ലക്ഷ്യം വച്ചുള്ളതായിരിക്കണം. അതിന് വിപരീതമായ ഒരു ചിന്തപോലും പാടില്ല. അന്യരെ ദുഷിക്കാതിരിക്കുക, ആവശ്യമില്ലാത്തത് കേള്‍ക്കാതിരിക്കുക, ആവശ്യമില്ലാത്തത് കാണാതിരിക്കുക, അനാവശ്യമായി സംസാരിക്കാതിരിക്കുക, ഇതൊക്കെ ബ്രഹ്മചര്യത്തില്പ്പെട്ടതാണ്. നമ്മുടെ ഓരോ ചിന്തയും ഓരോ പ്രവര്‍ത്തിയും ശുദ്ധമായിരിക്കണം. എങ്കിലേ യഥാര്‍ത്ഥ ബ്രഹ്മചര്യമാകുന്നുള്ളൂ. ആദ്ധ്യാത്മികപാതയില്‍ ബ്രഹ്മചര്യം നിര്‍ബന്ധമായും വേണം.
ചിന്തകളുടെ തലത്തില്‍ നിയന്ത്രണം തുടക്കത്തില്‍ പ്രയാസമായിരിക്കും. അതിനാല്‍ ബാഹ്യമായി ബ്രഹ്മചര്യം അത്യാവശ്യമായും വേണ്ടതാണ്. ബ്രഹ്മചര്യം പാലിച്ചില്ലെങ്കില്‍ സാധനയിലൂടെ നേടിയ ശക്തി മുഴുവന്‍ നഷ്ടമാവുകയേ ഉള്ളൂ. ബലാല് പിടിച്ചുനിര്‍ത്തണമെന്ന് പറയുന്നില്ല. ലക്ഷ്യബോധമുള്ളവര്‍ക്ക് ഈ നിയന്ത്രണം അത്ര പ്രയാസമുള്ള കാര്യമല്ല. പേര്‍ഷ്യയിലും മറ്റും ജോലിക്ക് പോകുമ്പോള്‍ എത്രവര്‍ഷം കഴിഞ്ഞാണ് തിരിച്ചുവരുന്നത്! അത്രയും കാലം ഭാര്യയെയും മക്കളെയും അകന്നുനില്ക്കന്നില്ലേ? ജോലിയെക്കുറിച്ചോര്ക്കുമ്പോല് ഭാര്യയും കുട്ടികളും നാടും ഒന്നും ഒരു പ്രശ്നമല്ലാതാകുന്നു. അതുപോലെ സാക്ഷാത്കാരം എന്ന ലക്ഷ്യം മാത്രമുള്ളവനില് ആ ഒരൊറ്റ ചിന്തമാത്രമേയുള്ളൂ. മറ്റുള്ള ചിന്തകളെല്ലാം അസ്തമിക്കും. പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ല.
ബാഹ്യതയിലാണ് സുഖമെന്ന് കരുതുന്നതുമൂലം, അതിനുവേണ്ടി യത്നിച്ചു തന്നിലുള്ള ഊര്‍ജ്ജം മുഴുവന്‍ നഷ്ടപ്പെടുത്തുന്നു. അതിനാല്‍ സ്വയം മനനം ചെയ്ത് തത്വങ്ങള്‍ മനസ്സിലാക്കണം. ഈശ്വരപ്രേമത്തിലൂടെയും ഏകാഗ്രമായ തപസിലൂടെയും ശക്തി സംഭരിക്കണം. ആനന്ദം വേറൊരു വസ്തുവിലാണെന്ന് കരുതുന്നതിലൂടെ സ്വന്തം ഊര്‍ജ്ജമാണ് നഷ്ടമാകുന്നതെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമല്ല. ചില ചെടികളുണ്ട്, കൂടുതല്‍ ഇലകളായതിനാല്‍ കായ്കളുണ്ടാകില്ല. അതിന്റെ പുറമെയുള്ള ഇലച്ചില് കോതിക്കളയണം. അപ്പോള്‍ മാത്രമേ അത് പൂവിടുകയുള്ളൂ. കായ്ക്കുകയുള്ളൂ, നിറയെ ഫലങ്ങള്‍ കിട്ടുകയുള്ളൂ. അതുപോലെ ബാഹ്യസുഖത്തില് ഭ്രമിച്ചുപോയാല് ആന്തരിക സത്തയെ കണ്ടെത്താന്‍ കഴിയില്ല.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: